ADVERTISEMENT

തിരുവനന്തപുരം ∙ ധനമന്ത്രി കെ.എൻ.ബാലഗോപാൽ അവതരിപ്പിച്ച ബജറ്റ് കേരളത്തിലെ ജനങ്ങളെ നിരാശരാക്കിയെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. സാധാരണക്കാർക്ക് ഇളവുകൾ ഇല്ലാതെ കൂടുതൽ ഭാരം അടിച്ചേൽപ്പിക്കുകയാണ് ചെയ്യുന്നത്. തൊഴിലവസരങ്ങൾ ഒന്നും സൃഷ്ടിക്കാതെ തൊഴിൽരഹിതരെ കൂടുതൽ അവഗണിക്കുകയാണ്.

സ്ത്രീകൾക്കും പട്ടികജാതി/പട്ടികവർഗ വിഭാഗങ്ങൾക്കും കേന്ദ്ര പദ്ധതികൾ അല്ലാതെ കേരളത്തിന്റെ വകയായി ഒന്നുമില്ല. പെട്രോളിയം ഉത്പന്നങ്ങൾക്ക് കേന്ദ്രം കുറച്ച നികുതിഇളവ് സംസ്ഥാനം നൽകിയിരുന്നുവെങ്കിൽ വില വർധനയുടെ ആഘാതം കുറയ്ക്കാമായിരുന്നു. ജിഎസ്ടി നടപ്പിലാക്കുന്നതിലെ വീഴ്ചയുടെ ഭവിഷ്യത്താണ് ഇപ്പോൾ സംസ്ഥാനം അനുഭവിക്കുന്നത്. ജിഎസ്ടിയെ രാഷ്ട്രീയ നേട്ടത്തിന് വേണ്ടി എതിർത്ത സംസ്ഥാനം തെറ്റ് തുറന്ന് സമ്മതിക്കാൻ തയാറാവണം.

എല്ലാ സംസ്ഥാനങ്ങളും ജിഎസ്ടി വരുമാനം വർധിപ്പിച്ചപ്പോൾ കേരളം കേന്ദ്രവിരുദ്ധ പ്രസ്താവനയുമായി നടന്നു. കേന്ദ്രബജറ്റിന്റെ പുനർവായന മാത്രമാണ് സംസ്ഥാന ബജറ്റ്. കേന്ദ്രപദ്ധതികൾ മാത്രമാണ് സംസ്ഥാനത്ത് നടപ്പാക്കുന്നത്. ബജറ്റിൽ 90 ശതമാനവും കേന്ദ്രവിഹിതം ഉപയോഗിച്ച് നടപ്പാക്കുന്ന പദ്ധതികളാണ് പ്രഖ്യാപിച്ചത്. എന്നിട്ടും കേന്ദ്രം കേരള വികസനത്തിന് എതിരു നിൽക്കുന്നുവെന്ന് ധനമന്ത്രി പറയുന്നത് വിചിത്രമാണ്.

റോഡ് വികസനവും ആരോഗ്യ മേഖലയിൽ മെഡിക്കൽ കോളജുകളുടെ അഡീഷണൽ ബ്ലോക്ക് പണിയുന്നതും പൂർണമായി കേന്ദ്ര ഫണ്ട് ഉപയോഗിച്ചാണ്. കോവിഡ് പ്രതിരോധത്തിന്റെ 90% കേന്ദ്രമാണ് വഹിക്കുന്നത്. വിദ്യാഭ്യാസ മേഖലയിലെ പരിഷ്കരണങ്ങൾക്ക് പ്രതിവർഷം 1000 കോടി കേന്ദ്രം കൊടുക്കുന്നുണ്ട്. ഉൾനാടൻ ജലഗതാഗത പദ്ധതിയുടെ ഫണ്ടും കേന്ദ്രത്തിന്റേതാണ്. കേന്ദ്രഫണ്ട് കൊണ്ട് മാത്രം പ്രവർത്തിക്കുന്ന സർക്കാരാണ് കേരളത്തിലുള്ളത്.

വലിയ വികസന മുരടിപ്പാണ് കേരളം നേരിടുന്നത്. കടക്കെണിയിൽനിന്നും അടുത്ത കാലത്തൊന്നും കേരളം രക്ഷപ്പെടില്ലെന്ന് ഉറപ്പായി. വില വർധന തടയാൻ പ്രത്യേക ഫണ്ട് എന്നത് തട്ടിപ്പാണ്. ഇത് തോമസ് ഐസക് ഡാമിൽനിന്ന് മണൽ വാരി 2000 കോടി ഉണ്ടാക്കിയ പോലത്തെ മണ്ടത്തരമാണ്. ഇലക്ട്രിക് വാഹനങ്ങളുടെ നികുതി മറ്റ് സംസ്ഥാനങ്ങൾ വേണ്ടെന്നു വയ്ക്കുമ്പോൾ ഇവിടെ പഴയ വാഹനങ്ങൾക്ക് ഹരിതനികുതി ഏർപ്പെടുത്തിയത് ഇന്ധന നികുതിയുടെ പേരിൽ ജനങ്ങളെ കൊള്ളയടിക്കാനാണെന്നും സുരേന്ദ്രൻ ആരോപിച്ചു.

English Summary: K Surendran statement on Kerala budget 2022

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com