ADVERTISEMENT

കൊച്ചി∙ പോക്സോ കേസ് പ്രതികളായ ഫോർട്ടുകൊച്ചിയിലെ നമ്പർ 18 ഹോട്ടലുടമ റോയ് വയലാറ്റ് ഉൾപ്പടെയുള്ളവരുടെ മുൻകൂർ ജാമ്യാപേക്ഷയിൽ വിധി പറയുന്നത് ഹൈക്കോടതി മാറ്റി വച്ചു. ലൈംഗിക അതിക്രമത്തിന് ഇരയായ പെൺകുട്ടിയുടെ മൊഴി അസ്വസ്ഥതയുണ്ടാക്കുന്നതാണ് എന്ന പരാമർശത്തോടെയാണ് ജസ്റ്റിസ് പി. ഗോപിനാഥ് ഹർജി വിധി പറയുന്നതിനായി മാറ്റി വച്ചത്. റോയി വയലാറ്റിന്റെ കൂട്ടാളി സൈജു തങ്കച്ചൻ, ഇയാളുടെ സുഹൃത്തും കോഴിക്കോട് സ്വദേശിനിയുമായ അഞ്ജലി റീമാദേവ് എന്നിവരുടെ ഹർജിയിൽ ശനിയാഴ്ച വിധി പറയും. 

കഴിഞ്ഞ മാസം കേസ് പരിഗണിക്കുമ്പോൾ ഇരയായ പെൺകുട്ടി മജിസ്ട്രേറ്റിനു നൽകിയ രഹസ്യ മൊഴി പരിശോധിക്കുന്നതിനായി കോടതി കേസ് മാറ്റി വയ്ക്കുകയായിരുന്നു. കേസിൽ വിധി പറയുന്നതു വരെ പ്രതികളെ അറസ്റ്റു ചെയ്യില്ലെന്ന നിലപാട് അന്വേഷണ സംഘവും കോടതിയിൽ സ്വീകരിച്ചു. അതേ സമയം റോയി അന്വേഷണവുമായി സഹകരിക്കുന്നില്ലെന്നും കോടതിയിൽ അറിയിച്ചിരുന്നു. ഇതിനിടെ പ്രതികളിൽ ഒരാളായ സൈജു തങ്കച്ചനെ വിളിച്ചു വരുത്തി പൊലീസ് മൊഴി രേഖപ്പെടുത്തിയിട്ടുണ്ട്. ഒളിവിലുള്ള അഞ്ജലിയെ കണ്ടെത്താനായി അന്വേഷണ ഉദ്യോഗസ്ഥനെ നിയോഗിക്കുകയും ചെയ്തിരുന്നു. 

പരാതിക്കാരിയായ അമ്മയും മകളും സ്വന്തം ഇഷ്ടപ്രകാരമാണ് ഹോട്ടലിൽ എത്തിയതെന്ന വാദമായിരുന്നു റോയി വയലാറ്റ് കോടതിയിൽ ഉയർത്തിയത്. ഡിജിറ്റൽ രേഖകൾ പരിശോധിച്ച ശേഷമേ ജാമ്യാപേക്ഷയിൽ തീരുമാനം എടുക്കാവെന്നും റോയി കോടതിയോട് അഭ്യർഥിച്ചിരുന്നു. മാസങ്ങളായി എല്ലാ ആഴ്ചയും അന്വേഷണ ഉദ്യോഗസ്ഥർക്കു മുമ്പാകെ ഹാജരാകുന്നുണ്ടെന്നും അതുകൊണ്ട് അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദത്തിൽ കഴമ്പില്ലെന്നുമായിരുന്നു റോയിയുടെ വാദം. 

വൈറ്റിലയ്ക്ക് അടുത്ത് മോഡലുകൾ അപകടത്തിൽ മരിച്ച സംഭവത്തിന് ഒരാഴ്ച മുമ്പ് സമാന രീതിയിൽ തന്നെയും മകളെയും ഉൾപ്പടെ ഏഴു പെൺകുട്ടികളെ കൊച്ചിയിൽ ബിസിനസ് മീറ്റിന് എന്ന പേരിൽ വിളിച്ചു വരുത്തി മദ്യം നൽകുകയും ലൈംഗികമായി ഉപദ്രവിക്കാൻ ശ്രമിച്ചെന്നുമുള്ള കോഴിക്കോട് സ്വദേശിനിയുടെ പരാതിയിലാണ് പൊലീസ് കേസെടുത്തിരിക്കുന്നത്. പ്രായപൂർത്തിയാകാത്ത മകളെ ലൈംഗികമായി ദുരുപയോഗം ചെയ്യാനുള്ള ശ്രമമുണ്ടായപ്പോൾ സ്ഥലത്തു നിന്ന് ഓടി രക്ഷപെടുകയായിരുന്നു എന്നുമാണ് ഇവർ മൊഴി നൽകിയിട്ടുള്ളത്.

English Summary: Court to deliver verdict on anticipatory bail plea of Roy Vayalat, 2 others on Saturday

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com