ADVERTISEMENT

വെര്‍ച്വല്‍ മീഡിയയെ കൂട്ടുപിടിച്ചായിരുന്നു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിലെ മിക്കയിടങ്ങളിലും ഇത്തവണ പ്രചാരണം. അങ്ങോട്ടുമിങ്ങോട്ടും പഴിചാരിയും മാധ്യമങ്ങള്‍ക്കുമുന്നില്‍ 'അലറി'യും വിഡിയോ ക്ലിപ്പുകളിലൂടെയും നേതാക്കള്‍ മുഖം കാണിച്ചുകൊണ്ടിരുന്നു. വാഗ്വാദങ്ങളും ചര്‍ച്ചകളും അഭിമുഖങ്ങളും റാലികളും പദയാത്രകളുമായി കൊഴുത്തുനിന്ന പ്രചാരണങ്ങള്‍ക്ക് മേനികൂട്ടിയത് പ്രധാനമന്ത്രി നരേന്ദ്ര മോദി വാര്‍ത്താ എജന്‍സി എഎന്‍ഐയ്ക്ക് നല്‍കിയ അഭിമുഖമാണ്. അഭിമുഖത്തിനു പിന്നാലെ ചൂടുപിടിച്ച ചര്‍ച്ചകളുമുണ്ടായി.

ഉത്തര്‍പ്രദേശ് തിരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ട വോട്ടെടുപ്പിനു തൊട്ടുതലേന്ന് മോദി നടത്തിയ 'മന്‍കി ബാത്ത്' തിരഞ്ഞെടുപ്പു മാനദണ്ഡങ്ങളുടെ ലംഘനമല്ലേയെന്നും ചര്‍ച്ചയുയര്‍ന്നു. മാധ്യമങ്ങള്‍ക്ക് അധികം മുഖം നല്‍കാത്ത പ്രധാനമന്ത്രി, ഉത്തര്‍പ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന്റെ ഒന്നാംഘട്ട വോട്ടെടുപ്പിന്റെ തലേന്ന് എഎന്‍ഐയ്ക്ക് അഭിമുഖം നല്‍കിയതെന്തിന്? ബിജെപിക്കായുള്ള തിരഞ്ഞെടുപ്പ് പ്രചാരണമോ? തിരഞ്ഞെടുപ്പില്‍ പിന്നാക്കം പോയേക്കുമെന്ന പേടിയോ? യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥിലുള്ള വിശ്വാസക്കുറവോ? 2024ല്‍ വീണ്ടും അധികാരത്തിലേറാനുള്ള ചരടുവലിയോ?– ചോദ്യങ്ങൾ ഒരുപാടുയർന്നു.

യുപിയില്‍ സമാജ്‌വാദി പാര്‍ട്ടി (എസ്പി) നേതാവ് അഖിലേഷ് യാദവിന്റെ നേതൃത്വത്തിലുള്ള പ്രതിപക്ഷ സഖ്യത്തിനാണ് കൂടുതല്‍ അനുകൂല ജനവികാരമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. അഖിലേഷ് ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നുണ്ട്. ജനങ്ങളുടെ വികാരമാണ് തിരഞ്ഞെടുപ്പ് ഫലത്തിൽ പ്രതിഫലിക്കുക. യുപിയിലെ ജനങ്ങളുടെ വികാരം സര്‍ക്കാരിനോടുള്ള അതൃപ്തിയോ ആക്രോശമോയെന്ന് മാര്‍ച്ച് 10ന് അറിയാം. ‘ജനവികാരം’ മുൻകൂട്ടി കണ്ടിട്ടാവണം മോദി അഭിമുഖം നൽകിയതെന്നാണു ചർച്ചകളുടെ ആകെത്തുക.

pm-modi-1
നരേന്ദ്ര മോദി

∙ സ്‌പെഷല്‍ മന്‍കി ബാത്ത്

പ്രതിപക്ഷത്തിനെതിരെ കടന്നാക്രമണം നടത്തി മോദി നൽകിയ അഭിമുഖം, നേരിട്ട് വോട്ട് അഭ്യര്‍ഥന നടത്തിയില്ലെങ്കിലും ഒരു തരത്തില്‍ തിരഞ്ഞെടുപ്പ് സ്‌പെഷല്‍ 'മന്‍കി ബാത്ത്' ആയിരുന്നു. കോണ്‍ഗ്രസിന്റേതുള്‍പ്പെടെ രാഷ്ട്രീയ കുടുംബവാഴ്ചയെ വിമര്‍ശിച്ച അദ്ദേഹം, തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ചു സംസ്ഥാനങ്ങളിലും ബിജെപി വിജയിക്കുമെന്നും ഭരണാനുകൂല വികാരം ബിജെപിക്കൊപ്പമെന്നും ആവര്‍ത്തിച്ചു.

