ADVERTISEMENT

തിരുവനന്തപുരം∙ പുതിയ മദ്യനയത്തിന്റെ ഭാഗമായി ഐടി പാർക്കുകളിൽ ബാറും പബ്ബും അനുവദിക്കാനുള്ള സർക്കാർ മാർഗനിർദേശങ്ങളുടെ കരടായി.  ഐടി സെക്രട്ടറിയുടെ റിപ്പോർട്ട് സർക്കാർ തത്വത്തിൽ അംഗീകരിച്ചു. സംസ്ഥാനത്ത് പത്തു വർഷത്തെ പ്രവൃത്തി പരിചയമുള്ള, മികച്ച സേവന പാരമ്പര്യമുള്ള ഐടി സ്ഥാപനങ്ങൾക്കായിരിക്കും ലൈസൻസ് അനുവദിക്കുക. ഐടി സ്ഥാപനങ്ങൾക്ക് ബാർ നടത്തിപ്പിന് ഉപകരാർ നൽകാം. നിശ്ചിത വാർഷിക വിറ്റുവരവുള്ള ഐടി കമ്പനികളായിരിക്കണമെന്ന നിർദേശമുണ്ടാകും. ഐടി പാർക്കുകൾക്കുള്ളിലായിരിക്കും മദ്യശാലകൾ. പുറത്തുനിന്നുള്ളവർക്കു പ്രവേശം ഉണ്ടാകില്ല. ക്ലബ്ബുകളുടെ ഫീസിനേക്കാൾ കൂടിയ തുക ലൈസൻസ് ഫീസായി ഈടാക്കാനാണ് ആലോചന.

കള്ളു ഷാപ്പുകള്‍ക്ക് ആരാധനാലയങ്ങൾ, എസ്ഇ എസ്ടി കോളനി, വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയിൽനിന്നുള്ള ദൂരപരിധി 400 മീറ്ററിൽനിന്ന് 200 മീറ്ററാക്കി കുറയ്ക്കണമെന്ന് എക്സൈസ് കമ്മിഷർ ശുപാർശ നൽകി. ഒന്നാം പിണറായി സർക്കാരിന്റെ കാലത്തും ദൂരപരിധി കുറച്ചിരുന്നു. പുതിയ മദ്യനയത്തിന്റെ ഭാഗമായി ഈ നിർദേശം പരിഗണിക്കും.

മദ്യശാലകളുടെ പ്രവർത്തനത്തിൽ സമഗ്രമായ മാറ്റമാണ് പുതിയ നയത്തിലൂടെ സർക്കാർ ലക്ഷ്യമിടുന്നത്. ജനങ്ങൾക്ക് ക്യൂ നിൽക്കാതെ മദ്യം വാങ്ങാൻ കഴിയുന്ന ബവ്റിജസ് ഷോപ്പുകളും അടിസ്ഥാന സൗകര്യങ്ങളുള്ള ബാറുകളും കള്ളുഷാപ്പുകളും മാത്രമേ പുതുതായി അനുവദിക്കൂ. മദ്യശാലകളുടെ എണ്ണം കുറഞ്ഞാലും അടിസ്ഥാന സൗകര്യങ്ങളുടെ കാര്യത്തിൽ വിട്ടുവീഴ്ച വേണ്ടെന്ന് എക്സൈസ് മന്ത്രി നിർദേശം നൽകി. വകുപ്പിലെ ചർച്ചകളുടെ കരട് റിപ്പോർട്ട് സിപിഎം ചർച്ച ചെയ്യും. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റും എൽഡിഎഫും നിർദേശിക്കുന്ന മാറ്റങ്ങളോടെ നയം മന്ത്രിസഭ അംഗീകരിച്ച് മാർച്ച് 21ന് മുൻപായി പുതിയ മദ്യനയത്തിന്റെ ഉത്തരവിറങ്ങും.

ചർച്ചകളിൽ തത്വത്തിൽ അംഗീകരിച്ച കാര്യങ്ങൾ:

∙ ബവ്റിജസ് കോർപറേഷൻ നിർദേശിച്ച അത്രയും ചില്ലറ വിൽപന ശാലകൾ പുതുതായി അനുവദിക്കില്ല. 175 ചില്ലറ വിൽപന ശാലകൾ പുതുതായി വേണമെന്നാണ് ബവ്കോയുടെ അഭ്യർഥന. ടൂറിസം മേഖലയിൽ കൂടുതൽ മദ്യശാലകൾ അനുവദിക്കും. ആവശ്യത്തിനു സൗകര്യമുള്ള മദ്യശാലകളും കള്ളു ഷോപ്പുകളും മാത്രമേ പുതുതായി അനുവദിക്കൂ. ബവ്കോ ഔട്ട്ലറ്റുകൾ പുതുതായി ആരംഭിക്കുമ്പോൾ നാല് കൗണ്ടറിനും വാഹന പാർക്കിങിനും സ്ഥലം ഉണ്ടായിരിക്കണം. ഷോപ്പുകൾ ജനജീവിതത്തെയോ ഗതാഗതത്തെയോ ബാധിക്കുന്ന സ്ഥലത്താകരുത്. കള്ള് ഷാപ്പുകളും ജനജീവിതത്തെ ബാധിക്കാത്ത സ്ഥലത്തായിരിക്കണം. വാഹന പാർക്കിങിനു സ്ഥലമുണ്ടാകണം.

