ADVERTISEMENT

പാലക്കാട്∙ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി(ഐഐടി), ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സയൻസ് എജ്യുക്കേഷൻ ആൻഡ് റിസർച്ച് (ഐസർ) തുടങ്ങി രാജ്യത്തെ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ മാതൃഭാഷയിൽ എൻജിനീയറിങ് പഠനത്തിന് അവസരമൊരുക്കാൻ കേന്ദ്രസർക്കാർ നിർദ്ദേശിച്ച് രണ്ടുവർഷമായിട്ടും അതിന് പ്രാഥമിക ഒരുക്കം പോലും നടത്താതെ കേരളം.

സംസ്ഥാന സാങ്കേതിക സർവകലാശാലകളിൽപോലും ഇതിനായി കാര്യമായ ചർച്ച നടത്തിയിട്ടില്ല. ഐഐടികളുടെ ദേശീയ കൗൺസിലിൽ ഈ വിഷയം നേരത്തേ ചർച്ച ചെയ്തെങ്കിലും സ്ഥാപനത്തിന്റെ വിപുലമായ സംവിധാനത്തിലും ഘടനയിലും മാതൃഭാഷയിലുളള എൻജിനീയറിങ് പഠനം നടപ്പാക്കാൻ വലിയ കടമ്പകൾ കടക്കണമെന്നായിരുന്നു വിലയിരുത്തൽ. കേന്ദ്രനിർദ്ദേശം സ്വാഗതം ചെയ്തതിനൊപ്പം അതിന്റെ സാധ്യതകൾ സ്വയം പരിശോധിക്കാൻ കൗൺസിൽ അതത് സ്ഥാപനങ്ങൾക്ക് സ്വാതന്ത്ര്യം നൽകിയിട്ടുണ്ട്. 

എൻജിനീയറിങ് പഠനം മാതൃഭാഷയിൽ നടത്തേണ്ടതുണ്ടോ എന്നതു സംബന്ധിച്ച് എഐസിടിഇ അംഗീകൃതമായ കോളജുകളിലെ 83,000 ത്തോളം വിദ്യാർഥികളിൽ 2021 ൽ സർവേ നടത്തിയിരുന്നു. ഇതിൽ 43.79 % പേരും എൻജിനീയറിങ് പഠനം മാതൃഭാഷയിലാക്കണമെന്നാണ് അഭിപ്രായപ്പെട്ടത്. ഹിന്ദി, തമിഴ് ഭാഷകളിലുള്ള വിദ്യാർഥികളായിരുന്നു പിന്തുണ നൽകിയവരിൽ ഏറെയും (തമിഴ് – 12,487 പേർ, ഹിന്ദി – 7,818, തെലുങ്ക് – 39991, മറാഠി – 3226 എന്നിങ്ങനെ). 

ഭാഷാ മാറ്റത്തിലുണ്ട് ‘സാങ്കേതിക’ പ്രശ്നങ്ങൾ

എൻജിനീയറിങ് വിഷയത്തിൽ മാതൃഭാഷയിൽ പഠനസാമഗ്രി തയാറാക്കൽ, ഭാഷയുടെ പ്രശ്നം പരിഹരിക്കൽ, യോഗ്യതയുളള ഫാക്കൽറ്റികളെ കണ്ടെത്തൽ തുടങ്ങി സങ്കീർണമായ നിരവധി കാര്യങ്ങളിൽ തീരുമാനമുണ്ടാകേണ്ടതുണ്ടെന്നു പാലക്കാട് ഐഐടി ഡയറക്ടർ പ്രഫ. പി.ബി.സുനിൽകുമാർ പറഞ്ഞു. 

iit-madras
ഐഐടി മദ്രാസ്.

