ADVERTISEMENT

തിരുവനന്തപുരം∙ നഗരത്തിലെ ഹോട്ടല്‍ മുറിയിൽ യുവതി കൊല്ലപ്പെട്ട സംഭവം ആസൂത്രിതമെന്ന് പൊലീസ്. കൊല്ലപ്പെട്ട ഗായത്രിയുടെ (24) സുഹൃത്ത് കൊല്ലം പരവൂർ കോട്ടപ്പുറം സ്വദേശി പ്രവീൺ കൊലപാതകം നടത്തുകയെന്ന ഉദ്ദേശ്യത്തോടെയാണു മുറിയെടുത്തത്. വിവാഹം കഴിക്കണമെന്ന് ഗായത്രി നിർബന്ധം പിടിച്ചതാണു കൊലപാതകത്തിലേക്കു നയിച്ചത്. ഷാൾ ഉപയോഗിച്ചു കഴുത്തു ഞെരിച്ചാണ് ഗായത്രിയെ കൊലപ്പെടുത്തിയതെന്നും പ്രതി കുറ്റം സമ്മതിച്ചതായും പൊലീസ് പറഞ്ഞു.

ജ്വല്ലറിയിൽ ഡ്രൈവറായിരുന്ന പ്രവീൺ കോവിഡ് കാലത്താണ് ഗായത്രിയുമായി അടുപ്പത്തിലാകുന്നത്. കഴിഞ്ഞ വർഷം ഫെബ്രുവരിയിൽ നഗരത്തിലെ ഒരു പള്ളിയിൽ വച്ചു താലികെട്ടി. ഇതു നിയമപ്രകാരം ആയിരുന്നില്ല. ഭാര്യയുമായുള്ള ബന്ധം വേർപെടുത്തിയശേഷം വിവാഹം കഴിക്കാമെന്നാണ് പ്രവീൺ ഉറപ്പു നൽകിയിരുന്നത്. ഇരുവരും തമ്മിലുള്ള അടുപ്പം ഭാര്യ അറിഞ്ഞതോടെ ഗായത്രി ജോലി രാജിവച്ചുപോയെങ്കിലും ബന്ധം തുടർന്നു. വിവാഹം കഴിക്കണമെന്ന് ഗായത്രി നിർബന്ധം പിടിച്ചതാണു കൊലപാതകത്തിൽ കലാശിച്ചത്.

ഒരുമിച്ച് കഴിയാനായിരുന്നു ആഗ്രഹമെങ്കിൽ മകളെ കൊലപ്പെടുത്തിയത് എന്തിനാണെന്ന് കാട്ടാക്കട വീരണകാവ് സ്വദേശി ഗായത്രിയുടെ അമ്മ സുജാത ചോദിക്കുന്നു. ഗായത്രിയുടെ മരണം വിശ്വസിക്കാനാകാത്ത അവസ്ഥയിലാണ് അമ്മ സുജാതയും ഏക സഹോദരി ജയശ്രീയും. സുജാതയുടെ ഭർത്താവ് മാരിയപ്പൻ 20 വർഷം മുൻപ് മരിച്ചു. ഗായത്രിക്ക് അന്ന് അഞ്ചും രണ്ടാമത്തെ മകൾക്ക് രണ്ടു വയസ്സുമായിരുന്നു പ്രായം. 

വീട്ടു ജോലിക്കുപോയും കൂലിപ്പണി ചെയ്തുമാണ് മക്കളെ വളർത്തിയത്. സഹപ്രവർത്തകനുമായി മകൾക്ക് അടുപ്പമുള്ള കാര്യം സുജാതയ്ക്ക് അറിയാമായിരുന്നു. രാത്രി വൈകിയും മകളെ കാണാതായതോടെ ഗായത്രിയുടെ ഫോണിലേക്കു വിളിച്ചെങ്കിലും ഫോണെടുത്തത് പ്രവീണായിരുന്നു. ഗായത്രി കൂടെയുണ്ടെന്നായിരുന്നു മറുപടി. രാത്രി പത്തോടെ കാട്ടാക്കട സ്റ്റേഷനിലെത്തി സുജാത പരാതി നൽകി. തുടർന്നുള്ള തിരച്ചിലിലാണു മകളെ ഹോട്ടലിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്.

English Summary: Gayathri's Murder Was Planned, Say Police

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com