ADVERTISEMENT

തിരുവനന്തപുരം∙ കെഎസ്ഇബി ചെയര്‍മാന്‍റെ ഫെയ്സ്ബുക് പോസ്റ്റ് തന്‍റെ അറിവോടെയല്ലെന്ന് വൈദ്യുതി മന്ത്രി കെ. കൃഷ്ണൻകുട്ടി. മുന്‍ മന്ത്രി എം.എം. മണിയുടെ ആരോപണവും മന്ത്രി നിഷേധിച്ചു. ചെയര്‍മാന്‍ ബി.അശോകിനോട് വിശദീകരണം ചോദിച്ചിട്ടുണ്ട്. ഇടതുസര്‍ക്കാരിനെ വിമര്‍ശിച്ചിട്ടില്ലെന്ന് അശോക് പറഞ്ഞു. മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടല്ല താന്‍ തിരുവനന്തപുരത്തേക്ക് വന്നതെന്നും കെ.കൃഷ്ണൻകുട്ടി വ്യക്തമാക്കി. ജീവനക്കാരുടെ ശമ്പളം കൂട്ടിയത് ധനകാര്യവകുപ്പിന്റെ അനുമതിയില്ലാതെയാണ്. ഇതേക്കുറിച്ച് ഊര്‍ജവകുപ്പ് സെക്രട്ടറിയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. മൂന്നാര്‍ ഹൈഡല്‍ ടൂറിസത്തിനു നല്‍കിയ ഭൂമി പലരുടെയും കൈവശമാണെന്നും മന്ത്രി പറഞ്ഞു.

അതേസമയം,  കെഎസ്ഇബിയില്‍ സമരം ചെയ്യുന്ന ഇടത് യൂണിയനുകളുടെ അഴിമതികള്‍ അക്കമിട്ട് നിരത്തി ചെയർമാൻ ബി.അശോക് വിമർശിച്ചതിൽ പ്രതികരണവുമായി മുൻ വൈദ്യുതി മന്ത്രി എം.എം.മണി രംഗത്തെത്തി. തന്റെ കാലത്ത് എല്ലാം നിയമപരമായാണ് നടന്നത്. ഇപ്പോൾ വൈദ്യുതി ഭവനിൽ പൊലീസിനെ കയറ്റേണ്ട അവസ്ഥയായി. ഇപ്പോഴത്തെ വൈദ്യുതി മന്ത്രി കെ.കൃഷ്ണൻകുട്ടിയുടെ അറിവോടെയാണോ ചെയർമാന്റെ പ്രതികരണമെന്ന് അറിയേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.

‘കഴിഞ്ഞ സർക്കാരിന്റെ കാലത്ത് കെഎസ്ഇബിക്ക് കോടികളുടെ ബാധ്യതയുണ്ടാക്കിയെന്ന ചെയർമാന്റെ ആരോപണം എന്തടിസ്ഥാനത്തിലാണ്?. വൈദ്യുതി മന്ത്രി അറിഞ്ഞാണോ അങ്ങനെ പറഞ്ഞത്? അതോ മന്ത്രിക്ക് പറയാനുള്ളത് ചെയർമാനെകൊണ്ട് പറയിപ്പിച്ചതാണോ?. മുഖ്യമന്ത്രിയുമായി കൂടിയാലോചിച്ച് ഇക്കാര്യത്തിൽ പ്രതികരണം നടത്താം. അല്ലാതെ പറഞ്ഞതിനെല്ലാം ഇപ്പോൾ മറുപടി പറയാനില്ല’

താൻ മന്ത്രിയായിരിക്കെ വൈദ്യുതി ബോർഡിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച പ്രവർത്തനം നടത്തി. വൈദ്യുതി ഉൽപാദനം ഉയർത്തി. ഇടത് മന്ത്രിമാരിൽ സാമാന്യം ഭേദപ്പെട്ട നിലയിൽ പ്രവർത്തിച്ചു. നാലര വർഷമാണ് താൻ മന്ത്രിയായിരുന്നത്. അത് കെഎസ്ഇബിയുടെ സുവർണകാലമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സര്‍ക്കാര്‍ അറിയാതെ നൂറുകണക്കിന് ഏക്കര്‍ ഒരു സിഇഒ വാണിജ്യ പാട്ടത്തിന് നല്‍കിയെന്നും ‘ഒപ്പിടെടാ’ എന്ന് ഒരു ചീഫ് എന്‍ജിനീയറെ ഭീഷണിപ്പെടുത്തിയെന്നും അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ സ്ഥിരമായി ഔദ്യോഗിക വാഹനം ദുരുപയോഗിച്ചുവെന്നും കെഎസ്ഇബി ചെയർമാൻ ഉന്നയിച്ചിരുന്നു. കെഎസ്ഇബിയുടെ ഫെയ്സ്ബുക് പേജിലൂടെയാണ് അദ്ദേഹം വിമർശനം ഉന്നയിച്ചത്. 

English Summary: Minister K Krishnankutty reacts on KSEB controversies

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com