ADVERTISEMENT

ന്യൂഡൽഹി ∙ നിയമസഭ തിരഞ്ഞെടുപ്പ് നടന്ന ഗോവയിൽ 79 ശതമാനവും ഉത്തരാഖണ്ഡിൽ 62 ശതമാനവും വോട്ട് രേഖപ്പെടുത്തിയതായി പ്രാഥമിക കണക്ക്. രണ്ടാംഘട്ട വോട്ടെടുപ്പ് നടന്ന പശ്ചിമ യുപിയിൽ 61 ശതമാനമാണ് പോളിങ്. ബിജെപിക്ക് മികച്ച ഭൂരിപക്ഷം ലഭിക്കുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമിയും ഗോവ മുഖ്യമന്ത്രി പ്രമോദ് സാവന്തും പറഞ്ഞു. ഇരു സംസ്ഥാനങ്ങളിലും ഭരണത്തിലേക്ക് തിരിച്ചെത്തുമെന്നായിരുന്നു കോൺഗ്രസ് പ്രതികരണം.

70 മണ്ഡലങ്ങളുള്ള ഉത്തരാഖണ്ഡിലും 40 മണ്ഡലങ്ങളുള്ള ഗോവയിലും ഒറ്റ ഘട്ടമായിരുന്നു വോട്ടെടുപ്പ്. ഉത്തരാഖണ്ഡിൽ 632, ഗോവയിൽ 301 സ്ഥാനാർഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. പശ്ചിമ യുപിയിലെ 9 ജില്ലകളിലെ 55 മണ്ഡലങ്ങളിൽ നിന്നായി 584 സ്ഥാനാർഥികളും ജനവിധി തേടി. ഗോവ ഗവർണർ പി.എസ്.ശ്രീധരൻപിള്ള, മുഖ്യമന്ത്രി പ്രമോദ് സാവന്ത്, സ്വതന്ത്ര സ്ഥാനാർഥി ഉത്പൽ പരീക്കർ, പ്രതിപക്ഷ നേതാവ് ദിഗംബർ കാമത്ത്, എഎപി മുഖ്യമന്ത്രി സ്ഥാനാർഥി അമിത് പലേക്കർ ഉൾപ്പെടെയുള്ളവർ ആദ്യ മണിക്കൂറുകളിൽ വോട്ട് രേഖപ്പെടുത്തി.

ഉത്തരാഖണ്ഡിൽ അറുപതിലധികം സീറ്റുകൾ നേടുമെന്ന് മുഖ്യമന്ത്രി പുഷ്കർ സിങ് ധാമി വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിച്ചു. ഉത്തരാഖണ്ഡിൽ മുഖ്യമന്ത്രിയും ബിജെപിയും പണം നൽകി വോട്ട് വാങ്ങുന്നു എന്ന് ആരോപിച്ച് കോൺഗ്രസ് തിരഞ്ഞെടുപ്പ് കമ്മിഷന് പരാതി നൽകി. ഗോവയിലും ഉത്തരാഖണ്ഡിലും ഭരണവിരുദ്ധ വികാരം ശക്തമാണെന്നും ജനം മാറ്റം ആഗ്രഹിക്കുന്നു എന്നും കോൺഗ്രസ് നേതാക്കൾ പറഞ്ഞു.

ഉത്തർപ്രദേശിൽ കേന്ദ്രമന്ത്രി മുക്താർ അബ്ബാസ് നഖ്‌വി, മന്ത്രിമാരായ സത്പാൽ മഹാരാജ്, ജിതിൻ പ്രസാദ എന്നിവരും വോട്ട് ചെയ്തു. കർഷക - ന്യൂനപക്ഷ മേഖലകളാണ് രണ്ടാം ഘട്ടത്തിലുള്ളത് എന്നതിനാൽ ആത്മവിശ്വാസത്തിലാണ് എസ്പി- ആർഎൽഡി സഖ്യം.

English Summary: Uttarakhand and Goa Record Decent Turnout in Polling

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com