ADVERTISEMENT

പഞ്ചാബിലെ തിരഞ്ഞെടുപ്പ് പോരാട്ടത്തിന്റെ തുടക്കത്തിൽതന്നെ മാൻ ഓഫ് ദ് മാച്ച് ആയി തിളങ്ങിയ ഒരാളെയുള്ളൂ, ഭഗവന്ത് സിങ് മാൻ. ഡൽഹിക്കു പുറത്തേക്ക് സാമ്രാജ്യം പടർത്തണമെന്ന ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ മോഹത്തിന് ഊടും പാവും നെയ്ത തലപ്പാവുകാരൻ. 2014 മുതൽ പഞ്ചാബിലെ സംഗ്‌രൂർ മണ്ഡലത്തെ ലോക്‌സഭയിൽ പ്രതിനിധീകരിക്കുന്ന ഭഗവന്തിനെ ആം ആദ്മി പാർട്ടി മുഖ്യമന്ത്രി സ്ഥാനാർഥിയായി പ്രഖ്യാപിച്ചതോടെ, സംസ്ഥാനത്തെ തലയെടുപ്പുള്ള നേതാക്കളുടെ കൂട്ടത്തിലേക്ക് പെട്ടെന്നായിരുന്നു ഉയർച്ച.

തമാശ ഇഷ്ടപ്പെടുന്നവരാണു പഞ്ചാബികൾ. ഈ ഇഷ്ടമാണു സ്റ്റാൻഡ്അപ് കോമഡിക്കാരുടെ നാടായും പഞ്ചാബിനെ മാറ്റുന്നത്. 1973 ഒക്ടോബർ 17ന് മൊഹിന്ദർ സിങ്ങിന്റെയും ഹർപൽ കൗർ സതൗജിന്റെയും മകനായി ജനനം. ഭഗവന്ത് എന്ന സ്‌കൂൾ വിദ്യാർഥിയും തമാശകളിലൂടെയാണ് പഞ്ചാബികൾക്കു മുന്നിലേക്ക് എത്തിയത്. സ്‌കൂൾ, കോളജ് തലങ്ങളിലെ മത്സരങ്ങളിൽ സമ്മാനങ്ങളും കയ്യടികളും നേടി മുന്നേറി. പിന്നെ ചാനലുകളിൽ സ്റ്റാൻഡ്അപ് കോമഡിയുമായി രംഗപ്രവേശം. ആയിടയ്ക്കാണ് ‍ജുഗ്നു (മിന്നാമിനുങ്ങ്) എന്ന വിളിപ്പേര് ലഭിച്ചത്. പിന്നാലെ സിനിമയിലും സീരിയലുകളും അഭിനയിച്ചു. 

പഞ്ചാബിൽ എഎപിയുടെ മുഖ്യമന്ത്രി സ്ഥാനാർഥി ഭഗവന്ത് മന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‍രിവാളും. ചിത്രം: @BhagwantMann / Twitter
ഭഗവന്ത് സിങ് മാൻ, അരവിന്ദ് കേജ്‌രിവാൾ

2012ൽ പഞ്ചാബ് പീപ്പിൾസ് പാർട്ടി ടിക്കറ്റിൽ നിയമസഭയിലേക്ക് മത്സരിച്ചു, തോറ്റു. 2014 ലോക്‌സഭാ തിരഞ്ഞെടുപ്പിന് തൊട്ടുമുൻപായി എഎപിയിലേക്ക് കൂടുമാറി. സംഗ്‌രൂർ മണ്ഡലത്തിൽ കാത്തിരുന്നതു വൻ വിജയം. ഭഗവന്തിന്റെ പല ‘തമാശകളും’ വിവാദക്കൊടുങ്കാറ്റായി മാറി. പരസ്യമായ മദ്യപാനം ‘പെഗ്‌വന്ത്’ മാൻ എന്നൊരു പേരും ചാർത്തിക്കൊടുത്തു. മുൻ എഎപി നേതാവ് യോഗേന്ദ്ര യാദവും കോൺഗ്രസ് നേതാവായിരുന്ന മുൻ മുഖ്യമന്ത്രി അമരിന്ദർ സിങ്ങും ഉൾപ്പെടെയുള്ളവർ ഭഗവന്തിന്റെ മദ്യപാനത്തെ‌ വിമർശിച്ചിട്ടുണ്ട്.

aap-celebration-1
പഞ്ചാബിലെ ചരിത്രവിജയം ആഘോഷിക്കുന്ന എഎപി പ്രവർത്തകർ. ഡൽഹി എഎപി ഓഫിസിൽ നിന്നുള്ള ദൃശ്യം. ചിത്രം∙ രാഹുൽ പട്ടം.

