ADVERTISEMENT

‘‘ആണവായുധം പ്രയോഗിക്കുമെന്ന ഭീഷണി ഏറ്റവും അവസാനത്തേത് ആയിരിക്കണം. അപകടകരമായ അത്തരം വാചക കസർത്തുകളോട് എനിക്കു താൽപര്യമില്ല . ആണവായുധങ്ങൾ പ്രതിരോധത്തിനുള്ളവയാണ്. അനാവശ്യമായ സംഘർഷങ്ങൾ ഒഴിവാക്കി ലോകസമാധാനം ഉറപ്പുവരുത്താൻ അവയ്ക്ക് കഴിയും. അതിനെ കടന്നുകയറ്റത്തിനുള്ള ആയുധമാക്കരുത്. ആണവായുധങ്ങള്‍ പ്രയോഗിക്കപ്പെടുക എന്നതിനര്‍ഥം ലോകത്തിന്റെ അവസാനമെന്നാണ്, എല്ലാവരുടെയും മരണമെന്നും.’’ - 2016 ല്‍ ഇങ്ങനെ സംയമനത്തോടെ സംസാരിച്ച റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമിർ പുട്ടിൻ എന്തുകൊണ്ടാണ് ഇപ്പോൾ മലക്കം മറിഞ്ഞ് നിലപാട് മാറ്റിയത്?

റഷ്യയുടെ വൻസൈനിക ശക്തിക്കുമുമ്പിൽ ഒന്നുമല്ലാത്ത യുക്രെയ്നെയും ഇതുവരെ പ്രത്യക്ഷമായി രംഗത്ത് വരാത്ത നാറ്റോ സഖ്യരാഷ്ടങ്ങളെയും ഭയപ്പെടുത്താൻ ആണവായുധ ഭീഷണി എന്ന അറ്റകൈപ്രയോഗത്തിന്റെ ആവശ്യമുണ്ടായിരുന്നോ? പുട്ടിന്റെ പ്രസ്താവനയെത്തുടര്‍ന്ന് ഏതെങ്കിലും തരത്തില്‍ ആണവായുധ സാമഗ്രികള്‍ റഷ്യ ഒരുക്കിത്തുടങ്ങിയതായി വിശ്വാസയോഗ്യമായ വിവരങ്ങളൊന്നും പുറത്തുവന്നിട്ടില്ലെങ്കിലും വന്‍ശക്തികളായ റഷ്യയുടെയോ അമേരിക്കയുടെയോ ഒരു നേതാവ് അരനൂറ്റാണ്ടില്‍ ആദ്യമായി ഇങ്ങനെയൊരു പ്രസ്താവന നടത്തിയതിന്റെ നടുക്കത്തിലാണ് ലോകം.

∙ ഭയപ്പെടുത്തി പിന്തിരിപ്പിക്കാനുള്ള നീക്കമോ?

തീവ്രമാക്കി തണുപ്പിക്കുക (എസ്കലേറ്റ് ടു ഡി-എസ്കലേറ്റ്) എന്ന തന്ത്രമാവാം റഷ്യ പ്രയോഗിക്കുന്നതെന്നാണ് പ്രതിരോധ വിദഗ്ധരുടെ നിഗമനം. സൈനിക നീക്കത്തിൽ പരാജയപ്പെടുമെന്ന ഘട്ടം വന്നാൽ ശത്രുവിനെ ഭയപ്പെടുത്തി യുദ്ധക്കളത്തിൽനിന്ന് പിന്തിരിപ്പിക്കാൻ ആണവായുധ ഭീഷണി മുഴക്കുകയും അങ്ങനെ വലിയ യുദ്ധ സാഹചര്യം ഒഴിവാക്കുകയും ചെയ്യുക എന്നതാണ് ഈ തന്ത്രത്തിന്റെ കാതല്‍. എസ്കലേറ്റ് ടു ഡി-എസ്കലേറ്റ് എന്ന തന്ത്രത്തെക്കുറിച്ച് റഷ്യയുടെ സൈനിക നയരേഖകളിലൊന്നും പരാമർശമില്ലെങ്കിലും അമേരിക്കൻ പ്രതിരോധ വിദഗ്ധരിൽ പലരും ഇങ്ങനെയൊരു യുദ്ധതന്ത്രം റഷ്യയ്ക്കുള്ളതായി അനുമാനിക്കുന്നു.