വിഷയത്തിന്റെ സ്വഭാവമനുസരിച്ച് ധൃതിപിടിച്ച് ആരംഭിക്കാവുന്ന ഒന്നല്ല മാതൃഭാഷയിലുളള എൻജിനീയറിങ് പഠനം. ഐഐടികളിൽ ദേശീയ തലത്തിലാണ് നിലവിൽ ഫാക്കൽറ്റികളെ നിയമിക്കുന്നത്. ഇതേ രീതിയിലാണ് വിദ്യാർഥികളുടെ പ്രവേശനപരീക്ഷയും പ്രവേശനവും. നിരന്തര ചർച്ചയും പഠനവും ആഴത്തിലുളള പരിശോധനയും പ്രായോഗികതയും പരിഗണിച്ചുവേണം വിഷയത്തിൽ നീക്കങ്ങളെന്നാണ് ഐഐടി മേഖലയിലെ  വിദഗ്ധരുടെ വിലയിരുത്തലും നിർദ്ദേശവും.

പരമ്പരാഗതമായി ഇംഗ്ലിഷിൽ പഠിക്കുകയും പ്രയോഗിക്കുകയും ചെയ്യുന്ന വിഷയം മാതൃഭാഷയിലേക്കു മാറ്റുന്നതിന്റെ സങ്കീർണതയും സാങ്കേതിക പ്രശ്നങ്ങളും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നുണ്ട്. എൻജിനിയറിങിൽ നിരവധി പരീക്ഷകളമുണ്ട്. മലയാളികളുടെ നിലവിലുളള രീതിവച്ച് മാതൃഭാഷയിൽ എൻജിനീയറിങ് പഠനം നടത്താൻ എത്രപേർ മുന്നോട്ടുവരുമെന്ന ആശങ്ക പങ്കുവയ്ക്കുന്നവരും കേരളത്തിൽ കുറവല്ല.  

കേന്ദ്രാനുമതി ലഭിച്ചത് 11 ഭാഷയ്ക്ക്

ഭരണഘടനയുടെ എട്ടാം പട്ടികയിൽ ഉൾപ്പെട്ട 11 ഭാഷകളിൽ എൻജിനീയറിങ് പഠനം ആരംഭിക്കാനാണ് 2020 ൽ കേന്ദ്രസർക്കാർ പ്രഖ്യാപനം നടത്തിയത്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സംസ്ഥാനങ്ങൾക്കും സ്ഥാപനങ്ങൾക്കും വിഷയത്തിൽ നടപടിയെടുക്കാനും സ്വാതന്ത്ര്യം നൽകി. പിന്നാലെ  തമിഴ്, കന്നട, തെലുങ്ക്, മലയാളം, ഹിന്ദി, ഗുജറാത്തി, മറാഠി, പഞ്ചാബി, ഒഡിയ, ബംഗാളി, അസമീസ് ഭാഷകളിൽ പരീക്ഷണാടിസ്ഥാനത്തിൽ ഒരു ബാച്ച് എൻജിനീയറിങ് പഠനമെങ്കിലും തുടങ്ങണമെന്ന് ഓൾ ഇന്ത്യ കൗൺസിൽ ഫോർ ടെക്നിക്കൽ എജ്യൂക്കേഷൻ( എഐസിടിഇ) നിർദ്ദേശവും നൽകി.

education
പ്രതീകാത്മക ചിത്രം.

പ്രഖ്യാപനം കേട്ടയുടൻ കേരളത്തിൽ  പ്രസ്താവനകളും ആലോചനകളും പതിവുപോലെ ഉണ്ടായെങ്കിലും പിന്നീടൊന്നും സംഭവിച്ചില്ല.  ഈ അക്കാദമിക് വർഷത്തിൽ  എട്ടു സംസ്ഥാനങ്ങൾ മാതൃഭാഷയിൽ എൻജിനീയറിങ് ബിടെക് പഠനത്തിന് തുടക്കമിട്ടുകഴിഞ്ഞു. ഹിന്ദി, മറാഠി, തമിഴ്, തെലുങ്ക്, ബംഗാളി, കന്നഡ ഭാഷകളിലാണ് ഈ സൗകര്യം. ഔദ്യോഗിക കണക്കനുസരിച്ച് ഹിന്ദിയിലാണ് കൂടുതൽ പേർ ബിടെക് എൻജിനീയറിങ് പഠനം നടത്തുന്നത്. മറ്റുചില സംസ്ഥാനങ്ങൾ എൻജിനീയറിങ് പുസ്തകങ്ങൾ മാതൃഭാഷയിലേക്ക് വിവർത്തനം ചെയ്ത് എഐസിടിഇക്ക് പരിശോധനയ്ക്കു നൽകിയെന്നാണു വിവരം.

