ADVERTISEMENT

തൊടുപുഴ ∙ സ്വർണക്കടത്തു കേസിലെ പ്രതി സ്വപ്ന സുരേഷിനെ ഡയറക്ടറായി നിയമിച്ച നടപടിയിൽ സന്നദ്ധസംഘടനയായ ഹൈറേഞ്ച് റൂറൽ ഡവലപ്മെന്റ് സൊസൈറ്റി ഇന്ത്യയിൽ (എച്ച്ആർഡിഎസ്) ഭിന്നത. സ്വപ്നയുടെ നിയമനം റദ്ദാക്കിയിട്ടില്ലെന്നും  എച്ച്ആർഡിഎസ് ഡയറക്ടറായി സ്വപ്ന തുടരുമെന്നും പ്രൊജക്റ്റ് ഡയറക്ടര്‍ ബിജു കൃഷ്ണന്‍ വ്യക്തമാക്കി. 

സ്വപ്നയ്ക്കു ജോലി നൽകിയത് നിയമവിരുദ്ധമായാണെന്നും തനിക്കോ ബോർഡിനോ ഇതിൽ പങ്കില്ലെന്നും എച്ച്ആർഡിഎസ് കോർപറേറ്റ് സോഷ്യൽ റെസ്പോൺസിബിലിറ്റി ചെയർമാനും ബിജെപി നേതാവുമായ എസ്.കൃഷ്ണകുമാറിന്റെ പ്രസ്താവനെയെ പ്രൊജക്റ്റ് ഡയറക്ടര്‍ തള്ളി. കൃഷ്ണകുമാറിനെ ചെയര്‍മാന്‍ സ്ഥാനത്തുനിന്ന് ആറ് മാസം മുന്‍പ് പുറത്താക്കിയതാണ്. സംഘടനയുടെ ഭാരവാഹി അല്ലാത്ത ഒരാൾക്ക് സ്വപ്നയെ പുറത്താക്കിയതായി അവകാശപ്പെടാന്‍ കഴിയില്ലെന്നും ബിജു മനോരമ ന്യൂസിനോട് പറഞ്ഞു. കൃഷ്ണകുമാറിന്റേത് വൃദ്ധമനസ്സിന്റെ ജല്‍പനമാണെന്നും ബിജു പറഞ്ഞു. 

മലയാളികളടക്കമുള്ള ആർഎസ്എസ്, ബിജെപി നേതാക്കളാണ് സംഘടനയുടെ പല പ്രധാന പദവികളും വഹിക്കുന്നത്. നിയമവിരുദ്ധമായി ജോലി നൽകിയത് എച്ച്ആർഡിഎസ് സെക്രട്ടറി അജി കൃഷ്ണനാണെന്നും നിയമനത്തിന് ബോർഡിന്റെയോ ചെയർമാന്റെയോ അംഗീകാരം നേടിയിട്ടില്ലെന്നും കൃഷ്ണകുമാർ പറഞ്ഞിരുന്നു. താനുൾപ്പെടെയുള്ള ബോർഡ് ഓഫ് ഡയറക്ടേഴ്സിനെ മാറ്റി ‘ഡമ്മി’ ബോർഡിന്റെ വിവരങ്ങൾ അജി കൃഷ്ണൻ എച്ച്ആർഡിഎസ് വെബ്സൈറ്റിൽ ഉൾപ്പെടുത്തിയതായും അദ്ദേഹം ആരോപിച്ചു.

അജി കൃഷ്ണന്റെ അനധികൃതമായ പ്രവർത്തനങ്ങൾക്കെതിരെ കേരള റജിസ്ട്രാർ ഓഫ് സൊസൈറ്റീസിനു പരാതി നൽകിയിട്ടുണ്ട്. ഇതിന്റെ പകർപ്പ് മുഖ്യമന്ത്രി, ചീഫ് സെക്രട്ടറി, സംസ്ഥാന പൊലീസ് മേധാവി, പാലക്കാട് കലക്ടർ എന്നിവർക്കും അയച്ചിട്ടുണ്ടെന്ന് കൃഷ്ണകുമാർ പറഞ്ഞു. അജി കൃഷ്ണൻ, ജോയി മാത്യു എന്നിവർ സൊസൈറ്റിയുടെ നിയന്ത്രണം പിടിച്ചെടുത്തെന്നും ഫണ്ട് നിയമവിരുദ്ധമായ കാര്യങ്ങൾക്കാണ് ചെലവിടുന്നതെന്നും അദ്ദേഹം ആരോപിച്ചു. പ്രതിമാസം 43,000 രൂപ ശമ്പളത്തിലാണ് സ്വപ്നയുടെ നിയമനം.

English Summary: Appointment of Swapna Suresh in RSS backed NGO sparks controversy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com