ADVERTISEMENT

യുക്രെയ്നിനു മുകളിൽ റഷ്യൻ മിസൈലുകൾ തീ വർഷിക്കുമ്പോൾ ആശങ്ക പുകയുന്നത് ബാൾട്ടിക് രാജ്യങ്ങളിൽ കൂടിയാണ്. സോവിയറ്റ് യൂണിയനു കീഴിലായിരുന്ന എസ്തോണിയ, ലാത്വിയ, ലിത്വാനിയ തുടങ്ങിയ രാജ്യങ്ങളാണ് യുക്രെയ്നു ശേഷം റഷ്യ തങ്ങൾക്കെതിരെയും തിരിയുമോയെന്ന ആശങ്കയിലുള്ളത്. രണ്ടാം ലോകമഹായുദ്ധകാലത്തു മൂന്ന് ബാൾട്ടിക് രാജ്യങ്ങളെയും ജോസഫ് സ്റ്റാലിന്‍ ആക്രമിച്ചു സോവിയറ്റ് യൂണിയനോടു കൂട്ടിച്ചേർക്കുകയായിരുന്നു. 1991ൽ സോവിയറ്റ് യൂണിയന്‍ തകർന്നതോടെ ഈ രാജ്യങ്ങൾ സ്വതന്ത്രമായി.

2004ൽ നാറ്റോയിൽ അംഗമായ ഈ മൂന്ന് രാജ്യങ്ങളും നിലവിൽ യുഎസിന്റെയും പാശ്ചാത്യ രാജ്യങ്ങളുടെയും സുരക്ഷാ തണലിലാണ്. അതേസമയം യുക്രെയ്നാകട്ടെ, നാറ്റോയിലെ അംഗവുമല്ല. റഷ്യയ്ക്കെതിരെ കൂടുതൽ ശക്തമായ ഉപരോധങ്ങൾ കൊണ്ടുവരണമെന്നു വാദിക്കുകയും കൂടുതൽ സൈനിക വിന്യാസം വേണമെന്ന് ആവശ്യപ്പെടുകയും ചെയ്യുന്നവരുടെ കൂട്ടത്തിൽ ബാൾട്ടിക് രാജ്യങ്ങളും യുക്രെയ്ന്റെ അയൽ രാജ്യമായ പോളണ്ടുമുണ്ട്. റഷ്യൻ നീക്കം മുൻകൂട്ടി കണ്ട ഈ രാജ്യങ്ങളിലെ നേതാക്കൾ പാശ്ചാത്യ രാജ്യങ്ങളോടു സഹായം അഭ്യർഥിച്ചിരുന്നു. യുക്രെയ്ൻ ആക്രമിക്കുന്ന പുടിനു മറുപടി നൽകിയില്ലെങ്കിൽ അടുത്ത നീക്കം പഴയ സോവിയറ്റ് യൂണിയന്റെ മറ്റു ഭാഗങ്ങളിലേക്കായിരിക്കുമെന്നും നേതാക്കൾ ആശങ്ക പങ്കുവച്ചു.

‘യുക്രെയ്നുവേണ്ടിയുള്ള യുദ്ധം യൂറോപ്പിനുവേണ്ടിയുള്ള യുദ്ധമാണ്. പുടിനെ അവിടെവച്ചു തടഞ്ഞില്ലെങ്കിൽ, അദ്ദേഹം അതിനും അപ്പുറത്തേക്കു പോകും’– ലിത്വാനിയൻ വിദേശകാര്യ മന്ത്രി ഗബ്രിയേലിയസ് ലാൻഡ്സ്ബെർഗിസ് കഴിഞ്ഞ ദിവസം മുന്നറിയിപ്പു നല്‍കി. യുഎസ് സ്റ്റേറ്റ് സെക്രട്ടറി ലോയ്ഡ് ഓസ്റ്റിനുമായുള്ള സംയുക്ത കൂടിക്കാഴ്ചയ്ക്കു ശേഷമാണു ലിത്വാനിയൻ മന്ത്രി ആശങ്ക വ്യക്തമാക്കിയത്. എന്നാൽ സൈനിക സന്നാഹങ്ങൾ യൂറോപ്പിലെത്തിച്ചതായി യുഎസ് പ്രസിഡന്റ് ജോ ബൈഡൻ നേരത്തേത്തന്നെ ഉറപ്പു നൽകിയിരുന്നു. 800 സൈനികർ, എഫ് 35 പോർവിമാനങ്ങൾ, അപ്പാഷെ ഹെലികോപ്റ്ററുകൾ എന്നിവ മൂന്ന് ബാൾട്ടിക് രാജ്യങ്ങൾക്കു സുരക്ഷ നൽകാനായിരിക്കും ഉപയോഗിക്കുക. പ്രതിരോധത്തിനു വേണ്ടി മാത്രമാണ് ഈ നീക്കമെന്നാണു യുഎസ് നിലപാട്.