പാർലമെന്റിൽ മദ്യപിച്ചെത്തിയ ഭഗവന്ത്, പഞ്ചാബിന്റെ പ്രതിഛായയ്ക്കാണു മങ്ങലേൽപ്പിക്കുന്നത് എന്നായിരുന്നു അമരിന്ദറിന്റെ പ്രതികരണം. ഭഗവന്തിന്റെ മദ്യപാനത്തിനെതിരെ, എഎപി എംപിയായിരുന്ന ഹരീന്ദർ സിങ് ഖൽസ രേഖാമൂലം ലോക്‌സഭാ സ്പീക്കർക്കു പരാതി നൽകി. ഓസ്‌ട്രേലിയയിൽ കൊല്ലപ്പെട്ട യുവാവിന്റെ സംസ്‌കാര ചടങ്ങിലും, ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്കായി അമൃത്‌സറിലെ ഗുരുദ്വാരയിൽ സംഘടിപ്പിച്ച ചടങ്ങിലും മദ്യപിച്ച് എത്തി ഭഗവന്ത് ചീത്തപ്പേര് കേൾപ്പിച്ചു.

aap-celebration-2
പഞ്ചാബിലെ ചരിത്രവിജയം ആഘോഷിക്കുന്ന എഎപി പ്രവർത്തകർ. ഡൽഹി എഎപി ഓഫിസിൽ നിന്നുള്ള ദൃശ്യം. ചിത്രം∙ രാഹുൽ പട്ടം.

സിഖ് സമുദായ അംഗമെങ്കിലും 2014ലെ തിരഞ്ഞെടുപ്പ് ജയിക്കും വരെ ഭഗവന്ത് ടർബൻ ധരിച്ചിരുന്നില്ല. സിഖുകാരെ പോലെയല്ല താൻ ടർബൻ കെട്ടുന്നതെന്നും ഭഗത്‌ സിങ്ങിനെപ്പോലെയാണ് തലപ്പാവ് ധരിക്കുന്നതെന്നും പറഞ്ഞതും വിവാദമായി. ലോക്‌സഭാംഗമായതിന്റെ പിറ്റേ വർഷം, 2015ൽ, ഭാര്യ ഇന്ദർജീത് കൗറുമായി ഭഗവന്ത് വേർപിരിഞ്ഞു. നല്ലൊരു പഞ്ചാബിനുവേണ്ടി ഭാര്യയെ ഉപേക്ഷിക്കുന്നുവെന്നായിരുന്നു പ്രതികരണം. വിവാഹമോചനത്തിനു പ്രധാന കാരണമായി പറയുന്നതും ഭഗവന്തിന്റെ മദ്യപാനമാണ്. ഇരുവർക്കും ഒരു മകനും മകളുമാണുള്ളത്.

2017ൽ കോൺഗ്രസിലെ ദൽവിർ സിങ് ഗോൾഡി എഎപി സ്ഥാനാർഥിയെ 2811 വോട്ടിന്റെ ഭൂരിപക്ഷത്തിൽ മറികടന്നു വിജയിച്ച ധുരി മണ്ഡലത്തിലാണ് ഭഗവന്ത് ഇക്കുറിയും പോരിനിറങ്ങിയത്. 1977 മുതൽ ശിരോമണി അകാലിദൾ നാലു തവണയും കോൺഗ്രസ് മൂന്നു തവണയും ജയിച്ച മണ്ഡലം. സിറ്റിങ് എംഎൽഎ കോൺഗ്രസിന്റെ ദൽവീർ സിങ്ങിനെ ബഹുദൂരം പിന്നിലാക്കിയാണു ഭഗവന്തിന്റെ വിജയം. ബിജെപി സ്ഥാനാർഥി രൺദീപ് സിങ്ങും അകാലിദളിന്റെ പ്രകാശ് ചന്ദ്ര ഗാർഗും നിലംതൊട്ടില്ല.

aap-celebration-4
പഞ്ചാബിലെ ചരിത്രവിജയം ആഘോഷിക്കുന്ന എഎപി പ്രവർത്തകർ. ഡൽഹി എഎപി ഓഫിസിൽ നിന്നുള്ള ദൃശ്യം. ചിത്രം∙ രാഹുൽ പട്ടം.

വിവാദങ്ങൾപോലെ ജനപ്രീതിയും കൂടപ്പിറപ്പാണെന്നു കണ്ടാണ്, ഡൽഹി മുഖ്യമന്ത്രിയും എഎപി ദേശീയ കൺവീനറുമായ അരവിന്ദ് കേജ്‍‌രിവാൾ, പഞ്ചാബിലെ പതാകവാഹകനാകാൻ ഭഗവന്തിനെ തിരഞ്ഞെടുത്തത്. മുഖ്യമന്ത്രി സ്ഥാനാർഥിത്വ വോട്ടെടുപ്പിൽ 90 ശതമാനത്തിലേറെ പേരും നിർ‌ദേശിച്ചതും ഭഗവന്തിനെയാണ്. ഡൽഹിയിലെ ഭരണമാതൃക വാഗ്ദാനം ചെയ്തായിരുന്നു പഞ്ചാബിലെ പ്രചാരണം. പാട്ടും നൃത്തവുമൊക്കെയായി ആഘോഷത്തിമിർപ്പിലായിരുന്നു പരിപാടിക‍ൾ. ഭഗവന്തിന്റെ ആടിപ്പാടിയുള്ള വോട്ടുപിടിത്തം ജനങ്ങൾക്ക് ഇഷ്ടമായെന്നു തിരഞ്ഞെടുപ്പ് ഫലം തെളിയിക്കുന്നു.

aap-celebration-3
പഞ്ചാബിലെ ചരിത്രവിജയം ആഘോഷിക്കുന്ന എഎപി പ്രവർത്തകർ. ഡൽഹി എഎപി ഓഫിസിൽ നിന്നുള്ള ദൃശ്യം. ചിത്രം∙ രാഹുൽ പട്ടം.

English Summary: Punjab Elections: Bhagwant Mann ahead in Dhuri, set to be AAP’s second CM after Kejriwal

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com