ADVERTISEMENT

ന്യൂഡൽഹി ∙ ഇപ്പോൾ നിയമസഭാ തിരഞ്ഞെടുപ്പു നടക്കുന്നതിൽ യുപിയിലും ഉത്തരാഖണ്ഡിലുമാണ് ബിജെപിക്കു വ്യക്തമായ വിജയ പ്രതീക്ഷയുള്ളത്. രണ്ടിടത്തും എത്ര സീറ്റ് ലഭിക്കുന്നുവെന്നത് ജുലൈയിൽ രാഷ്ട്രപതി തിരഞ്ഞെടുപ്പിനെയും സ്വാധീനിക്കുന്ന ഘടകമാണ്. കഴിഞ്ഞ തവണത്തേതുപോലെ, ഗോവയിലും മണിപ്പുരിലും തിരഞ്ഞെടുപ്പു ഫലം വന്നശേഷമുള്ള അട്ടിമറിയിലാണ് ബിജെപിയുടെ പ്രതീക്ഷ. രണ്ടിത്തും രാഷ്ട്രപതി തിരഞ്ഞെടുപ്പിനുള്ള വോട്ടുകളുടെ മൂല്യം താരതമ്യേന കുറവാണ്. പഞ്ചാബ് ബിജെപിക്കു പ്രതീക്ഷയില്ലാത്ത സംസ്ഥാനമാണ്.

വോട്ട് മൂല്യം
2017ലെ കണക്കനുസരിച്ച്, രാഷ്ട്രപതി തിരഞ്ഞെടുപ്പിലെ വോട്ടർമാർ:
രാജ്യസഭ – 233
ലോക്സഭ – 543
സംസ്ഥാന നിയമസഭകൾ – 4,120
ഇതിൽ, ജമ്മു കശ്മീർ നിയമസഭ ഇപ്പോഴില്ല. രാഷ്ട്രപതി തിരഞ്ഞെടുപ്പിനു മുൻപ് ഇവിടെ നിയമസഭാ രൂപീകരണം സാധ്യമാകാൻ നിലവിൽ സാധ്യത കുറവാണ്.

വോട്ട് മൂല്യം: ഭരണഘടനയിലെ 52 മുതൽ 62 വരെ വകുപ്പുകളാണ് രാഷ്ട്രപതിയെന്ന പദവി, ആ പദവിയിലേക്കുള്ള തിരഞ്ഞെടുപ്പ്, കാലാവധി, സ്ഥാനാർഥിയുടെ യോഗ്യത തുടങ്ങിയവ സംബന്ധിച്ചുള്ളത്. 55ാം വകുപ്പാണ് വോട്ട് മൂല്യം കണക്കാക്കാനുള്ള രീതി വിശദീകരിക്കുന്നത്. സംസ്ഥാന ജനസംഖ്യയ്ക്ക് ആനുപാതികമായാണ് വോട്ട് മൂല്യം കണക്കാക്കുന്നത്.

അപ്പോൾ, രാജ്യത്തെ എല്ലാ നിയമസഭാംഗങ്ങളുടെയും വോട്ട് മൂല്യം ഒന്നല്ല. ഉദാഹരണത്തിന്, ഉത്തർപ്രദേശിലെ എംഎൽഎയുടെ വോട്ടിന്റെ മൂല്യം 208 ആണ്. സിക്കിമിലെ എംഎൽഎയുടേത് 7. കേരളത്തിൽ എംഎൽഎയുടെ വോട്ട് മൂല്യം 152. ഇതിനെ മൊത്തം എംഎൽഎമാരുടെ വോട്ടുമായി ഗുണിക്കുമ്പോൾ കേരളത്തിലെ മൊത്തം മൂല്യം 21,280. രാജ്യത്തെ 4,120 എംഎൽഎമാരുടെയുംകൂടി വോട്ടിന്റെ മൂല്യം – 5,49,495.

