ADVERTISEMENT

ആലപ്പുഴ∙ ആരാണെന്നറിയാന്‍ നാട് കാത്തിരുന്ന നന്മയുള്ള ആ സ്ത്രീത്വം ആലപ്പുഴ ചേര്‍ത്തലക്കാരി. കൊട്ടാരക്കര പട്ടാഴിക്ഷേത്രത്തില്‍ തന്റെ സ്വർണമാല മോഷണം പോയപ്പോള്‍ കരഞ്ഞുനിലവിളിച്ച മൈലം പള്ളിക്കൽ മുകളിൽ മങ്ങാട്ട് വീട്ടിൽ സുഭദ്രയ്ക്കു സ്വന്തം സ്വർണവളകൾ ഊരിനൽകിയ ‘അജ്ഞാത സ്ത്രീ’യിലേക്കുള്ള അന്വേഷണമാണ് ചേര്‍ത്തല മരുത്തോര്‍വട്ടം സ്വദേശിനി ശ്രീലതയിലേക്ക് എത്തിയത്. അന്തരിച്ച മോഹനൻ വൈദ്യരുടെ ഭാര്യയാണ് ശ്രീലത. 

മാധ്യമങ്ങൾക്കു മുൻപിൽ വരാന്‍ വിസമ്മതിച്ച ശ്രീലത ഏറെ നിര്‍ബന്ധിച്ചതിനു ശേഷമാണ് അല്‍പമെങ്കിലും സംസാരിക്കാന്‍ തയാറായത്. കണ്ണിന് ഭാഗികമായി മാത്രം കാഴ്ചയുള്ള ശ്രീലത, ബന്ധുവീട്ടിലെത്തിയപ്പോഴാണ് പട്ടാഴിക്ഷേത്രത്തില്‍ പോയത്. താന്‍ ചെയ്തത് അത്ര വലിയ മഹത്തായ കാര്യമായിട്ടൊന്നും ശ്രീലത കരുതുന്നില്ല. ഒരാളുടെ വേദന കണ്ടപ്പോള്‍ എന്തെങ്കിലും ചെയ്യണമെന്ന് തോന്നിയെന്നു മാത്രമെന്നു അവർ പറയുന്നു.

കഴിഞ്ഞ വെള്ളിയാഴ്ച കുംഭത്തിരുവാതിര ഉത്സവത്തിന്റെ ഭാഗമായി ക്ഷേത്രത്തിൽ തൊഴാനെത്തിയപ്പോഴാണ് സുഭദ്രയുടെ രണ്ട് പവൻ മാല നഷ്ടപ്പെട്ടതും സ്ഥലത്തെത്തിയ അജ്ഞാത സ്ത്രീ രണ്ട് വളകൾ സമ്മാനിച്ചതും. വള വിറ്റ് ലഭിക്കുന്ന പണം ഉപയോഗിച്ച് മാല വാങ്ങി, ക്ഷേത്ര നടയിലെത്തി പ്രാർഥിച്ച ശേഷം കഴുത്തിലിടണമെന്നു പറഞ്ഞു മടങ്ങിയ ശ്രീലതയെ പിന്നീട് കണ്ടെത്താനായില്ല.

മാല നഷ്ടപ്പെട്ട സുഭദ്രയ്ക്കും തന്നെ സഹായിച്ച സ്ത്രീ ആരാണെന്ന് തിരിച്ചറിയാനായില്ല. സുഭദ്രയ്ക്കു വളകള്‍ നല്‍കിയത് താനാണെന്നു ചിലര്‍ക്ക് മനസ്സിലായെന്ന് വ്യക്തമായതോടെ ശ്രീലത കൊട്ടാരക്കരയില്‍നിന്നു ചേര്‍ത്തലയിലേക്കു മടങ്ങുകയായിരുന്നു.

സംഭവം നടന്ന് മൂന്നാം ദിവസമായ ഇന്നലെ ഉച്ചയ്ക്കു വള വിറ്റ് വാങ്ങിയ മാലയുമായി സുഭദ്ര ക്ഷേത്രത്തിലെത്തിയിരുന്നു. എങ്ങുനിന്നോയെത്തി രണ്ടു വളകൾ നൽകിപ്പോയ സ്ത്രീ ഇനിയെങ്കിലും തന്റെ മുന്നിൽ വരണമെന്ന പ്രാർഥനയോടെയാണ് സുഭദ്ര ക്ഷേത്രത്തിലെത്തിയത്. ആ പ്രാർഥന ഉടൻ സഫലമാകുമെന്നാണ് പ്രതീക്ഷ.

English Summary: Anonymous Woman Who Gave Gold Bracelets to Woman at Temple Identfied

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com