ADVERTISEMENT

ഗുജറാത്ത് രാഷ്ട്രീയത്തിലെ സര്‍വശക്തരാണ് ബിജെപി. രണ്ടു പതിറ്റാണ്ടിലധികമായി സംസ്ഥാനത്ത് അധികാരത്തിലുള്ള പാര്‍ട്ടി.  ‌പ്രധാനമന്ത്രിയായി ഡൽഹിയിലേക്ക് പോയെങ്കിലും നരേന്ദ്ര മോദിയുടേയും ആഭ്യന്തര മന്ത്രി അമിത് ഷായുടെയും സവിശേഷ ശ്രദ്ധ എപ്പോ‌ഴുമുള്ള സംസ്ഥാനം. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ഉയർത്തിയ കടുത്ത വെല്ലുവിളി ബിജെപി മറികടന്നത് മോദി അവസാന നിമിഷങ്ങളിൽ സൂറത്തിലും മറ്റും നടത്തിയ ‘രക്ഷാപ്രവർത്തന’ത്തിലൂടെയാണ്.

ഗുജറാത്തിലും പഞ്ചാബുമായി അതിർത്തി പങ്കിടുന്ന ഹിമാചൽ പ്രദേശിലും ഈ വർഷം ഡിസംബറിൽ നിയമസഭ തിരഞ്ഞെടുപ്പു നടക്കു‌മ്പോൾ അത് രാജ്യമൊട്ടാകെ ശ്രദ്ധിക്കുന്ന പോരാട്ടമായി മാറിയേക്കും. കോൺഗ്രസിനെ അട്ടിമറിച്ച് പഞ്ചാബ് പിടിച്ചതോടെ ദേശീയ രാഷ്ട്രീയത്തിലേക്ക് ആം ആദ്​മി പാർട്ടിയും അതിന്റെ കൺവീനറും ഡൽഹി മുഖ്യമന്ത്രിയുമായ അരവിന്ദ് കേജ്‌രി‌വാളും കസേര വലിച്ചിട്ട് ഇരുപ്പുറപ്പിച്ചിട്ടുള്ളതു കൊണ്ടു കൂടിയാണ്. ആപ്പിന് ഈ രണ്ടു സംസ്ഥാന തിരഞ്ഞെടുപ്പുകളും ഏറെ പ്രധാനമായതിനാൽ ഇതിനുള്ള ഇടപെടലുകൾ വളരെ നേരത്തെ തുടങ്ങുകയും ചെയ്തിട്ടുണ്ട്. 

bhagwant-mann-aap-punjab-election-3
അരവിന്ദ് കേജ്‍‌രിവാളും ഭഗവന്ത് സിങ് മാനും

∙ ബിജെപിയെ ഞെട്ടിച്ച തുടക്കം, ലക്ഷ്യം കോണ്‍ഗ്രസ്

ഇക്കഴി​ഞ്ഞ ഡിസംബറിൽ ബിജെപിയെ ഞെട്ടിച്ച ഒരു നീക്കം ആം ആദ്‌മി പാർട്ടിയിൽ നിന്നുണ്ടായി. ഗുജറാത്തിലെ ഹെഡ് ക്ലാർക്ക് പരീക്ഷയുടെ ചോദ്യപ്പേപ്പർ ചോർന്നതുമായി ബന്ധപ്പെട്ട വിവാദം നടക്കുന്ന സമയം. വിഷയത്തിൽ അന്വേഷണം ആവശ്യപ്പെട്ട് ആ മാസം 20–ന് ഗുജറാത്ത് ആം ആദ്‌മി പാര്‍ട്ടി ‌നേതാക്കളുടെ നേത‍ൃത്വത്തിൽ നൂറുകണക്കിന് പാർട്ടി പ്രവർത്തകർ ഗാന്ധിനഗറിലുള്ള ‌ബിജെപിയുടെ സംസ്ഥാന ആസ്ഥാനത്തേക്ക് ഇടിച്ചുകയറി. ഒരു പക്ഷെ സംസ്ഥാനത്തെ പ്രതിപക്ഷമായ കോൺഗ്രസ് പോലും ധൈര്യപ്പെടാത്ത കാര്യം. അതാണ് ഇന്ന് ആം ആദ്‌മി പാർട്ടി ഗുജറാത്തിൽ ചെയ്തു കൊണ്ടിരിക്കുന്നതും. തുടക്കത്തിൽ ഭരണം പിടിക്കാനായില്ലെങ്കിൽ പോലും കോൺഗ്രസിനെ തൂത്തെറിഞ്ഞ് ബിജെപിയുടെ മുഖ്യപ്രതിപക്ഷമാവുക. പഞ്ചാബ് തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നപ്പോൾ ഗുജറാത്തിന്റെ ചുമതലയുള്ള ഡൽ‌ഹി എംഎൽഎ ഗുലാബ് സിങ് പറഞ്ഞതും ഇക്കാര്യമാണ്. 

