ADVERTISEMENT

കൊച്ചി ∙ കലൂരിൽ ഒന്നര വയസ്സുകാരി നോറ മരിയയെ ബക്കറ്റിലെ വെള്ളത്തിൽ മുക്കി കൊലപ്പെടുത്തിയ സംഭവത്തിൽ പുറത്തു വരുന്നതു ഞെട്ടിപ്പിക്കുന്ന വിവരങ്ങൾ. മരണം സംഭവിക്കുന്നത് ഈ കുഞ്ഞിന്റെയും ഒപ്പമുണ്ടായിരുന്ന അഞ്ചുവയസ്സുള്ള കുട്ടിയുടെയും സംരക്ഷണം സംബന്ധിച്ച കേസ് ചൈൽഡ് ആൻഡ് വെൽഫെയർ കമ്മിറ്റിയുടെ പരിഗണനയിലിരിക്കെയാണ്. കുഞ്ഞിന്റെ മാതാവ് അങ്കമാലി സ്വദേശിനി ഡിക്സി മൂന്നു മാസം മുൻപാണു വിദേശത്തു പോയത്. ഇതിനിടെ ചൈൽഡ് ലൈൻ വഴി സിഡബ്ല്യുസിക്കു പരാതി ലഭിച്ചതോടെയാണ് സംരക്ഷണം സംബന്ധിച്ച തർക്കം ഉയരുന്നത്.

kid-murder-arrest-2
പ്രതിയെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തപ്പോൾ. ചിത്രം: ഇ.വി. ശ്രീകുമാർ

അമ്മയുടെ വീട്ടിൽവച്ചു കുഞ്ഞുങ്ങൾക്കു പൊള്ളലേറ്റെന്നും സംരക്ഷണാവകാശം നൽകണമെന്നും കുഞ്ഞിന്റെ അച്ഛന്റെ വീട്ടുകാർ അവകാശവാദം ഉന്നയിച്ചു. ഇതോടെ സംരക്ഷണം കുഞ്ഞുങ്ങളുടെ അച്ഛനു ലഭിച്ചു. തർക്കം രൂക്ഷമായതോടെ കുഞ്ഞിനെ സിഡബ്ല്യുസിതന്നെ സംരക്ഷിക്കാം എന്ന ആലോചനയിലെത്തി. കുഞ്ഞിന്റെ അമ്മയുമായി സംസാരിച്ചപ്പോൾ അവർ ഉടനെ നാട്ടിലെത്തുമെന്നും സംരക്ഷണം സംബന്ധിച്ച തർക്കം പരിഹരിക്കാം എന്നും അറിയിച്ചു. ഇതിനിടെയാണു കുഞ്ഞ് കൊല്ലപ്പെട്ടത്.

അകന്നുമാറാൻ ശ്രമിച്ചിട്ടും അനുവദിക്കാതിരിക്കുകയും തന്നെ കള്ളക്കേസുകളിൽ കുടുക്കിയും കുടുംബഛിദ്രമുണ്ടാക്കിയും ദ്രോഹിക്കുകയും ചെയ്തതിലുള്ള  വൈരാഗ്യം മൂലമാണു മുത്തശ്ശി സിക്സിയുടെ കൊച്ചുമകളെ കൊലപ്പെടുത്തിയതെന്നു പ്രതി ജോൺ ബിനോയ് ഡിക്രൂസ് (28) പൊലീസിനോടു വെളിപ്പെടുത്തി. കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിൽ കുട്ടിയെ തലകീഴായി മുക്കിപ്പിടിച്ചു ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തുകയായിരുന്നുവെന്നാണു പ്രതിയുടെ മൊഴി. നോറ തന്റെയും ജോണിന്റെയും മകളാണെന്നാണു സിക്സി ജോണിനോടു പറഞ്ഞിരുന്നത്. ഇക്കാര്യം പറഞ്ഞു ഭീഷണിപ്പെടുത്തുകയും ജോണിന്റെ വീട്ടുകാരുടെ മുന്നിൽ നാണം കെടുത്തുകയും ചെയ്തതായാണു വിവരം. ഇതേത്തുടർന്നു ജോണിനെ വീട്ടിൽനിന്നു പുറത്താക്കിയിരുന്നു.

kid-murder-arrest-1
പ്രതിയെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തപ്പോൾ. ചിത്രം: ഇ.വി. ശ്രീകുമാർ

കുഞ്ഞു മരിക്കുമ്പോൾ മുത്തശ്ശി മുറിയിലുണ്ടായിരുന്നില്ല. പുറത്തു പോയിരുന്ന ഇവരെ ജോൺ ബിനോയ് അറിയിച്ചത്, കുഞ്ഞു പാലു കുടിച്ചപ്പോൾ നെറുകയിൽ പോയി അബോധാവസ്ഥയിലായി എന്നായിരുന്നു. രാത്രി ഒന്നരയോടെ ഹോട്ടൽ മുറിയിലേയ്ക്ക് എത്തിയ ഇവർ ജീവനക്കാരോടു കുഞ്ഞിന് എന്തോ പറ്റി എന്നു പറഞ്ഞാണ് അകത്തേയ്ക്കു പോയത്. തിരികെ വരുമ്പോൾ തോളിൽ അബോധാവസ്ഥയിൽ കുഞ്ഞുണ്ടായിരുന്നു. ഉടനെ ആശുപത്രിയിൽ എത്തിച്ചപ്പോൾ പറഞ്ഞതും ഇതു തന്നെയായിരുന്നു.

കുഞ്ഞിന്റെ മരണം സ്വാഭാവികമാണ് എന്നായിരുന്നു ആശുപത്രി അധികൃതരും കരുതിയത്. എന്നാൽ സംശയം തോന്നിയ കുഞ്ഞിന്റെ പിതാവ് ആവശ്യപ്പെട്ടതനുസരിച്ചു നടത്തിയ പോസ്റ്റ്മോർട്ടത്തിലാണ് മരണം വെള്ളം അകത്തു ചെന്നാണ് എന്നു ബോധ്യപ്പെട്ടത്. ഇതോടെ ഇരുവരെയും പൊലീസ് ചോദ്യം ചെയ്യുകയായിരുന്നു. കലൂരിൽ പിഞ്ചുകുഞ്ഞിനെ ബക്കറ്റിൽ മുക്കി കൊലപ്പെടുത്തിയ കേസിൽ അറസ്റ്റിലായ ജോൺ ബിനോയ് ഡിക്രൂസ് പള്ളുരുത്തി ഇഎസ്ഐ ആശുപത്രി റോഡിൽ താമസിക്കുന്ന ആളാണ്. ജോണിനെ ദത്തെടുത്തു വളർത്തുകയായിരുന്നു എന്നാണ് സമീപവാസികൾ നൽകുന്ന വിവരം. ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായും പ്രദേശവാസികൾ പറയുന്നു.

kid-murder-arrest-3
പ്രതിയെ പൊലീസ് കസ്റ്റ‍ഡിയിലെടുത്തപ്പോൾ. ചിത്രം: ഇ.വി. ശ്രീകുമാർ

English Summary: Kochi infant death case, more revelations

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com