ADVERTISEMENT

ഒടുവിൽ തീരുമാനമായി. ‘ബോംബെ ജയന്തി’ ഇനി മുംബൈയ്ക്കില്ല. കന്യാകുമാരിയിൽ നിന്ന് പുണെയിൽ ഓടിയെത്തി മടങ്ങും. കോവിഡ് കാലത്ത് രണ്ടു വർഷത്തിലേറെ നിലച്ച ട്രെയിൻ മാർച്ച് 31ന് പുനരാരംഭിക്കുമ്പോൾ ‘ബോബെ ജയന്തി’ അഥവാ ‘ജയന്തി’ എന്ന മലയാളികളുടെ നൊസ്റ്റാൾജിയ മധുരിക്കുന്ന ഒരു ഓർമ മാത്രമാകും. പതിറ്റാണ്ടുകളോളം മുംബൈ മലയാളികളുടെ ജീവശ്വാസമായിരുന്നു ജയന്തി ജനത എക്സ്പ്രസ് (കന്യാകുമാരി – മുംബൈ സിഎസ്ടിഎം    ട്രെയിൻ – നമ്പർ 16381/82). 

യാത്ര തുടങ്ങിയ 1973 ജനുവരി ആറു മുതൽ കോവിഡ് കാല വിശ്രമം തുടങ്ങിയ 2020 മാർച്ച് വരെ 5 സംസ്ഥാനങ്ങൾ കടന്ന് 2136 കിലോമീറ്റർ കുതിച്ചിരുന്ന സ്വപ്നസഞ്ചാരി. ദേശീയ ലോക്ഡൗൺ പ്രഖ്യാപിച്ചതോടെ വിട പറഞ്ഞ ജയന്തിയെ പിന്നീട് കാണാനില്ലായിരുന്നു. നിയന്ത്രണങ്ങളെല്ലാം നീങ്ങി എല്ലാം പൂർവസ്ഥിതി പ്രാപിച്ചിട്ടും തിരിച്ചു വരാതിരുന്ന ജയന്തി ഒടുവിൽ വരുന്നത് മുംബൈയെ ഉപേക്ഷിച്ചാണ്. കന്യാകുമാരിയിൽ നിന്നുള്ള സർവീസ് മാർച്ച് 31നാണ്. പുണെയിൽ നിന്നും ഏപ്രിൽ ഒന്നു മുതൽ. പുതിയ ടൈംടേബിളിൽ ഒഴിവായി പോകുന്നത് മുംബൈ മാത്രമല്ല, ദാദർ, താനെ, കല്യാൺ, കർജത്, ലോണവാല എന്നിവിടങ്ങളിലേക്കും നേരിട്ടുള്ള യാത്രയും. 

കൊങ്കൺ പാതയിലൂടെ കേരളത്തിൽ നിന്ന് 24 മണിക്കൂറിൽ താഴെ സമയത്തിൽ മുംബൈയിലെത്താമെന്ന സ്ഥിതി വന്നതോടെ ജയന്തിയിലെ യാത്രയ്ക്കു തിരക്ക് കുറഞ്ഞു. യാത്രക്കാർ കൊങ്കൺ പാതയിലെ നേത്രാവതിക്കും ഗരീബ്‌രഥിനും പിന്നാലെ പോയി. പൻവേലും വസായിയും വഴി കൊങ്കൺ പാതയിലൂടെ രാജധാനി എക്സ്പ്രസ് ഉൾപ്പെടെയുള്ള ഡൽഹി ട്രെയിനുകളും വന്നതോടെ ഒരു കാലത്ത് ഒരിക്കലും ടിക്കറ്റ് കിട്ടാത്ത ജയന്തിയുടെ ടിക്കറ്റുകൾ വെയ്റ്റ് ലിസ്റ്റിൽ പോലും പലപ്പോഴും എത്താതെയായി. കൊങ്കൺ വഴി ടിക്കറ്റ് കിട്ടാത്തവരുടെ ആശ്വാസവണ്ടിയായി ജയന്തി തുടരുകായായിരുന്നു. 

1248-kanyakumari

കോവിഡ് മഹാമാരിയുടെ ആവിർഭാവത്തോടെ നിന്നു പോയ ജയന്തിയുടെ രണ്ടാം വരവ് ഏറെക്കാലമായി കാത്തിരിക്കുകയായിരുന്നു. മലയാളി യുവത്വത്തിന്റെ തൊഴിൽ തേടിയുള്ള ആദ്യകാല കുടിയേറ്റത്തിന്റെ സഹചാരിയുടെ പുനരവതാരത്തിനായി മുറവിളികൾ ഏറെയുയർന്ന ശേഷമാണ് പുതിയ കുപ്പായത്തിൽ ജയന്തിയുടെ രണ്ടാം ജന്മം.

ടൈംടേബിൾ പരിഷ്കരണത്തിന്റെ ഭാഗമായാണ് ജയന്തിയുടെ യാത്രാദൂരത്തിലെ വെട്ടിച്ചുരുക്കൽ. മുംബൈ സിഎസ്ടിഎമ്മിലെ തിരക്ക് ഒഴിവാക്കാനായി കൂടി റെയിൽവേ കണ്ടു പിടിച്ച വഴി. മുംബൈ ജയന്തിയുടെ ചരിത്രപ്രാധാന്യം കണക്കിലെടുക്കാതെയുള്ള തീരുമാനം. ജയന്തി പുനരാരംഭിക്കാനുള്ള തീരുമാനത്തിൽ സന്തോഷിക്കുമ്പോഴും മുംബൈയിലെത്താത്ത ജയന്തി ഒരു തലമുറയ്ക്ക് നൽകുന്നത് മോഹഭംഗം മാത്രം.

കൃത്യ സമയത്ത് ഓടിയേക്കാം, എൽഎച്ച്ബി കോച്ചുകളിലൂടെ കൂടുതൽ സുന്ദരിയായേക്കാം. വളരുന്ന പുണെ നഗരത്തിൽ പണ്ട് മുംബൈയിലുള്ളതുപോലെ മലയാളി സമൂഹം ഉണ്ടായിരിക്കാം. എങ്കിലും ഇരുനൂറോളം കിലോമീറ്റർ കൂടി കടന്ന് മുംബൈയിലേക്ക് ജയന്തി ഓടുന്നത് കാണാനാണിവർക്കിഷ്ടം.

English Summary: Protest against short-termination of Jayanthi Janata Express 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com