നിയമസഭാ തിരഞ്ഞെടുപ്പിനു തയാറെടുക്കാന്‍ പോവുകയാണ് ആം ആദ്‌മി പാർട്ടിയെന്ന് പറഞ്ഞ ഗുലാബ് സിങ്, പാർട്ടിയിൽ അംഗമാകാൻ നിരവധി പേരാണ് മുന്നോട്ടു വരുന്നതെന്നും വ‌്യക്തമാക്കി. ആം ആദ്‌മി പാർട്ടിയിൽ ചേരാനുള്ള അംഗത്വ വിതരണവും പാർട്ടി കഴിഞ്ഞ ദിവസം തുടങ്ങി വച്ചു. പഞ്ചാബ് വിജയാഘോഷത്തിന്റെ ഭാഗമായി മാർച്ച് 12 മുതൽ 16 വരെ ‌സംസ്ഥാനത്തെ പ്രധാനപ്പെട്ട പട്ടണങ്ങളിലും ജില്ലാ ആസ്ഥാനങ്ങളിലും ‘തിരംഗ യാത്ര’ നടത്തുമെന്നും ഗുലാബ് വ്യക്തമാക്കി. ഇതിനു പിന്നാലെ ഏപ്രിൽ ആദ്യം കേജ്‌രിവാ‌ളും പ‍ഞ്ചാബിൽ പാർട്ടിയെ വിജയത്തിലെത്തിച്ച ഭഗവന്ത് മന്നും ഗുജറാത്തിലെത്തുന്നുമുണ്ട്.

ബിജെപി പ്രതിക്കൂട്ടിൽ നിൽക്കുന്ന വിഷയങ്ങൾ തന്നെയാണ് ആം ആദ്‌മി പാർട്ടി ലക്ഷ്യമിടുന്നതും. തൊഴിലില്ലായ്മ, ചോദ്യപ്പേപ്പർ ചോർച്ച, കർഷകരുടെ ദുരവസ്ഥ, സ‌്വകാര്യ സ്കൂളുകളിലെയും മറ്റും ഉയർന്ന‌ ഫീസ് തുടങ്ങിയ വിഷയങ്ങൾ പാർട്ടി ഏറ്റെടുക്കാൻ പോവുന്നു എന്നാണ് ഗുലാബ് സിങ് പറയുന്നത്. ‘‘ഇത്ര കാലവും കോൺഗ്രസി‌നും ബിജെപിക്കും അവസരം നൽകിയ ഗുജറാത്തിലെ വോട്ടർമാർ ഒരവസരം ഞങ്ങൾക്കും തരും. കേജ്‌രിവാൾ മോഡൽ ഭരണം ശരിയാണെന്ന് തെളിഞ്ഞ സാഹചര്യത്തിൽ ഇക്കാര്യം ഗുജറാത്തിലെ ജനത്തെയും ബോധ്യപ്പെടുത്തും.’’ – ആം ആദ്‌മി പാർട്ടി സംസ്ഥാന അധ്യക്ഷൻ ഗോപാൽ ഇറ്റാലിയ പറയുന്നു.

തുടക്കത്തിൽ ബിജെപിയെ അട്ടിമറിക്കാമെന്ന് കരുതുന്നില്ല എന്ന് പറയുമ്പോഴും കോൺഗ്രസിനു പകരം പ്രധാന പ്രതിപക്ഷം തങ്ങളാകുമെന്നാണ് ആം ആദ്‌മി പാർട്ടി പറ‌യുന്നത്. അടുത്ത ഒൻപതു മാസം ഇതിനുള്ള പ്രവർത്തനങ്ങൾ നടത്തുമെന്നും അവർ പറയുന്നു. ഒറ്റയടിക്ക് ബിജെപിയെ എതിർക്കാതെ കോൺഗ്രസ് ഇപ്പോൾ കയ്യാളുന്ന സ്ഥാനത്തേക്ക് സ്വയം പ്രതിഷ്ഠിക്കുകയാണ് ആപ് തന്ത്രം. 