ആക്രമിക്കുമോ പുടിൻ?

ബാൾട്ടിക് രാജ്യങ്ങളിൽ നിയന്ത്രണം സ്ഥാപിക്കാൻ ഇതുവരെ പുടിൻ പരസ്യമായി താൽപര്യം പ്രകടിപ്പിച്ചിട്ടില്ല. പക്ഷേ സോവിയറ്റ് യൂണിയന്റെ തകർച്ച റഷ്യൻ ജനത്തിന്റെ ദുരന്തമായിരുന്നെന്നു പുടിൻ ഒരിക്കൽ വിശേഷിപ്പിച്ചിരുന്നു. ഇതു ബാൾട്ടിക് രാജ്യങ്ങളിൽ നിയന്ത്രണം ഉറപ്പിക്കാനുള്ള പുടിന്റെ താൽപര്യമാണു കാണിക്കുന്നതെന്ന് ഈ രാജ്യങ്ങൾ ആശങ്കപ്പെടുന്നു.

യുക്രെയ്ൻ വെറുമൊരു അയല്‍ രാജ്യമല്ലെന്ന നിലപാട് പുടിൻ നേരത്തേ പ്രകടിപ്പിച്ചിട്ടുണ്ട്. റഷ്യയുടെ ചരിത്രത്തിന്റെയും സംസ്കാരത്തിന്റെയും ഭാഗമാണു യുക്രെയ്നെന്നാണു പുടിൻ പറയുക. പക്ഷേ ബാള്‍ട്ടിക് രാജ്യങ്ങൾ അങ്ങനെയല്ല. സാംസ്കാരികമായും ഭാഷാപരമായും അവർ റഷ്യയിൽനിന്ന് വ്യത്യസ്തരാണ്. യുക്രെയ്നിന്റേതു പോലുള്ള ബന്ധമല്ല, ഈ രാജ്യങ്ങൾക്കു റഷ്യയുമായുള്ളത്.

എങ്കിലും റഷ്യൻ സാമ്രാജ്യത്തിന്റെ കീഴിലായിരുന്ന പ്രദേശങ്ങളാണ് എസ്തോണിയ, ലാത്വിയ, ലിത്വാനിയ എന്നിവ. രണ്ടാം ലോകമഹായുദ്ധത്തിനുശേഷം അവർ സോവിയറ്റ് യൂണിയന്റെയും ഭാഗമായി. ഈ മൂന്ന് രാജ്യങ്ങളിലും റഷ്യൻ വംശജരുണ്ട്. അതിൽതന്നെ ലാത്വിയയിലും എസ്തോണിയയിലും ജനസംഖ്യയിൽ നാലിൽ ഒരു ശതമാനം റഷ്യൻ വംശജരാണ്.