അഴിമതി, നിയമസഭാ തിരഞ്ഞെടുപ്പ്, കാര്‍ഷിക നിയമങ്ങള്‍ റദ്ദാക്കല്‍ തുടങ്ങിയ വിവിധ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു. അവതാരക ചോദിച്ച എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കാന്‍ ശ്രമിച്ചു. യോഗി സര്‍ക്കാരിന്റെ നേട്ടങ്ങളെ എണ്ണമിട്ടു നിരത്തി. ഗുണ്ടാരാജും സ്ത്രീ സുരക്ഷയും കോവിഡും കുംഭമേളയും സംസ്ഥാനത്തെ ക്രമസമാധാനവുമെല്ലാം എടുത്തുകാട്ടി. ജിഎസ്ടി, ഒരു റേഷന്‍ ഒരു കാര്‍ഡ്, ആയുഷ്മാന്‍ ഭാരത് തുടങ്ങിയ കേന്ദ്ര സര്‍ക്കാര്‍ പദ്ധതികളെയും സൂചിപ്പിച്ചു. ദേശീയ ഏജന്‍സികളായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടേറ്റ്, സിബിഐ എന്നിവയെ ദുരുപയോഗം ചെയ്തുവെന്ന പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെക്കുറിച്ചും പ്രതികരിച്ചു.

∙ തെറ്റോ ശരിയോ

1248-bjp-up

വോട്ടെടുപ്പിന്റെ തലേന്ന് മോദിയുടെ അഭിമുഖം സംപ്രേഷണം ചെയ്തത് തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങളുടെ ലംഘനമല്ലേ?. 2009ല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ പുറത്തിറക്കിയ നിര്‍ദേശപ്രകാരം ചട്ടലംഘനമെന്നാണ് വാദം. അതുപ്രകാരം, 'തിരഞ്ഞെടുപ്പ് നടക്കുന്ന മണ്ഡലങ്ങളുമായി ബന്ധപ്പെട്ട, തിരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാന്‍ ഉദ്ദേശിച്ചുള്ള, സാധ്യതയുള്ള ഒരു കാര്യവും സെക്‌ഷന്‍ 126-ല്‍ പരാമര്‍ശിച്ചിരിക്കുന്ന 48 മണിക്കൂര്‍ നിരോധിത കാലയളവില്‍ സംപ്രേഷണം ചെയ്യരുത്'- എന്നാണ്.

2017 ലെ ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പ്, കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയുടെ അഭിമുഖങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് നിര്‍ത്താന്‍ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷന്‍ ടിവി ചാനലുകളോട് ആവശ്യപ്പെട്ടിരുന്നു. നിയമം ലംഘിക്കുന്നവര്‍ക്കെതിരെ നടപടിയെടുക്കാന്‍ ഗുജറാത്ത് തിരഞ്ഞെടുപ്പ് കമ്മിഷനോട് നിര്‍ദേശിക്കുകയും ചെയ്തു. ഇതേ നടപടി എന്തുകൊണ്ട് മോദിയുടെ കാര്യത്തില്‍ ഉണ്ടായിട്ടില്ലെന്നത് ചോദ്യമാണ്.

∙ മോദിക്കും ബിജെപിക്കും പ്രധാനം

yogi

2024ലെ പൊതു തിരഞ്ഞെടുപ്പിലേക്ക് എന്തൊക്കെ ചെയ്യണം, ചെയ്യരുത് എന്നു തീരുമാനിക്കാന്‍ ഈ തിരഞ്ഞെടുപ്പു ഫലം ബിജെപിയെ സഹായിക്കും. തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളില്‍ നാലെണ്ണത്തില്‍ അധികാരത്തിലിരിക്കുന്ന ബിജെപിക്ക് ഭരണവിരുദ്ധതയെ ചെറുക്കുകയും അഞ്ച് വര്‍ഷത്തെ പ്രകടനം സംരക്ഷിക്കുകയും വേണം. ഹിന്ദി ഹൃദയ ഭൂമിയായ ഉത്തര്‍പ്രദേശില്‍ അത് എങ്ങനെ പ്രവര്‍ത്തിക്കുന്നു എന്നത് 2024 ലെ പൊതുതിരഞ്ഞെടുപ്പിനെക്കുറിച്ചുള്ള ധാരണ നല്‍കും. ജൂലൈയിലെ രാഷ്ട്രപതി തിരഞ്ഞെടുപ്പായിരിക്കും യുപി തിരഞ്ഞെടുപ്പ് ഫലത്തിന്റെ ആദ്യ വിധിയെഴുതുക. ഉത്തര്‍പ്രദേശില്‍ തോല്‍ക്കുകയോ കഷ്ടിച്ച് വിജയിക്കുകയോ ചെയ്താല്‍, ബിജെപി തീരുമാനിക്കുന്നയാളെ രാഷ്ടപതിയായി അവരോധിക്കുന്നതിനു തിരിച്ചടിയായേക്കും.

