ADVERTISEMENT

ലക്നൗ  ∙ ഉത്തർപ്രദേശിൽ 37 വർഷത്തിനിടെ തുടർച്ചയായി രണ്ടു തവണ മുഖ്യമന്ത്രിയാകുന്ന ആദ്യ  നേതാവായി യോഗി ആദിത്യനാഥ് മാറിയ തിരഞ്ഞെടുപ്പിൽ കോൺഗ്രസിനുണ്ടായത് സമാനതകളില്ലാത്ത പരാജയം. യുപിയിൽ ആകെയുള്ള 403 മണ്ഡലങ്ങളിൽ 399 ലും മത്സരിച്ച കോൺഗ്രസിന് 387 മണ്ഡലങ്ങളിലും കെട്ടിവച്ച കാശു നഷ്ടപ്പെട്ടു. എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ നടത്തിയ പ്രചാരണങ്ങൾക്കു ശേഷവും 2.33 ശതമാനം മാത്രമാണ് കോൺഗ്രസിന്റെ വോട്ടുവിഹിതം.

2017ൽ 6.3 ശതമാനം വോട്ടാണ് കോൺഗ്രസ് നേടിയത്. ഇത്തവണ സീറ്റുകളുടെ എണ്ണം ഏഴിൽനിന്ന് രണ്ടായി ചുരുങ്ങുകയും ചെയ്തു. എന്നാൽ സഖ്യമില്ലാതെ 33 സീറ്റുകളിൽ മാത്രം മത്സരിച്ച ജെഡിഎൽ  2 സീറ്റ് നേടുകയും 2.9 ശതമാനം വോട്ടുകൾ നേടുകയും ചെയ്തു. കോൺഗ്രസിനേക്കാൾ മെച്ചപ്പെട്ട പ്രകടനമാണത്.

2017ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ 19 സീറ്റുകൾ സ്വന്തമാക്കിയ മായാവതിയുടെ ബഹുജൻ സമാജ്‌വാദി പാർട്ടിയും കനത്ത പരാജയമാണ് ഏറ്റുവാങ്ങിയത്. മുഴുവൻ സീറ്റിലും മത്സരിച്ച ബിഎസ്‌പിക്ക് 290 സീറ്റിലും കെട്ടിവച്ച കാശ് നഷ്ടമായി. ജയം ഒരൊറ്റ സീറ്റിൽ. നേടാനായത് 12.7 ശതമാനം വോട്ട്. 2017ലെ 22.2 ശതമാനത്തിൽ നിന്നാണ് മായാവതിയുടെ വീഴ്ച.

എന്നാൽ 376 സീറ്റിൽ മത്സരിക്കുകയും 255ൽ വിജയിക്കുകയും ചെയ്ത ബിജെപിക്കും മൂന്നു മണ്ഡലങ്ങളിൽ കെട്ടിവച്ച കാശ് നഷ്ടമായി. എന്നാൽ വോട്ടിങ് ശതമാനം കുത്തനെ ഉയർന്നു. 41.06 ശതമാനം. ബിജെപിയുടെ സഖ്യകക്ഷികളായ അപ്‌നാദൾ 12 സീറ്റിലും നിഷാദ് പാർട്ടി 7 സീറ്റിലും വിജയിച്ചിരുന്നു. ഇരുപാർട്ടികളും ചേർന്ന് മത്സരിച്ച 27 മണ്ഡലങ്ങളിൽ ഒരെണ്ണത്തിൽ പോലും ഇവർക്ക് കെട്ടിവച്ച കാശ് നഷ്ടമായില്ല. 

നിയമസഭാ തിരഞ്ഞെടുപ്പുകളിലെ ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തിനെതിരെ പാർട്ടിക്കുള്ളിൽ അമർഷം പുകയുകയാണ്. നേതൃത്വത്തിന്റെ പ്രവർത്തനരീതി ചോദ്യം ചെയ്ത് മുൻപു രംഗത്തുവന്ന നേതാക്കൾ (ജി 23) ഡൽഹിയിൽ ഗുലാം നബി ആസാദിന്റെ വസതിയിൽ ഇന്നലെ യോഗം ചേർന്നിരുന്നു. നേതൃത്വത്തിനെതിരെ പരസ്യ വിമർശനം ഉന്നയിക്കുന്നതിനു പകരം, പാർട്ടി വേദികളിൽ ചോദ്യം ചെയ്യാനാണ് ഇവരുടെ നീക്കം.

English Summary: In UP 97 percentage of Congress candidates lost their deposits

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com