അതേസമയം കേരളത്തിലെ ഉന്നതവിദ്യാഭ്യാസ വകുപ്പും സാങ്കേതിക സർവകലാശാലയും വിഷയം ഇത്തവണയും അത്ര ഗൗരവത്തിലെടുത്തിട്ടില്ല. കേരള ഭാഷാ ഇൻസ്റ്റിട്ട്യൂട്ട് ഉൾപ്പെടെ ഭാഷാമേഖലയിൽ‌ സജീവമായി നിൽക്കുന്ന വിവിധസ്ഥാപനങ്ങളുടെയും വ്യക്തികളുടെയും സഹകരണം ഉറപ്പാക്കി എൻജിനീയറിങ് പഠനം മലയാളത്തിൽ എന്ന വെല്ലുവിളി മറികടക്കാൻ ഇനിയെങ്കിലും ശ്രമിക്കണമെന്നാണ് ഭാഷാസ്നേഹികളുടെ ആവശ്യം.

മലയാളത്തിൽ കഴിയില്ലെന്നത് അടിസ്ഥാനമില്ലാത്ത വാദം: ആർ.വി.ജി. മേനോൻ

മലയാളത്തിൽ ബിടെക് എൻജിനീയറിങ് പഠിപ്പിക്കാൻ വിഷമമില്ലെന്നും ഭാഷയുടെ കുറവല്ല, തീരുമാനത്തിന്റെയും അതു നടപ്പാക്കാനുളള മനസും ഇല്ലാത്തതാണ് പ്രധാന തടസ്സമെന്നും എൻജിനീയറിങ് വിദഗ്ധനും കണ്ണൂർ എൻജിനീയറിങ് കോളജ് മുൻ പ്രിൻസിപ്പലുമായ ഡോ.ആർ.വി.ജി. മേനോൻ പറഞ്ഞു.

dr-rvg-menon
ഡേ‍ാ.ആർവിജി മേനേ‍ാൻ.

ഭാഷയിൽ എൻജിനിയറിങ് പഠിപ്പിക്കാൻ ബുദ്ധിമുട്ടെന്നത് അടിസ്ഥാനമില്ലാത്ത വാദമാണ്. പഠിപ്പിക്കാൻ തയാറല്ലാത്തവരുടെയും താൽപര്യമില്ലാത്തവരുടെയും നിലപാടു മാത്രമാണത്. കേരളത്തിൽ പഠിക്കുന്നവർക്കും പഠിപ്പിക്കുന്നവർക്കും എൻജിനീയറിങിൽ അല്ല താൽപര്യം. ഇക്കാര്യം ഞാൻ നേരത്തേ പലപ്പോഴായി എഴുതിയിട്ടും പറഞ്ഞിട്ടുമുണ്ട്. 

സാങ്കേതിക പദങ്ങൾ പലതും നിത്യജീവിതത്തിൽ പ്രയോഗസാധുത വന്നതാണ്. അവ അങ്ങനെ തന്നെ ഉപയോഗിക്കാം. അല്ലാതെ സാങ്കേതികപദങ്ങൾക്കു മലയാളം എന്നത് ഒരു തടസവും പ്രശ്നവുമല്ല. സംസ്കൃതപദങ്ങൾ എല്ലായിടത്തും ഉപയോഗിക്കാം എന്നാൽ ഇംഗ്ലിഷിലുളള സാങ്കേതികപദങ്ങൾ അങ്ങനെ പറ്റില്ല എന്ന നിലപാടിന് എന്ത് യുക്തിയാണുളളതെന്നും ആർ.വി.ജി. മേനോൻ ചോദിക്കുന്നു.

English Summary: Malayalam Language and Engineering Education in Mother tongue  

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com