രണ്ടാം ലോകമഹായുദ്ധാനന്തരം യൂറോപ്പ് കണ്ട ഏറ്റവും വലിയ യുദ്ധസന്നാഹം ഒരുക്കി ഇറങ്ങിയിട്ടും പ്രതീക്ഷിച്ച വേഗത്തില്‍ യുക്രെയ്ന്‍ കീഴ്പ്പെടുത്താനാവാഞ്ഞതും അമേരിക്കയും മറ്റ് പടിഞ്ഞാറന്‍ രാജ്യങ്ങളും റഷ്യയ്ക്കുമേല്‍ കടുത്ത ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയതുമാവാം യുദ്ധത്തിനിറങ്ങിയതിന്റെ നാലാം ദിവസംതന്നെ ആണവായുധ ഭീഷണി മുഴക്കാന്‍ പുട്ടിനെ പ്രേരിപ്പിച്ചത്. സ്വന്തം രാജ്യത്ത് ആയിരക്കണക്കിനു പേരാണ് യുദ്ധവിരുദ്ധപ്രകടനങ്ങളില്‍ പങ്കെടുത്ത് പുട്ടിന്റെ തീരുമാനത്തിനെതിരെ പ്രതിഷേധിക്കുന്നത്.

∙ റഷ്യന്‍ നിലപാടുകളിലെ ചാഞ്ചാട്ടങ്ങള്‍

ആണവായുധ പ്രയോഗത്തെക്കുറിച്ച് കടകവിരുദ്ധമായ നിലപാടുകളാണ് ഒരോ കാലത്തും റഷ്യ കൈക്കൊള്ളുന്നത്. ഉദാഹരണത്തിന്, യുദ്ധമുണ്ടായാൽ ആദ്യം ആണവായുധം പ്രയോഗിക്കുന്ന രാജ്യമാവില്ല സോവിയറ്റ് യൂണിയനെന്ന് 1982 ല്‍ ബ്രഷ്നേവ് പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ 1993–ൽ റഷ്യ നിലപാട് മാറ്റി. രാജ്യത്തിന്റെ പരമാധികാരത്തിനു നേരെയുള്ള കടന്നുകയറ്റത്തെ ചെറുക്കാൻ ആണവായുധം പ്രയോഗിക്കാമെന്ന നിലപാടെടുത്തു. സോവിയറ്റ് യൂണിയന്റെ ശിഥീലീകരണത്തെത്തുടര്‍ന്ന് സാമ്പത്തികമായും രാഷ്ട്രീയമായും പരുങ്ങലിലായതാണ് നയവ്യതിയാനത്തിന് റഷ്യയെ പ്രേരിപ്പിച്ചത്.

സോവിയറ്റ് യൂണിയന്‍ ഇല്ലാതാവുകയും ശീതയുദ്ധം അവസാനിക്കുകയും ചെയ്തശേഷം, അമേരിക്കന്‍ മേല്‍ക്കോയ്മ മാത്രം പ്രകടമായ ഏകധ്രുവലോകത്ത്, നഷ്ടപ്രതാപം വീണ്ടെടുക്കുന്ന ഒരു ഏകീകൃത റഷ്യ എന്ന സ്വപ്നം നിറവേറ്റാന്‍ ശ്രമം പുട്ടിന്‍ തുടങ്ങിയിരുന്നെങ്കിലും നിലവിട്ട തീവ്രനിലപാടുകളിലേക്ക് അദ്ദേഹം പോയിരുന്നില്ല. അക്കാദമിക്കുകളും പ്രതിരോധ വിദഗ്ധരും പങ്കെടുത്ത ഒരു സമ്മേളനത്തില്‍ 2018 ല്‍ പോലും സ്വയം പ്രതിരോധത്തില്‍ ഊന്നിയ മിതസ്വരത്തിലാണ് പുട്ടിന്‍ സംസാരിച്ചത് -