1248-toddy-shop
പ്രതീകാത്മക ചിത്രം

∙ പഴത്തിൽനിന്ന് വൈൻ ഉൽപ്പാദിപ്പിക്കാനുള്ള നിയമഭേദഗതിയായി. കശുമാങ്ങ, വാഴപ്പഴം, പൈനാപ്പിള്‍, ജാതിക്ക തുടങ്ങിയവയിൽനിന്ന് വൈൻ ഉൽപാദിപ്പിക്കാനാണ് ആദ്യഘട്ടത്തിലെ ആലോചന. എക്സൈസിന്റെ മേൽനോട്ടത്തിൽ ബവ്റിജസ് കോർപറേഷനായിരിക്കും ഉൽപ്പാദന ചുമതല. കർഷകരിൽനിന്ന് ബവ്കോയുടെ വാഹനങ്ങളിൽ പഴങ്ങൾ ശേഖരിക്കും.

∙ ടോഡി ബോർഡ് ഭരണസമിതി ഏപ്രിൽ മാസത്തോടെ രൂപീകരിക്കും. തിരുവനന്തപുരമായിരിക്കും ബോർഡ് ആസ്ഥാനം. കള്ളുഷാപ്പുകളെ ബോർഡിന്റെ നിയന്ത്രണത്തിലാക്കും. എല്ലാം കള്ളുഷാപ്പുകൾക്കും ഏകീകൃത രൂപവും മാനദണ്ഡങ്ങളും കൊണ്ടുവന്ന് ‘ബ്രാൻഡിങ്’ നടപ്പിലാക്കും. കള്ളിനെ ബ്രാൻഡ് ചെയ്തു വിൽക്കാനുള്ള നടപടികളും ആരംഭിക്കും.

∙ അടുത്ത സാമ്പത്തിക വർഷം മുതൽ 4 സ്റ്റാർ സൗകര്യമുള്ള ബാറുകൾക്ക് ലൈസൻസ് നൽകിയാൽ മതിയെന്ന തീരുമാനം പരിഗണനയിൽ. മദ്യശാലകളിൽ വൃത്തിയും സൗകര്യവും ഉറപ്പുവരുത്തുന്നതിന്റെ ഭാഗമാണിത്. ചിലര്‍ തട്ടിക്കൂട്ട് സൗകര്യങ്ങളൊരുക്കി ലൈസൻസ് നേടുന്നതായി എക്സൈസ് കമ്മിഷണർ റിപ്പോർട്ടു നൽകിയിരുന്നു. ഗുണനിലവാരം ഉറപ്പാക്കുന്നവർക്കു മാത്രമേ ലൈസൻസ് നൽകൂ എന്ന് സർക്കാർ.

∙ ബവ്റിജസ് കോർപറേഷൻ ഔട്ട്ലറ്റുകളിൽ യൂണിഫോം കോഡ് കൊണ്ടുവരുന്നതു പരിഗണനയിൽ.

∙ ഒന്നാം തീയതിയിലെ അവധി എടുത്തു മാറ്റണമെന്ന് മന്ത്രിതല ചർച്ചയിൽ ബവ്കോയും ബാറുടമകളും ആവശ്യപ്പെട്ടു. ഒന്നാം തീയതി അവധിയാണെങ്കിലും മദ്യം കരിഞ്ചന്തയിൽ വിൽക്കാൻ മാഫിയകൾ പ്രവർത്തിക്കുന്നതായി അവർ ചൂണ്ടിക്കാട്ടി. തലേദിവസം മദ്യം വാങ്ങി ശേഖരിക്കുന്ന രീതിയുമുണ്ട്. എന്നാൽ, തൊഴിലാളി സംഘടനകൾ ഈ നിർദേശത്തെ എതിർത്തു. ആ ദിവസത്തെ അവധി തുടരണമെന്നാണ് അവരുടെ അഭ്യർഥന. അന്തിമ തീരുമാനം എൽഡിഎഫിൽ.

English Summary: Kerala Government’s move to open pubs at IT parks

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com