ADVERTISEMENT

ലക്‌നൗ∙ ഉത്തര്‍പ്രദേശില്‍ ഭരണം നിലനിര്‍ത്തി ബിജെപി. ഇതുവരെയുള്ള ഫലസൂചനകളനുസരിച്ച് 403 നിയമസഭാ സീറ്റുകളിലേക്കു നടന്ന തിരഞ്ഞെടുപ്പില്‍ 370 സീറ്റുകളിൽ മത്സരിച്ച ബിജെപി 275 സീറ്റുകളിൽ ലീഡ് ചെയ്യുന്നു. അതേസമയം പാര്‍ട്ടിക്ക് 2017ലെ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 40 ഓളം സീറ്റുകളില്‍ പിന്നിലാണ്. 2017ല്‍ ബിജെപി 312 സീറ്റുകളില്‍ വിജയിച്ചിരുന്നു. 

123 സീറ്റുകളില്‍ ലീഡ് ചെയ്യുന്ന അഖിലേഷ് യാദവിന്റെ സമാജ്‌വാദി പാര്‍ട്ടി (എസ്പി) കഴിഞ്ഞ തിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് നില മെച്ചപ്പെടുത്തി. 343 സീറ്റുകളിലാണ് എസ്പി മത്സരിച്ചത്. കഴിഞ്ഞ തവണ 47 സീറ്റുകളില്‍ മാത്രമാണ് എസ്പി ജയിച്ചത്. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തില്‍ മത്സരിച്ച കോണ്‍ഗ്രസ് ഇതുവരെയുള്ള ഫലസൂചനയനുസരിച്ച് 2 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 400 സീറ്റുകളിലാണ് കോണ്‍ഗ്രസ് മത്സരിച്ചത്. അതേസമയം, 403 സീറ്റുകളിലും മത്സരിച്ച മായാവതിയുടെ ബിഎസ്പി 4 സീറ്റുകളിലൊതുങ്ങി. 

ബിജെപിക്ക് അഭിമാന പോരാട്ടമായിരുന്നു ഉത്തര്‍പ്രദേശില്‍. വരാനിരിക്കുന്ന രാഷ്ട്രപതി തിരഞ്ഞെടുപ്പും 2024ലെ പൊതു തിരഞ്ഞെടുപ്പും മുന്നില്‍ കണ്ട് ശക്തമായ പ്രചാരണമാണ് ബിജെപി സംസ്ഥാനത്ത് നടത്തിയത്. അയോധ്യയിലെ രാമക്ഷേത്രനിര്‍മാണം, കാശി വികസന ഇടനാഴി, ജീവാര്‍ വിമാനത്താവള നിര്‍മാണം ഉള്‍പ്പെടെയുള്ള കേന്ദ്ര, സംസ്ഥാന സര്‍ക്കാരുടെ വികസന പദ്ധതികള്‍ ഉയര്‍ത്തിക്കാട്ടിയായിരുന്നു പ്രചാരണം. ഉന്നാവ്, ഹത്രസ് പീഡന കേസുകള്‍, ലഖിംപുര്‍ ഖേരി സംഘര്‍ഷം, കോവിഡിന്റെ രണ്ടാം തരംഗം കൈകാര്യം ചെയ്യുന്നതിലെ വീഴ്ച, പടിഞ്ഞാറന്‍ യുപിയിലെ കര്‍ഷക രോഷം തുടങ്ങിയ പ്രശ്നങ്ങള്‍ പ്രതിപക്ഷം ശക്തമായ പ്രചാരണ വിഷയങ്ങളാക്കി. 

തിരിച്ചടിയായേക്കുമെന്ന് വിലയിരുത്തപ്പെട്ട വിവാദമായ കാര്‍ഷിക നിയമങ്ങള്‍ പിന്നീട് പിന്‍വലിച്ചത് ബിജെപിക്ക് അനുകൂലമായി. തിരഞ്ഞെടുപ്പിന്റെ മൂര്‍ധന്യാവസ്ഥയില്‍ പ്രമുഖ മന്ത്രിമാരും എംഎല്‍എമാരും എസ്പി ഉള്‍പ്പെടെയുള്ള പാര്‍ട്ടികളിലേക്ക് ചാഞ്ചാടിയെങ്കിലും വലിയ പ്രത്യാഘാതമുണ്ടായില്ല. ദലിത്, പിന്നാക്ക വോട്ടുകള്‍ ലക്ഷ്യമിട്ട് നിഷാദ് പാര്‍ട്ടി, അപ്നാ ദള്‍ (സോനേലാല്‍) എന്നിവരെ ഒപ്പം ചേര്‍ത്തതും ബിജെപിക്ക് അനുകൂലമായി. കോവിഡ് കാലത്ത് അധിക റേഷന്‍ നല്‍കിയതും ബാങ്ക് അക്കൗണ്ടുകളിലേക്കു പണം നിക്ഷേപിച്ചതും ഉജ്വല യോജന പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങിയതും ബിജെപിയെ സഹായിച്ചു. ആദ്യമായി നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിച്ച യോഗി ആദിത്യനാഥിന് മുഖ്യമന്ത്രി സ്ഥാനം നിലനിര്‍ത്താനും പൊതു തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കും യുപി ജയം അനിവാര്യമായിരുന്നു.

