ADVERTISEMENT

കൊച്ചി ∙ കോലഞ്ചേരിയിൽ ചികിത്സയിലുള്ള രണ്ടര വയസ്സുകാരിയുടെ ആരോഗ്യനിലയിലെ പുരോഗതിയെക്കുറിച്ചു കൂടുതൽ വെളിപ്പെടുത്താതെ ആശുപത്രി വൃത്തങ്ങൾ. 48 മണിക്കൂർ നിരീക്ഷണ സമയം കഴിഞ്ഞാൽ മാത്രമേ ഇക്കാര്യത്തിൽ വ്യക്തമായ വിവരം പങ്കുവയ്ക്കാനാകൂ എന്നാണ് നിലപാട്. 

ഇപ്പോഴും വെന്റിലേറ്റർ ഐസിയുവിലാണ് കുഞ്ഞുള്ളത്. തലച്ചോറിലേക്കുള്ള രക്തസ്രാവം കുറഞ്ഞതായാണ് എംആർഐ സ്കാനിങ്ങിൽ വ്യക്തമാകുന്നത്. ആശുപത്രിയിൽ പ്രവേശിപ്പിച്ച് 24 മണിക്കൂറിനുള്ളിൽ അപസ്മാരം ഉണ്ടാകാത്തതും ശരീരോഷ്മാവും ഹൃദയമിടിപ്പും സാധാരണ നിലയിലായതും നല്ല ലക്ഷണങ്ങളാണെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നു. 

∙ മൊഴികളിൽ പൊരുത്തക്കേട്

കുഞ്ഞിന് എങ്ങനെ പരുക്കേറ്റു എന്ന കാര്യത്തിൽ അവ്യക്തത തുടരുകയാണ്. കുഞ്ഞിന്റെ അമ്മയും മുത്തശ്ശിയും നൽകുന്ന മൊഴികളിൽ പൊരുത്തക്കേടു തുടരുന്നതു പൊലീസിനു തലവേദനയാണ്. കുഞ്ഞ് ശരീരത്തിൽ സ്വയം മുറിവുകൾ വരുത്തിയതാണെന്നും കുഞ്ഞിന്റെ ശരീരത്തിൽ ചിപ്പ് ഘടിപ്പിച്ചിട്ടുണ്ടെന്നും വിവരങ്ങൾ ആരൊക്കെയോ ചോർത്തുന്നുണ്ടെന്നുമാണു കുഞ്ഞിന്റെ അമ്മ പറയുന്നത്. 

ഏതാണ്ട് സമാന മൊഴിയാണ് മുത്തശ്ശിയുടേതെങ്കിലും പൊരുത്തക്കേടുകൾ പൊലീസ് പരിശോധിക്കുന്നുണ്ട്. ഈ മൊഴികളൊന്നും വിശ്വസനീയമല്ലെന്നു പൊലീസ് പറയുന്നു. ഏഴുമാസമായി ഭർത്താവുമായി അകന്നു താമസിക്കുകയാണു യുവതി. ഭർത്താവ് തന്റെ വീട്ടിലെ വിവരങ്ങൾ എല്ലാം അറിയുന്നുണ്ടെന്നും കുഞ്ഞിന്റെ ശരീരത്തിൽ രഹസ്യമായി ഘടിപ്പിച്ചിരിക്കുന്ന ചിപ്പു വഴിയാണ് ഇതെന്നുമാണ് അവർ പറയുന്നത്.

കുഞ്ഞിന് അമാനുഷിക ശക്തിയുണ്ടെന്നും പറയുന്നുണ്ട്. അതുകൊണ്ടുതന്നെ കുഞ്ഞിന്റെ ബാധ ഒഴിപ്പിക്കൽ പോലെ എന്തെങ്കിലും പ്രക്രിയയ്ക്കു വിധേയമാക്കിയിട്ടുണ്ടോ എന്നും പൊലീസ് പരിശോധിക്കുന്നു. ഇക്കാര്യങ്ങളിലൊന്നും വ്യക്തത വരുത്താനാകുന്നില്ല എന്നാണ് പൊലീസ് പറയുന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്തുന്നതായി കൊച്ചി സിറ്റി പൊലീസ് പറഞ്ഞു.

