കൊച്ചി∙ കൊച്ചിയിലെ പ്രമുഖ മേക്കപ്പ് ആർട്ടിസ്റ്റ് അനീസ് അൻസാരിക്കെതിരെ ഒരു യുവതി കൂടി ലൈംഗികാതിക്രമത്തിന് പരാതി നൽകി. ഓസ്ട്രേലിയയില്‍ താമസിക്കുന്ന മലയാളി യുവതിയാണ് പരാതി നല്‍കിയത്. 2015ലാണ് അതിക്രമം ഉണ്ടായതെന്ന് യുവതി പരാതിയിൽ പറയുന്നു. ഇ–മെയിൽ മുഖേനയാണ് യുവതി പരാതി നൽകിയത്. വിവാഹ മേക്കപ്പിനിടെ മോശമായി സംസാരിച്ചുവെന്നും ലൈംഗികാതിക്രമം നടത്തിയെന്നുമാണ് യുവതിയുടെ പരാതി. വിവാഹ മേക്കപ്പിനിടെ ലൈംഗികാതിക്രമം നടത്തിയെന്നു 3 യുവതികൾ ഇ–മെയിൽ മുഖേന സിറ്റി പൊലീസ് കമ്മിഷണർക്കു പരാതി നൽകിയതിനെ തുടർന്ന് നേരത്തെ മൂന്നു കേസുകൾ ഇയാൾക്കെതിരെ റജിസ്റ്റർ ചെയ്തിരുന്നു.
ലൈംഗികാതിക്രമം നടത്തിയെന്നും അശ്ലീലച്ചുവയോടെ സംസാരിച്ചുവെന്നും മൊബൈലിൽ അശ്ലീല സന്ദേശങ്ങൾ അയച്ചെന്നുമാണു യുവതികളുടെ പരാതി. 2019ൽ വിവാഹ മേക്കപ്പിനു ബുക്ക് ചെയ്ത താൻ ട്രയൽ മേക്കപ്പിനായി വിവാഹത്തിന് ഒരാഴ്ച മുൻപു സ്റ്റുഡിയോയിൽ എത്തിയപ്പോൾ അനീസ് വസ്ത്രം അഴിച്ചുമാറ്റുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്നാണ് ആദ്യം അനുഭവം പങ്കുവച്ച യുവതിയുടെ പരാതി. ഇതോടെ മേക്കപ് ചെയ്യുന്നതു നിർത്താൻ ആവശ്യപ്പെട്ടെന്നും ബുക്കിങ് റദ്ദാക്കിയെന്നും ഇവർ വെളിപ്പെടുത്തിയിരുന്നു.
വിവാഹദിനത്തിൽ നേരിട്ട ദുരനുഭവം കടുത്ത മാനസികപ്രശ്നങ്ങൾക്കു കാരണമായെന്ന് ഒട്ടേറെ യുവതികൾ തുടർന്നു വെളിപ്പെടുത്തിയിരുന്നു. സമൂഹമാധ്യമ ആരോപണങ്ങൾ ഉയർന്നതിനു തൊട്ടുപിന്നാലെ അനീസ് അൻസാരി രാജ്യം വിട്ടെന്നു പൊലീസ് സംശയിച്ചിരുന്നുവെങ്കിലും അനീസ് നാട്ടിൽ തന്നെയുണ്ടെന്നാണ് നിഗമനം.
English Summary: Kochi police register one more sexual abuse case against make-up artist