ADVERTISEMENT

കൊച്ചി∙ ക്രിസ്മസ് ദിനത്തിൽ കിറ്റെക്സ് കമ്പനിയിലെ അതിഥി തൊഴിലാളികൾ അതിക്രമം നടത്തുകയും പൊതുമുതൽ നശിപ്പിക്കുകയും പൊലീസിനെ ആക്രമിക്കുകയും ചെയ്തെന്ന രണ്ടു കേസുകളിൽ കുറ്റപത്രം സമർപ്പിച്ചു. കോലഞ്ചേരി ജുഡിഷ്യൽ മജിസ്ട്രേറ്റ് കോടതിയിലാണു 524 പേജുള്ള കുറ്റപത്രം സമർപ്പിച്ചത്. പ്രതികൾ എല്ലാവരും ഇതര സംസ്ഥാന തൊഴിലാളികളാണ്.

പൊലീസ് വാഹനം നശിപ്പിച്ചെന്ന കേസിൽ 175 പേരാണു പ്രതികൾ. കുന്നത്തുനാട് സിഐ വി.ടി.ഷാജനെ കൊലപ്പെടുത്താൻ ശ്രമിച്ചെന്ന പരാതിയെ തുടർന്നു റജിസ്റ്റർ ചെയ്ത കേസിൽ 51 പേരാണു പ്രതികൾ. സംഭവത്തിൽ ആകെ പ്രതികൾ 226. പൊലീസ് ഉദ്യോഗസ്ഥനെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെ ആക്രമിച്ചു എന്നാണ് ഇവർക്കെതിരായ കേസ്. രണ്ട് എഫ്ഐആറുകളിലായി 11 വകുപ്പുകളാണു പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത്.

അസം, യുപി, നാഗാലാൻഡ്, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതികൾ റിമാൻഡിലാണ്. ക്രിസ്മസ് ദിനത്തിൽ രാത്രി 12 മണിയോടെ കിറ്റെക്സ് ജീവനക്കാരായ ഇതര സംസ്ഥാന തൊഴിലാളികൾ താമസിച്ചിരുന്ന കെട്ടിട വളപ്പിൽ ആഘോഷത്തിന്റെ പേരിൽ തുടങ്ങിയ കലഹമാണ് കലാപത്തിലെത്തിയത്. തൊഴിലാളികൾ തമ്മിൽ ഏറ്റുമുട്ടുന്ന വിവരം അറിഞ്ഞു പൊലീസ് എത്തിയപ്പോൾ അക്രമികൾ പൊലീസിനു നേരെ തിരിയുകയായിരുന്നു.

പൊലീസ് വാഹനം കത്തിക്കുകയും ഉദ്യോഗസ്ഥരെ ആക്രമിക്കുകയും ചെയ്തതോടെ ഉദ്യോഗസ്ഥർക്കു പിൻവാങ്ങേണ്ടി വന്നു. ഞായറാഴ്ച രാവിലെ സ്ഥലത്തെത്തിയ പൊലീസുകാർക്കു നേരെ ആക്രമണമുണ്ടാകുകയും കൊലപ്പെടുത്താൻ ശ്രമമുണ്ടാകുകയും ചെയ്തു. ആലുവ എസ്പി കാർത്തിക്കിന്റെ നേതൃത്വത്തിൽ കൂടുതൽ പൊലീസ് സംഘം എത്തിയാണ് പ്രതികളെ ബലം പ്രയോഗിച്ചു പിടികൂടി അറസ്റ്റു ചെയ്തു കോടതിയിൽ ഹാജരാക്കിയത്.

English Summary: Kizhakkambalam attack case, charge sheet

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com