ADVERTISEMENT

കൊച്ചി∙ ആറ്റിങ്ങലിൽ പെൺകുട്ടിയോട് അപമര്യാദയായി പെരുമാറിയ പൊലീസുകാരിയുടെ വീഴ്ചയ്ക്കു നഷ്ടപരിഹാരം നൽകാൻ ബാധ്യത ഇല്ലെന്നു സർക്കാർ ഹൈക്കോടതിയിൽ. സർക്കാർ പെൺകുട്ടിക്കു നഷ്ടപരിഹാരം നൽകണം എന്ന ഹൈക്കോടതി സിംഗിൾ ബെഞ്ച് ഉത്തരവിനെതിരെ ഡിവിഷൻ ബെഞ്ചിൽ സർക്കാര്‍ നൽകിയ അപ്പീൽ ഹർജിയിലാണ് ഇക്കാര്യം അറിയിച്ചത്. സിംഗിൾ ബെഞ്ചിന്റെ ഉത്തരവ് നിയമപരമായി നിലനിൽക്കുന്നതല്ലെന്നാണ് സർക്കാർ വാദം. ഉദ്യോഗസ്ഥയുടെ വ്യക്തിപരമായ വീഴ്ചകൾക്കു നഷ്ടപരിഹാരം നൽകാൻ സർക്കാരിന് ബാധ്യത ഇല്ലെന്നും ഹർജിയിൽ പറയുന്നു.

പിങ്ക് പൊലീസിന്റെ ജീപ്പിലെ ബാഗിൽ നിന്നു മൊബൈൽ ഫോൺ മോഷ്ടിച്ചു എന്നാരോപിച്ച് മൂന്നാം ക്ലാസുകാരിയെയും പിതാവിനെയും നാട്ടുകാരുടെ മുന്നിലിട്ട് ആക്ഷേപിക്കുകയും പരസ്യ വിചാരണ നടത്തുകയും ചെയ്തിരുന്നു. ഇവരുടെ മൊബൈൽ ഫോൺ പിന്നീട് ബാഗിൽ നിന്നു തന്നെ കണ്ടു കിട്ടി. ഇതിനെതിരെ പെൺകുട്ടിയുടെ പിതാവ് നൽകിയ ഹർജിയിലാണ്, പെൺകുട്ടിക്ക് സർക്കാർ ഒന്നര ലക്ഷം രൂപ നഷ്ടപരിഹാരം നൽകണമെന്നും കുറ്റക്കാരിയായ രജിത എന്ന പൊലീസുകാരിക്കെതിരെ നപടി സ്വീകരിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടത്.

നടു റോഡിൽ പെൺകുട്ടിയെ വിചാരണ ചെയ്ത വനിതാ പൊലീസ് അച്ഛനെയും മകളെയും സ്റ്റേഷനിൽ കൊണ്ടുപോയി ദേഹ പരിശോധന നടത്തുമെന്നും ഭീഷണിപ്പെടുത്തി. കുട്ടികളെയും കൊണ്ട് മോഷ്ടിക്കാനിറങ്ങിയതാണെന്നു പിതാവിനു നേരെ ആരോപണം ഉയർത്തി. സംഭവത്തിൽ ജാതീയ അടിച്ചമർത്തൽ ഉണ്ടായോ എന്ന് ഡിജിപി അന്വേഷിക്കണം എന്ന് പട്ടികജാതി കമ്മിഷൻ ഉത്തരവിട്ടെങ്കിലും നടപടിയുണ്ടായില്ല. ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം അന്വേഷണം നടത്തണം എന്ന ഉത്തരവും നടപ്പായില്ല. സർക്കാര്‍ പൊലീസുകാരിക്ക് ഒത്താശ ചെയ്യുന്ന നിലപാടാണ് സ്വീകരിച്ചത്. ഈ സാഹചര്യത്തിലാണ് കോടതി സർക്കാരിനോടു നഷ്ടപരിഹാരം നൽകാൻ നിർദേശിച്ചത്.

English Summary: Government on Pink Police harassment case compensation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com