യുപിയില്‍ ബിജെപിക്ക് കിട്ടുന്ന സീറ്റുകളുടെ എണ്ണമോ വോട്ടുവിഹിതമോ കുറഞ്ഞാലോ, ഇനി അഥവാ മറ്റു ചെറു കക്ഷികള്‍ ചേര്‍ന്ന് സംസ്ഥാനത്ത് സര്‍ക്കാര്‍ രൂപീകരിച്ചാലോ തിരിച്ചടിയാകുന്നത് ബിജെപിക്കു മാത്രമല്ല, പ്രധാനമന്ത്രിയെന്ന നിലയില്‍ മോദിയുടെ പ്രതിച്ഛായയ്ക്കു കൂടിയാണ്. 2017ലെ യുപി തിരഞ്ഞെടുപ്പ് ഫലം (403ല്‍ 312 സീറ്റുകളുടെ ഭൂരിപക്ഷം) 2019-ലെ ലോക്സഭാ തിരഞ്ഞെടുപ്പിനെ സ്വാധീനിച്ചിരുന്നു. സംസ്ഥാനത്ത് 49.98 ശതമാനം വോട്ടുവിഹിതം നേടിയ പാര്‍ട്ടി 62 സീറ്റുകളില്‍ അന്ന് വിജയച്ചു. 2014-ല്‍, യുപിയില്‍ നേടിയ 71 ലോക്സഭാ സീറ്റുകളാണ് മോദിയെ പ്രധാനമന്ത്രിയാക്കിയത്.

∙ യോഗിക്ക് പരമപ്രധാനം

യുപി ഫലം മോദിയെ മാത്രമല്ല, യോഗിക്കു പ്രധാനമാണ്. യോഗിയുടെ ഭാവി രാഷ്ട്രീയത്തിനുംകൂടി യുപി തിരഞ്ഞെടുപ്പ് വിധിയെഴുതും. മുഖ്യമന്ത്രി സ്ഥാനത്തിനപ്പുറം ദേശീയ നേതാവെന്ന നിലയിലേക്കുയരാന്‍  തിരഞ്ഞെടുപ്പ് ഫലം നിര്‍ണായകമാണ്. (അടുത്തിടെ, അടുത്ത പ്രധാനമന്ത്രി സ്ഥാനാര്‍ഥിയാകുമോയെന്ന മാധ്യമങ്ങളുടെ ചോദ്യത്തിന്, പാര്‍ട്ടി നല്‍കുന്ന ഏതു പദവിയും സ്വീകരിക്കാന്‍ തയാറെന്നായിരുന്നു യോഗിയുടെ മറുപടി). ഇത്തവണയും ബിജെപി മികച്ച പ്രകടനം നടത്തിയാല്‍ അത് യോഗിയുടെ തൊപ്പിയിലെ പൊന്‍തൂവലായി കാണക്കാക്കപ്പെടും. ഭാവി നേതാവായും അദ്ദേഹത്തെ കാണാന്‍ തുടങ്ങും.

കടുത്ത ഹിന്ദുത്വവാദിയായ യോഗി ഉത്തര്‍പ്രദേശില്‍ മാത്രമല്ല, തിരഞ്ഞെടുപ്പ് നടക്കുന്ന മറ്റു സംസ്ഥാനങ്ങളിലും പ്രചാരണത്തിനെത്തിയിരുന്നു. ദേശീയ നേതാവെന്ന നിലയിലേക്കുയരാന്‍ ഇത് യോഗിയെ പ്രാപ്തനാക്കുന്നുണ്ട്. യുപിയില്‍ ബിജെപി പിന്നാക്കം പോയാല്‍ അത് യോഗിയുടെ മുഖ്യമന്ത്രി പദവിയിലും അദ്ദേഹത്തിന്റെ ദേശീയ അഭിലാഷങ്ങൾക്കും തിരിച്ചടിയായേക്കും.

English Summary: Uttar Pradesh Assembly Election BJP Campaign

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com