‘‘ആദ്യം ആണവായുധം ഉപയോഗിക്കുക എന്നത് ഞങ്ങളുടെ നയമല്ല. അടിച്ചാല്‍ തിരിച്ചടിക്കും എന്നതാണ് ഞങ്ങളുടെ നിലപാട്. റഷ്യയെ ഏതെങ്കിലും ശത്രുരാജ്യം അക്രമിക്കുന്നുവെന്നു വിവരം കിട്ടിയാല്‍ സെക്കന്‍ഡുകള്‍ക്കകം ഞങ്ങള്‍ തിരിച്ചടിക്കും. അത് ലോകത്തിനാകെ ദുരന്തമായി ഭവിക്കും. ഞാന്‍ വീണ്ടും ആവര്‍ത്തിച്ച് പറയുന്നു ഞങ്ങള്‍ അത് തുടങ്ങി വയ്ക്കില്ല. കാരണം, മുന്നേകൂട്ടി ആദ്യമേ ആണവാക്രമണം നടത്താന്‍ ഞങ്ങളുടെ നിയമത്തില്‍ വ്യവസ്ഥയില്ല. പക്ഷേ റഷ്യയെ അക്രമിക്കാന്‍ തുനിയുന്നവര്‍ ലോകത്തുനിന്ന് ഉന്മൂലനം ചെയ്യപ്പെടും എന്നതും നിങ്ങള്‍ മനസിലാക്കണം.”

ചുവട് അപ്പാടെ മാറ്റിച്ചവിട്ടി തീവ്രനിലപാടിലേക്കാണ് റഷ്യ പിന്നീട് മാറിയത്. പ്രാദേശികമായി ഒതുങ്ങി നിൽക്കുന്ന ഒരു യുദ്ധത്തിൽ പോലും മുൻകരുതലായി ആണവായുധ പ്രയോഗം നടത്താൻ റഷ്യ തുനിഞ്ഞേക്കാമെന്നാണ് സെക്യൂരിറ്റി കൗൺസിലിന്റെ തലവനായ നിക്കോളായി പട്രൂഷേവ് 2019 ല്‍ പ്രഖ്യാപിച്ചത്.

എന്നാൽ 2020 ല്‍ റഷ്യ പുറത്തിറക്കിയ ആണവായുധ നയപ്രഖ്യാപന രേഖയിൽ പ്രതിരോധത്തിനായി മാത്രമാണ് ആണവായുധങ്ങൾ എന്ന് വ്യക്തമായി പറഞ്ഞിട്ടുണ്ട്. എങ്ങനെ, എപ്പോള്‍, ഏതുസാഹചര്യത്തില്‍ ആണവായുധങ്ങള്‍ ഉപയോഗിക്കാന്‍ ഇടയുണ്ടെന്ന് ഏറക്കുറെ സുതാര്യമായ ആണവായുധനയം ആദ്യമായാണ് റഷ്യ പരസ്യപ്പെടുത്തുന്നത്. സോവിയറ്റ് യൂണിയന്റെ കാലത്ത് ഇങ്ങനെയൊരു നയരേഖ പ്രസിദ്ധീകരിക്കപ്പെട്ടിരുന്നില്ല.

റഷ്യന്‍ പ്രസിഡന്റിനാണ് ആണവാക്രമണം നടത്താനുള്ള തീരുമാനം എടുക്കാന്‍ അധികാരം. ഈ രേഖ അനുസരിച്ച് നാലു സാഹചര്യങ്ങള്‍ സംജാതമായാല്‍ റഷ്യ ആണവായുധം പ്രയോഗിക്കും.

1. റഷ്യയുടേയോ അതിന്റെ സഖ്യകക്ഷികളുടെ നേര്‍ക്കോ ശത്രു രാജ്യം ആണവാക്രമണം നടത്തിയാല്‍.
2. റഷ്യൻ ഫെഡറേഷനെ അസ്ഥിരപ്പെടുത്താൻ ആകും വിധം സാമ്പ്രദായിക ആയുധങ്ങള്‍കൊണ്ട് അക്രമിച്ചാല്‍.
3. റഷ്യയേയും സഖ്യകക്ഷികളെയും ലക്ഷ്യമിട്ട് ബാലിസ്റ്റിക് മിസൈല്‍ തൊടുത്തു കഴിഞ്ഞതായി വിശ്വാസയോഗ്യമായ വിവരം ലഭിച്ചാല്‍
4. റഷ്യയുടെ നിര്‍ണായക ആണവ കേന്ദ്രങ്ങളെ ശത്രുരാജ്യം അക്രമിച്ചാല്‍.