എസ്തോണിയയിൽ 2007ൽ റഷ്യൻ വംശജരുടെ വൻ പ്രതിഷേധം നടന്നിരുന്നു. സോവിയറ്റ് യുദ്ധസ്മാരകം എസ്തോണിയൻ തലസ്ഥാനമായ റ്റാലിനിൽനിന്നു നീക്കുന്നതിനെതിരെയായിരുന്നു കലാപം. ഇത്തരം പ്രതിഷേധങ്ങൾ ഈ രാജ്യങ്ങളുടെ ആശങ്കയേറ്റുന്നു. എസ്തോണിയയിലെ സർക്കാർ സംവിധാനങ്ങൾക്കെതിരായ സൈബർ ആക്രമണങ്ങളിലും പ്രതിസ്ഥാനത്ത് റഷ്യയാണ്. 

‘മാതൃക’യാകുമോ യുക്രെയ്ൻ?

‘കൃത്രിമമായി ഉണ്ടാക്കിയെടുത്ത, ചരിത്രമില്ലാത്തൊരു രാജ്യമാണ് യുക്രെയ്‌നെന്ന് പുടിന്‍ അവഹേളിച്ചിരുന്നു. ഇക്കാര്യങ്ങളൊക്കെയാണ് അവർ മറ്റു സോവിയറ്റ് രാജ്യങ്ങൾക്കെതിരെയും കുറേ വർഷങ്ങളായി ഉപയോഗിക്കുന്നത്’– വിൽനിസ് സർവകലാശാലയിലെ രാഷ്ട്രീയ വിദഗ്ധൻ നെറിജസ് മാലിയുകെവിഷ്യസ് നിരീക്ഷിച്ചു. ഇതുവരെയില്ലാത്തത്രയും തീവ്രമായാണു റഷ്യൻ ഭരണകൂടം ഇപ്പോൾ പ്രവർത്തിക്കുന്നതെന്നും ഈ സന്ദേശം യുക്രെയ്നുവേണ്ടി മാത്രമുള്ളതല്ലെന്നും അദ്ദേഹം വ്യക്തമാക്കുന്നു.

സുരക്ഷാ ആശങ്കയുണ്ടെങ്കിലും യുക്രെയ്നു ശക്തമായ പിന്തുണയാണു ബാൾട്ടിക് രാജ്യങ്ങൾ നൽകുന്നത്. ഈ രാജ്യങ്ങളിൽനിന്നുള്ള നേതാക്കൾ കീവിലെത്തി യുക്രെയ്നോടുള്ള അനുഭാവം നേരിട്ട് അറിയിച്ചു. ആയുധങ്ങളും മറ്റു സഹായങ്ങളും ഉറപ്പാക്കുന്നതിലും ബാൾട്ടിക് രാജ്യങ്ങളുണ്ട്. യുക്രെയ്നുമായി ശക്തമായ രാഷ്ട്രീയ, സാമ്പത്തിക ബന്ധം പുലർത്തുന്ന രാജ്യമാണ് എസ്തോണിയ. യുക്രെയ്നു സൈബർ സുരക്ഷാ വാഗ്ദാനവും എസ്തോണിയ നൽകി.

യുക്രെയ്നിലെ പ്രതിസന്ധിയില്‍ മറ്റു യൂറോപ്യന്‍ രാജ്യങ്ങളും ആശങ്കപ്പെടണമെന്ന് എസ്തോണിയന്‍ മുന്‍ പ്രസിഡന്റ് കെര്‍സ്റ്റി കൽജുലൈദ് മുന്നറിയിപ്പു നല്‍കി. ‘ബാൾട്ടിക് രാജ്യങ്ങൾ റഷ്യയുടെ നേരിട്ടുള്ള അയൽക്കാരാണ്, എന്നാൽ യുക്രെയ്നിലെ പ്രശ്നങ്ങളില്‍ മറ്റു യൂറോപ്യൻ രാജ്യങ്ങളും ആശങ്കപ്പെടേണ്ടതുണ്ട്. നിങ്ങൾ കീവിൽനിന്ന് നോക്കിയാൽ ജർമനിയിലെ ബെർലിനും എസ്തോണിയയിലെ ടാലിനും ഒരേ അകലത്തിലാണെന്നും കെര്‍സ്റ്റി പറഞ്ഞു.

English Summary: Ukraine attack leaves Baltics wondering: Are we next?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com