ADVERTISEMENT

തിരുവനന്തപുരം/ കൽപറ്റ∙ കെപിസിസി പ്രസിഡന്റ് കെ.സുധാകരന്റെ ജീവന്‍ സിപിഎം കൊടുക്കുന്ന ഭിക്ഷയാണെന്ന ചെറുതോണി പ്രസംഗത്തില്‍ തെറ്റില്ലെന്ന്  സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി.വര്‍ഗീസ്. വർഗീസിന്റേത് തെരുവു ഗുണ്ടയുടെ ഭാഷയെന്നു തിരിച്ചടിച്ച് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ.

പ്രസംഗം വിവാദമായതോടെയാണ് വർഗീസിന്റെ വിശദീകരണം. ചൊവ്വ വൈകുന്നേരം ചെറുതോണിയിൽ നടന്ന പാർട്ടി പൊതുയോഗത്തിലായിരുന്നു പരാമർശം. എം.എം. മണിയടക്കമുള്ള മുതിര്‍ന്ന സിപിഎം നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രസ്താവന. 

അതേ സമയം സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി. വർഗീസിന്റേത് തെരുവുഗുണ്ടയുടെ ഭാഷയാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ ആരോപിച്ചു. കെ. സുധാകരന്റെ ദേഹത്ത് ഒരു നുള്ള് മണ്ണുവാരിയിടാ‍ൻ കോൺഗ്രസുകാർ അനുവദിക്കില്ലെന്നും സതീശൻ കൽപറ്റയിൽ പറഞ്ഞു. കാലന്റെ റോൾ കൈകാര്യം ചെയ്യുകയാണെന്നു സിപിഎം നേതാക്കൾ തെറ്റിദ്ധരിച്ചിരിക്കുന്നു. പ്രകോപനപരമായ പ്രസ്താവന നടത്തിയ ജില്ലാ സെക്രട്ടറിക്കെതിരെ കേസ് എടുക്കണം. ഇടുക്കിയിൽ എസ്എഫ്ഐ പ്രവർത്തകൻ കൊല്ലപ്പെട്ടതിൽ ജില്ലാ സെക്രട്ടറിക്കു പങ്കുണ്ടോയെന്നും അന്വേഷിക്കണം. കൊലപാതകവുമായി ബന്ധപ്പെട്ട് ഒട്ടേറെ രഹസ്യങ്ങൾ ജില്ലാ സെക്രട്ടറിക്ക് അറിയാം.

ഇയാളെ പൊലീസ് ചോദ്യം ചെയ്യണം. തിരുവനന്തപുരം മുതൽ കാസർകോട് വരെ ഗുണ്ടാ കോറിഡോറാണ്. തെരുവ് ഗുണ്ടകളെ സംരക്ഷിക്കുന്നത് സിപിഎം നേതാക്കളാണ്. സുധാകരൻ നികൃഷ്ട ജീവിയാണെന്നാണ് ജില്ലാ സെക്രട്ടറി പറയുന്നത്. ഈ വാക്ക് മലയാളം നിഘണ്ടുവിന് സംഭവന ചെയ്തത് പിണറായി വിജയനാണ്. നേതാക്കന്മാരാണ് ഇത്തരത്തിൽ ഭീഷണിപ്പെടുത്താൻ താഴെത്തട്ടിലുള്ള ആളുകളെയും പ്രേരിപ്പിക്കുന്നതെന്നും വി.ഡി. സതീശൻ മാധ്യമങ്ങളോടു പറ‍ഞ്ഞു. 

എന്നാൽ, ഇടുക്കി എന്‍ജിനീയറിങ് കോളജില്‍ കൊല്ലപ്പെട്ട ധീരജിന്റെ ചോര ഉണങ്ങുംമുന്‍പ് പ്രകോപനപരമായി സംസാരിച്ചത് കെ. സുധാകരനാണെന്നു സി.വി. വർഗീസ് പറഞ്ഞു. ധീരജിന്റെ കൊലയാളി നിഖിൽ പൈലി അടക്കമുള്ളവർ നിരപരാധികളാണെന്നും കൊലപാതകം ഇരങ്ങിവാങ്ങിയതാണെന്നും പറഞ്ഞ് പ്രകോപനമുണ്ടാക്കാൻ ശ്രമിച്ചത് സുധാകരനാണെന്നും തിരുവനന്തപുരത്ത് പറഞ്ഞു.

പ്രസംഗം സുധാകരനുള്ള മറുപടി മാത്രമാണെന്നും അതിൽ പ്രകാപനമില്ലെന്നും സി.വി. വർഗീസ് പറഞ്ഞു. മുൻമന്ത്രി എം.എം മണി ഇടുക്കി ജില്ലാ സെക്രട്ടറിയുടെ പ്രസംഗത്തെ ന്യായീകരിച്ചു. കെ.സുധാകരന്‍ സിപിഎം നേതാക്കളെ പേരെടുത്ത് പറഞ്ഞ് ആക്ഷേപിച്ചു. ധീരജിന്റെ മരണത്തിൽ പാർട്ടിപ്രവർത്തകരെ പ്രകോപിപ്പിക്കാൻ ശ്രമിച്ചത് സുധാകരനാണെന്നും എം.എം. മണി  പറഞ്ഞു. ധീരജിന്റെ കൊലയാളികളെ ഇറക്കി കൊണ്ടുവന്ന് മാർക്സിറ്റുകാരുടെ നെഞ്ചത്തുകൂടി നടത്തുമെന്നു പറഞ്ഞത് സുധാകരനാണ്. സുധാകരന്‍ പറഞ്ഞതിന് തക്ക മറുപടി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി  നല്‍കിയിട്ടില്ലെന്നും എം.എം. മണി തിരുവനന്തപുരത്ത് പറഞ്ഞു.

English Summary: CV Varghese on controversial speech in Cheruthoni against K. Sudhakaran

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com