ADVERTISEMENT

ന്യൂഡൽഹി ∙ ഉത്തർപ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നീ സംസ്ഥാനങ്ങളിലെ നിയമസഭാ തിര‍ഞ്ഞെടുപ്പു ഫലം വ്യാഴാഴ്ച അറിയാം. വോട്ടെണ്ണൽ രാവിലെ എട്ടിന് ആരംഭിക്കും. ഉച്ചയോടെ ഫലസൂചനകൾ വ്യക്തമാകും. യുപിയിലെ 403 സീറ്റുകളിലെയും ഫലം വൈകിട്ടോടെ ലഭ്യമാകും. മറ്റിടങ്ങളിൽ ഉച്ചയോടെ ഫലം വരുമെന്നാണ് കരുതുന്നത്.

പഞ്ചാബിൽ 117, ഉത്തരാഖണ്ഡിൽ 70, മണിപ്പുരിൽ 60, ഗോവയിൽ 40 എന്നിങ്ങനെയാണ് ആകെ സീറ്റുകൾ. പഞ്ചാബിൽ കോൺഗ്രസും മറ്റിടങ്ങളിൽ ബിജെപിയുമാണ് അധികാരത്തിലുള്ളത്. എക്സിറ്റ് പോളുകളിൽ യുപിയിലും മണിപ്പുരിലും ബിജെപിക്കും പഞ്ചാബിൽ ആം ആദ്മി പാർട്ടിക്കുമാണു സാധ്യത പ്രവചിക്കുന്നത്. ഗോവയിലും ഉത്തരാഖണ്ഡിലും കടുത്ത പോരാട്ടമാണ്. യുപിയിൽ ബിജെപിയും സമാജ്‌വാദി പാർട്ടിയും തമ്മിലും, പഞ്ചാബിൽ കോൺഗ്രസും ആം ആദ്മി പാർട്ടിയും തമ്മിലുമായിരുന്നു മുഖ്യ മത്സരം. ഉത്തരാഖണ്ഡ്, മണിപ്പുർ, ഗോവ എന്നിവിടങ്ങളിൽ ബിജെപിയും കോൺഗ്രസും തമ്മിലായിരുന്നു പോരാട്ടം.

അഞ്ച് സംസ്ഥാനങ്ങളിലായി 1200 ഓളം ഹാളുകളിലാണു വോട്ടെണ്ണൽ പ്രക്രിയ. 50,000 ഉദ്യോഗസ്ഥർക്കാണു വോട്ടെണ്ണൽ ചുമതല. 403 സീറ്റുകളുള്ള യുപിയിൽ 750 വോട്ടെണ്ണൽ കേന്ദ്രങ്ങളുണ്ട്. പഞ്ചാബിൽ ഇരുനൂറിലേറെ വോട്ടെണ്ണൽ കേന്ദ്രങ്ങളാണുള്ളത്. വോട്ടെണ്ണൽ പ്രക്രിയയ്ക്കായി 650 ൽ അധികം നിരീക്ഷകരേയും ചുമതലപ്പെടുത്തി. യുപിയിലെ വോട്ടെണ്ണൽ കേന്ദ്രങ്ങളിൽ ക്യാമറകൾ സ്ഥാപിച്ചതായി ഉദ്യോഗസ്ഥർ വ്യക്തമാക്കി. ഉത്തർപ്രദേശിലെ വിവിധ ജില്ലകളിലായി 250 കമ്പനി സിഎപിഎഫ് ഉദ്യോഗസ്ഥരെ വോട്ടെണ്ണൽ ദിവസം വിന്യസിക്കും.

ഉത്തർപ്രദേശിൽ കഴിഞ്ഞതവണ 312 സീറ്റുകളോടെ വൻഭൂരിപക്ഷം നേടിയ ബിജെപിക്ക് ഇത്തവണ 211- 326 സീറ്റാണു വിവിധ എക്സിറ്റ് പോളുകളിലായി പ്രവചിക്കുന്നത്. എസ്പിക്കു പരമാവധി പറയുന്നത് 165 സീറ്റും. 202 സീറ്റാണു ഭൂരിപക്ഷത്തിനു വേണ്ടത്. ബിഎസ്പി മൂന്നാമതാകുമെന്നും കോൺഗ്രസ് ഇത്തവണയും ഒറ്റയക്കത്തിൽ ഒതുങ്ങുമെന്നുമാണു പ്രവചനം.

പഞ്ചാബില്‍ ആം ആദ്മി പാർട്ടിക്ക് 62–100 സീറ്റാണു വിവിധ ഏജൻസികൾ പ്രവചിക്കുന്നത്. ഭൂരിപക്ഷത്തിനു വേണ്ടത് 59 സീറ്റ്. നിലവിൽ ഭരണത്തിലുള്ള കോൺഗ്രസിനു പരമാവധി 33 സീറ്റ്. അകാലിദൾ മൂന്നാമതും ബിജെപിയും അമരിന്ദർ സിങ്ങിന്റെ പഞ്ചാബ് ലോക് കോൺഗ്രസും ചേർന്നുള്ള സഖ്യം നാലാമതുമാകും. ഉത്തരാഖണ്ഡിൽ കടുത്ത പോരാട്ടം നടക്കുമെന്നാണു പ്രവചനം. നേരിയ മുൻതൂക്കം ബിജെപിക്ക്. മൂന്നാമതെത്തുക ആം ആദ്മി പാർട്ടി. ഭരണം കിട്ടാൻ വേണ്ടത് 36 സീറ്റ്. ഗോവയിൽ തുല്യ ശക്തികളുടെ പോരാട്ടവും മണിപ്പൂരിൽ ബിജെപി ഭരണവുമാണു പ്രവചിക്കപ്പെടുന്നത്.

English Summary: 5 state election counting on March 10

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com