ലോക്സഭയിലും രാജ്യസഭയിലുമായി വോട്ടവകാശമുള്ളത് മൊത്തം 776 പേർക്ക്. എംഎൽഎമാരുടെ വോട്ട് മൂല്യത്തെ വോട്ടവകാശമുള്ള എംപിമാരുടെ എണ്ണംകൊണ്ട് ഭാഗിക്കുന്നു. അങ്ങനെയാണ്, എംപിമാരുടെ വോട്ടിന്റെ മൂല്യം കണക്കാക്കുന്നത്. 2017ലെ കണക്കനുസരിച്ച് 708 ആണ് ഒാരോ എംപിയുടെയും വോട്ടിന്റെ മൂല്യം. അതിനെ എംപിമാരുടെ എണ്ണം കൊണ്ട് ഗുണിക്കുമ്പോൾ – മൊത്തം മൂല്യം 5,49,408. എംഎൽഎമാരുടെയും എംപിമാരുടെയും മൊത്തം വോട്ട് മൂല്യം – 10,98,903.

കഴിഞ്ഞ തവണ എൻഡിഎയുടെ സ്ഥാനാർഥിക്ക് ബിജെഡിയുടെയും ടിആർഎസിന്റെയും ഐഎൻഎൽഡിയുടെയും ടിഡിപിയുടെയും വൈഎസ്ആർസിപിയുടെയും പ്രത്യക്ഷ പിന്തുണയുണ്ടായിരുന്നു. ഗുജറാത്തിലും മറ്റും ചില കോൺഗ്രസുകാരുടെ വോട്ടും എൻഡിഎ സ്ഥാനാർഥിയായിരുന്ന റാം നാഥ് കോവിന്ദിനു ലഭിച്ചു. ഇപ്പോൾ, ടിആർഎസും ഐഎൻഎൽഡിയും ടിഡിപിയും വൈഎസ്ആർസിപിയും അക്കൂട്ടത്തിലില്ല. ഒപ്പം, ശിവസേനയും അകാലിദളും എൻഡിഎയിലില്ല. സ്ഥാനാർഥി ആരെന്നത് പരിഗണിച്ചാവും ബിജെഡിയുടെ നിലപാട്. അത് പാർലമെന്റിലും നിയമസഭകളിലും പ്രതിഫലിക്കും.

2017ൽ ഛത്തീസ്ഗഡും രാജസ്ഥാനും മഹാരാഷ്ട്രയും ജാർഖണ്ഡും എൻഡിഎ ഭരണത്തിലായിരുന്നു. തമിഴ്നാട്ടിൽ അണ്ണാഡിഎംകെയും. ബംഗാൾ (273) കഴിഞ്ഞാൽ പ്രതിപക്ഷ സ്ഥാനാർഥി മീരാ കുമാറിന് കഴിഞ്ഞ തവണ ഏറ്റവും കൂടുതൽ എംഎൽഎമാരുടെ വോട്ട് ലഭിച്ചത് കർണാടകയിൽനിന്നാണ് (163). ഇപ്പോൾ, കർണാടകയിൽ ബിജെപിക്കാണ് മേൽക്കൈ.

എന്നാൽ, 2017ൽ രാജസ്ഥാനിൽനിന്നു റാം നാഥ് കോവിന്ദിന് 166 എംഎൽഎമാരുടെ വോട്ട് ലഭിച്ചു, മീരാ കുമാറിന് 34 വോട്ട്. മഹാരാഷ്ട്രയിൽ കോവിന്ദിന് 208, മീരാ കുമാറിന് 77. തമിഴ്നാട്ടിൽ കോവിന്ദിന് 134, മീരാ കുമാറിന് 98. തെലങ്കാനയിൽ മീരാ കുമാറിന് 20, കോവിന്ദിന് 97. എംപിമാരിൽ 522 പേർ കോവിന്ദിനു വോട്ട് ചെയ്തു, 225 പേർ മീരാ കുമാറിനും. ഈ വോട്ടുകളിൽ ഇത്തവണ മാറ്റം വരും. അതുകൊണ്ടുതന്നെ, ബിജെപിയുടെ രാഷ്ട്രപതി സ്ഥാനാർഥിക്ക് ഇത്തവണ വിജയം സാധ്യമാകണമെങ്കിൽ, യുപിയിലും ഉത്തരാഖണ്ഡിലും ചെറിയ വിജയംകൊണ്ടു കാര്യമില്ല.

English Summary: How Assembly polls will impact presidential election

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com