∙ പ്രതീക്ഷയായി സൂറത്ത്

കഴിഞ്ഞ വർഷം ഫെബ്രുവരിയ‌ിൽ നടന്ന സൂറത്ത് മുൻസിപ്പൽ കോർപറേഷൻ തെരഞ്ഞടുപ്പാണ് ആം ആദ്‌മി പാർട്ടിയുടെ വരവ് ആദ്യമായി അറിയിച്ചത്. സാധാരണ ബിജെപിയും കോൺഗ്രസും പങ്കുവയ്ക്കുന്ന സീറ്റുകളിൽ ഭൂരിഭാഗവും ബിജെപി നേടിയപ്പോൾ 27 സീറ്റുകളിൽ വിജയിച്ചു കൊണ്ടാണ് ആപ് രംഗത്തെത്തിയത്. കോൺഗ്രസിന്റെ നേട്ടം പൂജ്യം. ആകെയുള്ള 120 സീറ്റുകളിൽ 93 എണ്ണം നേടിയ ബിജെപിക്ക് പക്ഷേ 2.42 ശതമാനം വോട്ട് കുറഞ്ഞു. ബിജെപി 49.08 ശതമാനവും ആപ് 28.58 ശതമാനവും വോട്ട് നേടിയപ്പോൾ 2015–ലേതിനേക്കാൾ 9.23 ശതമാനം വോട്ടാണ് കോൺഗ്രസിന് കുറഞ്ഞത്.

aap-celebration-4
പഞ്ചാബിലെ ആം ആദ്മി പ്രവർത്തകരുടെ ആഹ്ലാദം

പ്രബലരായ പട്ടേൽ സമുദായത്തിനിടയിൽ സ്വാധീനമുണ്ടാക്കാന്‍ കഴിഞ്ഞു എന്നാണ് സൂറത്ത് വിജയത്തോട് ആം ആദ്‌മി പാർട്ടി പ്രതികരിച്ചത്. സൗരാഷ്ട്ര മേഖലയിൽ നേട്ടമുണ്ടാക്കാൻ കഴിഞ്ഞത് പാർട്ടി വളരുന്നു എന്നതിന്റെ സൂചനയായും നേതാക്കൾ ചൂണ്ടിക്കാട്ടുന്നു. അതേസമയം, ആ‌റ് കോർപറേറ്റർമാരെ ഇതിനിടെ ആം ആദ്‌മി പാർട്ടിക്ക് നഷ്ടപ്പെട്ടു. വിവി‌ധ കാരണങ്ങൾ ചൂണ്ടിക്കാട്ടി ഇവരൊക്കെ ബിജെപിയിലെത്തുകയും ചെയ്തു. ആം ആദ്‌മി പാർട്ടി ഗുജറാത്തിൽ ഉയർത്തുന്ന ഭീഷണി ബിജെപി ഗൗരവമായാണ് കാണുന്നതെന്ന് നിരീക്ഷിക്കുന്നവരുമുണ്ട്.

കോൺഗ്രസിന്റെ റിബൽ നേതാക്കളാരും ആപ്പിലേക്ക് പോകാതിരിക്കാനും ആപ്പിന്റെ നേതാക്കളെ ബിജെപിയിലേക്ക് ‘ആകർഷിക്കാ’നും അവർ ശ്രമിക്കുന്നു എന്നാണ് വിലയിരുത്തൽ. എന്നാൽ കോൺഗ്രസ് പറയുന്നത് ബിജെപിയുടെ ബി ടീമായാണ് ആം ആദ്‌മി പാർട്ടി പ്രവർത്തിക്കുന്നത് എന്നാണ്. പ്രതിപക്ഷ വോട്ടുകൾ ഭിന്നിപ്പിക്കുക എന്നതാണ് അതുവഴി. അതുകൊണ്ടു തന്നെ ആപ്പിനെ പ്രോത്സാഹിപ്പിക്കുന്ന നിലപാടാണ് ബിജെപി സ്വീകരിക്കുന്നതെന്നും കോൺഗ്രസ് നേതൃത്വം പറയുന്നു. നിയമസഭ തിര‍ഞ്ഞെടുപ്പിൽ 25 ശതമാനം വരെ വോട്ടു സമാഹരിക്കാൻ ആം ആദ്‌മി പാർട്ടിക്ക് കഴിഞ്ഞാൽ അത് കോൺഗ്രസിനെ കുഴപ്പത്തിലാക്കും. 