റഷ്യ ഒരിക്കലും ഒരു സാഹചര്യത്തിലും ആണവയുദ്ധത്തിന് തുടക്കമിടില്ല എന്നാണ് ഈ രേഖ പരസ്യപ്പെടുത്തിക്കൊണ്ട് റഷ്യന്‍ വക്താവ് അന്ന് പ്രഖ്യാപിച്ചത്. എങ്കിലും ആണവ യുദ്ധത്തിന് തങ്ങള്‍ തുടക്കമിടില്ല എന്ന് ഈ രേഖയില്‍ ഒരിടത്തും വ്യക്തമായി പറയുന്നില്ലെന്ന് നിരീക്ഷകര്‍ അന്നുതന്നെ ചൂണ്ടിക്കാട്ടുകയുണ്ടായി.

റഷ്യയും അമേരിക്കയും സാമാധാനം ഉറപ്പാക്കുന്ന നിലപാടുകളുമായി മുമ്പോട്ടു പോകുന്നതിനാല്‍ ആണവയുദ്ധഭീതി ഏറക്കുറെ ഒഴിഞ്ഞ ലോകത്തായിരുന്നു നാം പുലര്‍ന്നിരുന്നത് , ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ. പുട്ടിന്റെ പ്രസ്താവനയോടെ ശീതയുദ്ധകാലത്തേതിന് സമാനമായ സാഹചര്യമാണ് സംജാതമായിക്കൊണ്ടിരിക്കുന്നത്. അമേരിക്കയും സഖ്യരാജ്യങ്ങളും പുട്ടിന്റെ വാക്കുകള്‍ അക്ഷരാര്‍ഥത്തില്‍ എടുത്ത് സമാനമായ അലര്‍ട്ട് ലവല്‍ പുറപ്പെടുവിച്ചിട്ടില്ല എന്നത് ആശ്വാസത്തിന് വക നല്‍കുന്നു. കോവിഡ് മഹാമാരിയുടെ ജ്വരബാധയില്‍ നിര്‍ജീവമായിപ്പോയ ലോകം ഉണര്‍ന്നു തുടങ്ങുന്നതേയുള്ളൂ. മനുഷ്യന്റെ നിയന്ത്രണത്തില്‍ അല്ലാത്ത ഒരു വിപത്തിന്റെ പിടിയില്‍നിന്ന് മോചിതമായിക്കൊണ്ടിരിക്കുന്ന വേളയില്‍ മനുഷ്യ നിര്‍മിതമായ ദുരന്തത്തിലേക്ക് വീണുപോവാത്ത, വിവേകപൂര്‍ണവും ഉത്തരവാദിത്തമുള്ളതുമായ വാക്കും പ്രവൃത്തിയുമാണ് ലോക നേതാക്കളില്‍നിന്ന് ലോകമനസാക്ഷി പ്രതീക്ഷിക്കുന്നതും.