2017ല്‍ തോറ്റുതുന്നം പാടിയ അഖിലേഷ് യാദവിന്റെ ശക്തമായ തിരിച്ചുവരവാണ് തിരഞ്ഞെടുപ്പു ഫലം സൂചിപ്പിക്കുന്നത്. 311 സീറ്റുകളില്‍ മത്സരിച്ച എസ്പിക്ക് അന്ന് വെറും 47 സീറ്റുകളാണ് നേടാനായത്. ഇത്തവണ ഒറ്റയ്ക്ക് മത്സരിക്കാന്‍ തീരുമാനിച്ച എസ്പി പിന്നീട്, ഒബിസി, യാദവ് ഇതര വോട്ടുകള്‍ ലക്ഷ്യമിട്ട് ഓം പ്രകാശ് രാജ്ഭറിന്റെ സുഹേല്‍ദേവ് ഭാരതീയ സമാജ് പാര്‍ട്ടി, ശിവ്പാല്‍ യാദവിന്റെ പ്രഗതിഷീല്‍ സമാജ് വാദി പാര്‍ട്ടി എന്നിവരുമായി സഖ്യമുണ്ടാക്കിയിരുന്നു. ഭീം ആര്‍മിയുമായി ചര്‍ച്ച നടത്തിയെങ്കിലും നടന്നില്ല. അഴിമതി ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടി എസ്പിക്കെതിരെ ബിജെപി കടന്നാക്രമണം നടത്തിയെങ്കിലും, സര്‍ക്കാരിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് അഖിലേഷ് യാദവ് തിരിച്ചടിച്ചിരുന്നു.  

ബിജെപിക്ക് വന്‍ സ്വാധീനമുള്ള യുപിയില്‍ ഭരണത്തിലേറാമെന്ന പ്രതീക്ഷ തുടക്കത്തിലേ കോണ്‍ഗ്രസിനുണ്ടായിരുന്നില്ല. എങ്കിലും 40 ശതമാനം സീറ്റുകള്‍ സ്ത്രീകള്‍ക്ക് സംവരണം ചെയ്ത് സ്ത്രീ വോട്ടര്‍മാരെ ലക്ഷ്യമിട്ടാണ് കോണ്‍ഗ്രസ് പ്രചാരണം നയിച്ചത്. 2017ല്‍ 114 സീറ്റുകളില്‍ മത്സരിച്ച കോണ്‍ഗ്രസ് 7 സീറ്റുകളാണ് നേടിയത്. കോണ്‍ഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി വേദിക്കു പിന്നില്‍ ഒതുങ്ങിയതുകൊണ്ട് രാഹുലും പ്രിയങ്കയുമാണ് പ്രചാരണം നടത്തിയത്. 

മായാവതിയുടെ ബിഎസ്പിക്ക് തിരഞ്ഞെടുപ്പില്‍ കാര്യമായ നേട്ടമുണ്ടാക്കാനായില്ല. കഴിഞ്ഞ തവണ 403 സീറ്റുകളിലും മത്സരിച്ച പാര്‍ട്ടി 19 സീറ്റുകളിലാണ് ജയിച്ചത്. യുപിയില്‍ ആദ്യമായി മത്സരിച്ച ചന്ദ്രശേഖര്‍ ആസാദിന്റെ ഭീം ആര്‍മിക്ക് ഒരു സീറ്റും നേടാനായില്ല. 403 സീറ്റുകളിലും മത്സരിച്ച ആം ആദ്മി പാര്‍ട്ടിക്കും സീറ്റുകളൊന്നും ലഭിച്ചില്ല. 100 സീറ്റുകളിലേക്ക് മത്സരിച്ച അസദുദ്ദീന്‍ ഉവൈസിയുടെ നേതൃത്വത്തിലുള്ള എഐഎംഐഎമ്മിനും ഒരു സീറ്റും ലഭിച്ചില്ല. 2017ലെ തിരഞ്ഞെടുപ്പില്‍ 38 സീറ്റുകളില്‍ മത്സരിച്ചെങ്കിലും എഐഎംഐഎം ഒന്നിലും ജയിച്ചിരുന്നില്ല.

English Summary: Uttar Pradesh Assembly Election Result

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com