∙ കേജ്‌രിവാളിന് ലഭിക്കും പുതിയ നിയോഗം

പ​ഞ്ചാബിനു പിന്നാലെ ഗുജറാത്തിലും ഹിമാ‌ചലിലും കൂടി നേട്ടമുണ്ടാക്കാൻ കഴിഞ്ഞാൽ കേജ്‌രിവാളിന് ദേശീയതലത്തിൽ ബിജെപിയുടെ പ്രതിപക്ഷ നേതൃസ്ഥാനത്തേക്കെത്താൻ അധികം ബുദ്ധിമുട്ടുണ്ടാവില്ല. കോൺഗ്രസിനെ തള്ളി ഈ സ്ഥാനത്തേക്കെത്താൻ തൃണമൂൽ കോൺഗ്രസ് അധ്യക്ഷ മമതാ ബാനർജിയും കോൺഗ്രസ് ഇതര പ്രതിപക്ഷ കൂട്ടായ്മയ്ക്ക് ടിആർഎസ് നേതാവ് കെ. ചന്ദ്രശേഖര റാവുവും കാര്യമായി പരിശ്രമ‌ിക്കുന്നുണ്ട്. എന്നാൽ കോൺഗ്രസും ബിജെപിയും കഴിഞ്ഞാൽ രണ്ടാമതൊരു സംസ്ഥാനത്ത് കൂടി ഭരണമുള്ള ഏക പാർട്ടി ആം ആ‌ദ്‌മി പാർട്ടിയാണ്. അതുകൊണ്ടു തന്നെ കേജ്‌രിവാളിന്റെ അവകാശവാദം തള്ളിക്കളയുക എന്നത് മറ്റ് രാഷ്ട്രീയ പാർട്ടികൾക്ക് ബുദ്ധിമുട്ടാവും.

Arvind Kejriwal
അരവിന്ദ് കേജ്‍രിവാൾ

പാർട്ടി രൂപ‌ീകരിച്ച് വൈകാതെ തന്നെ ദേശീയ രാഷ്ട്രീയ താത്പര്യങ്ങൾ വ്യക്തമാക്കിയ പാർട്ടി കൂടിയാണ് എഎപി. 2014–ൽ 400–ഓളം സീറ്റുകളിലാണ് ആപ് മത്സരിച്ചത്.  പഞ്ചാബ് വിജയത്തോടെ ‌ആപ് ദേശീയ പാർട്ടിയായെന്നും കേജ്‌രിവാൾ പ്രധാനമന്ത്രി സ്ഥാനത്തേക്കെത്തുമെന്നും ആം ആദ്‌മി പാർട്ടി‌ വക്താവ് രാഘവ് ഛദ്ദ പറഞ്ഞതും ഇവിടെ ചേർത്തു വായിക്കണം.

∙ ഹിമാചലിൽ‌ കലമുടയ്ക്കുമോ കോൺഗ്രസ്?

ആം ആദ്‌മി പാർട്ടി ‌ഹിമാചലിൽ ‌ഉയർത്താൻ പോകുന്ന ഭീഷണിയെക്കുറിച്ച് കോൺഗ്രസ് നേതാക്കൾ തന്നെ ആശങ്കപ്പെടുന്നുണ്ട്. പഞ്ചാബുമായി ‌അതിർത്തി പങ്കുവയ്ക്കുന്ന സംസ്ഥാനം എന്ന നിലയിൽ ഇപ്പോഴത്തെ തിരഞ്ഞെടുപ്പ് ഫലം അവിടെയും സ്വാധീനം ചെലുത്തുമെന്നതിൽ സംശയമില്ല. അതിർത്തി മേഖലയിലെ ‌ച‌ില സീറ്റുകളിൽ തീർച്ചയായും ഭീഷണി നിലനിൽക്കുന്നുണ്ട്. ഇങ്ങനെ സംഭവിച്ചാൽ എം‌എ‌ൽഎമാരടക്കം കൂറു ‌മാറുന്നതിന് സാധ്യതയുണ്ടെന്നും ഇത് തിരിച്ചറിഞ്ഞ് കോൺഗ്രസ് നേതൃത്വം നട‌പടികൾ സ്വീകരിച്ചു തുടങ്ങണമെന്നും ഇവർ പറയുന്നു. 

അധികാരത്തിൽ തിരിച്ചെത്തുമെന്ന് കോൺഗ്രസ് പ്രത‌ീക്ഷയർപ്പിക്കുന്ന സംസ്ഥാനം കൂടിയാണ് ഹിമാചൽ പ്രദേശ്. അടുത്തിടെ മൂന്ന് നിയമസഭാ സീറ്റുകളിലേക്കും ഷിംല ലോക്‌സഭാ സീറ്റിലേക്കും നടന്ന ഉപതിരഞ്ഞെടുപ്പുകളിൽ ബിജെപിയെ അമ്പരപ്പിച്ച് കോൺഗ്രസ് വിജയിച്ചിരുന്നു. എന്നാൽ സംസ്ഥാനത്തെ കോൺഗ്രസ് രാഷ്ട്രീയത്തിൽ ശക്തമായ ഗ്രൂപ്പ് പോര് ഈ സാധ്യതകൾക്ക് മങ്ങലേൽപ്പിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇതിനു പുറമെയാണ് ആം ആദ്‌മി പാർട്ടി പുതിയതായി ഉയർത്തുന്ന ഭീഷണി.

English Summary: AAP aims for Gujarat after Punjab win

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com