∙ റഷ്യയിൽ തയാർ 897 ആണവപോർമുനകൾ

മനുഷ്യനുള്‍പ്പടെ എണ്ണമറ്റ ജീവജാലങ്ങളെ തല്‍ക്ഷണ നാശത്തിലേക്കും ജീവന്‍ ബാക്കിയാവുന്നവയെ ശിഷ്ടകാല യാതനയിലേക്കും തള്ളിവിടാന്‍ പോന്ന, സൂര്യപ്രകാശത്തെ മറച്ച് ഇരുള്‍ പടര്‍ത്തി ഭൂമിയെ വിറങ്ങലിപ്പിക്കാന്‍ ശേഷിയുള്ള, ആണവ ശിശിരം എന്ന ഭയാനക അവസ്ഥ സൃഷ്ടിക്കാന്‍ കഴിയുന്നവയാണ് ആണവായുധങ്ങളുടെ പ്രയോഗം. റഷ്യ, അമേരിക്ക, ബ്രിട്ടന്‍, ഫ്രാന്‍സ്, ചൈന, ഇന്ത്യ, പാക്കിസ്ഥാന്‍, ഇസ്രയേല്‍, നോര്‍ത്ത് കൊറിയ എന്നീ ഒൻപതു രാജ്യങ്ങളാണ് ലോകത്തെ ആണവശക്തികള്‍. ഇവരെല്ലാംകൂടി സംഭരിച്ചു വച്ചിരിക്കുന്നത് 12,700 ആയുധങ്ങളും. ഇതില്‍ തൊണ്ണൂറു ശതമാനം ആയുധശേഖരവും കയ്യാളുന്നത് റഷ്യയും അമേരിക്കയും ചേര്‍ന്നാണ്.

ഇന്ത്യപോലുള്ള രാജ്യങ്ങള്‍ സ്വയരക്ഷക്കുള്ള ആയുധമായി മാത്രം ആണവായുധങ്ങളെ കണക്കാക്കുകയും ലോകത്തിനു സുരക്ഷിതത്വം ഉറപ്പുവരുത്തുന്ന ഉത്തരവാദിത്വപൂര്‍ണമായ പരിപാലന രീതികള്‍ പിന്തുടരുകയും ചെയ്യുമ്പോള്‍ അയല്‍രാജ്യത്തോടുള്ള കടുത്ത ശത്രുതയിലും ഏകാധിപത്യ മതിഭ്രങ്ങളിലും ഉഴറുന്ന രാജ്യങ്ങളില്‍നിന്ന് പക്വമായൊരു നിലപാട് ലോകം പ്രതീക്ഷിച്ചുകൂടാ.

ഏതു സമയത്തും പ്രയോഗിക്കാന്‍ പാകത്തില്‍ 897 ആണവ പോര്‍മുനകളാണ് മിസൈലുകളില്‍ ഘടിപ്പിച്ച് റഷ്യ തയ്യാറാക്കി നിര്‍ത്തിയിരിക്കുന്നത്. അമേരിക്ക 852 എണ്ണവും. ലോഞ്ച് ചെയ്യാന്‍ പാകത്തില്‍ ആണവ പോര്‍മുന വഹിക്കുന്ന 400 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ് (ICBM)അമേരിക്ക 1959 മുതല്‍ വിന്യസിച്ചിട്ടുള്ളത്. റഷ്യയാവട്ടെ 310 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈലുകളാണ് സദാ വിക്ഷേപണ സന്നദ്ധമായി നിര്‍ത്തിയിരിക്കുന്നത്. പതിനഞ്ചു മിനിട്ടില്‍ താഴെമതി ഇവ ലോഞ്ച് ചെയ്യാന്‍. ഇതിനു പുറമെ കടലാഴങ്ങഴില്‍ മിസൈലുകള്‍ ഘടിപ്പിച്ച അന്തര്‍വാഹിനികളും ശത്രുവിന്റെ ആകാശങ്ങളെ ഭേദിക്കാന്‍ ബോംബര്‍ വിമാനങ്ങളും ഉത്തരവു കാത്തുനില്‍ക്കുന്നു.

എണ്ണത്തില്‍ കുറവാണെങ്കിലും ഫ്രാന്‍സും ബ്രിട്ടനും യഥാക്രമം 80 ഉം 40 വീതം പോര്‍മുനകള്‍ തയ്യാറാക്കി വച്ചിരിക്കുന്നു. ഇന്ത്യ, ചൈന, പാക്കിസ്ഥാന്‍, ഇസ്രയേല്‍, നോര്‍ത്ത് കൊറിയ തുടങ്ങിയ ആണവ ശക്തികള്‍ ആണവായുധം ലോഞ്ചറുകളില്‍ ഘടിപ്പിക്കാതെ പ്രത്യേകമായാണ് സൂക്ഷിച്ചിരിക്കുന്നത്.

English Summary: How likely is Putin will launch a nuclear attack in the conflict between Russia and Ukraine?

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com