കുഞ്ഞിന്റെ അമ്മയുടെ സഹോദരിയും സഹോദരിയുടെ ഭർത്താവ് ആന്റണി ടിജിനിലേയ്ക്കും പൊലീസ് അന്വേഷണം നീളുന്നുണ്ട്. ഇവർ കുഞ്ഞിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം സ്ഥലം വിട്ടതാണ് സംശയത്തിന് ഇടയാക്കിയത്. ഇവർ ഫ്ലാറ്റു പൂട്ടി ഇറങ്ങിപ്പോകുന്നതിന്റെ വിഡിയോ പുറത്തു വന്നിരുന്നു. ഇയാൾക്കെതിരെ നേരത്തേയും പരാതികളുണ്ട്.

കുമ്പളത്തു താമസിക്കുമ്പോൾ അയൽവാസികളുമായി ചില പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നു പൊലീസ് അറസ്റ്റു ചെയ്യുകയും വീട്ടുകാർ ജാമ്യത്തിലിറക്കി കൊണ്ടുവരികയും ചെയ്തിരുന്നു. തുടർന്നാണ് കുമ്പളത്തുനിന്നു തൃക്കാക്കരയിലെ ഫ്ലാറ്റിലേക്കു താമസം മാറ്റിയത്.  

∙ പ്രദേശവാസികൾ പറയുന്നത്

അയൽവാസികളുമായി നല്ല ബന്ധം പുലർത്തിയിരുന്ന കുടുംബത്തിലേക്കാണ് ആന്റണി ടിജിൻ വന്നത്. പിന്നീടു കുടുംബം, കാര്യമായ അടുപ്പം കാണിക്കാതെയായെന്നു പ്രദേശവാസികൾ പറയുന്നു. മൂത്ത സഹോദരിയുമായി അടുപ്പമുണ്ടാക്കിയാണ് ഇയാൾ വീട്ടിൽ കയറിപ്പറ്റിയത്. പൊലീസിലാണെന്നു പറഞ്ഞ ഇയാളാണ് രക്ഷകനെന്നു കുടുംബം പറഞ്ഞിരുന്നതായും അയൽവാസികൾ പറയുന്നു. വീട്ടിലുള്ളപ്പോൾ ഗേറ്റ് പൂട്ടി അകത്തിരിക്കുന്നതായിരുന്നു പതിവ്.

∙ കുട്ടിയുടെ അച്ഛന്‍ പറയുന്നത്

തന്റെ ഭാര്യാസഹോദരിയുടെ പങ്കാളിയെന്നു പറയുന്ന ആൾ ലഹരിക്ക് അടിമയാണെന്നും അതിന്റെ പേരിൽ നേരത്തേ ചില പ്രശ്നങ്ങൾ താനുമായി ഉണ്ടായിട്ടുണ്ടെന്നും സ്ഥലത്തെത്തിയ കുഞ്ഞിന്റെ പിതാവു പറയുന്നു. വർക്കല സ്വദേശിയായ ഇയാൾ ഇന്നലെയാണ് കൊച്ചിയിലെത്തിയത്. 

ആന്റണി ടിജിനിൽനിന്നു കുഞ്ഞിനു മർദനം ഏറ്റിരിക്കാമെന്നാണ് ഇദ്ദേഹം പറയുന്നത്. ഏഴു മാസം മുൻപുു ചില സാമ്പത്തിക കാര്യങ്ങളിലുണ്ടായ തർക്കത്തെ തുടർന്നാണ് ഭാര്യ കുമ്പളത്തെ അവരുടെ വീട്ടിലേയ്ക്കു വന്നത്. അതുവരെ സന്തോഷകരമായ കുടുംബ ജീവിതമാണു നയിച്ചിരുന്നത്. കു‍ഞ്ഞിനെ ലഭിച്ചാലേ താൻ പോകുകയുള്ളൂ എന്നും സംരക്ഷണം ആവശ്യപ്പെട്ടു നിയമ നടപടികളുമായി മുന്നോട്ടു പോകാനാണ് തീരുമാനമെന്നും ഇദ്ദേഹം പറയുന്നു.

English Summary: Probe continues in Thrikkakkara child attack case, police confused

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com