ADVERTISEMENT

തൃശൂർ∙  തൃശൂർ കോർപറേഷനിൽ മേയർക്കും ഡപ്യൂട്ടി മേയർക്കുമെതിരെ യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയ ചർച്ചയിൽ നിന്നും വോട്ടെടുപ്പിൽ നിന്നും ബിജെപി കൗൺസിലർമാർ വിട്ടുനിൽക്കുമെന്നു ബിജെപി ജില്ലാ പ്രസിഡന്റ്  കെ.കെ.അനീഷ് കുമാർ. മേയർ എം.കെ. വർഗീസിന്റെ നേതൃത്വത്തിലുള്ള കോർപറേഷൻ ഭരണം പരാജയമാണെന്ന് ആരോപിച്ചാണ് യുഡിഎഫ് അവിശ്വാസ പ്രമേയം കൊണ്ടുവന്നത്.

ഇടത്-വലത് മുന്നണികളോടു പ്രത്യക്ഷമായോ പരോക്ഷമായോ സഖ്യം വേണ്ടെന്ന ബിജെപിയുടെ പ്രഖ്യാപിത നിലപാടിൽ മാറ്റമില്ലെന്നും കെ.കെ.അനീഷ് കുമാർ പറഞ്ഞു.  സംസ്ഥാന നേതൃത്വവുമായുള്ള ചർച്ചയ്ക്കു ശേഷമാണ് തീരുമാനം. സിപിഎമ്മിനെ മാറ്റി കോൺഗ്രസിനെയും കോൺഗ്രസിനെ മാറ്റി സിപിഎമ്മിനെ കൊണ്ടുവരുന്നതു ബിജെപിയുടെ നയപരിപാടിയല്ല. 

രണ്ട് പാർട്ടികളുടേയും തെറ്റായ നിലപാടുകൾക്കെതിരെയുള്ള പോരാട്ടം തുടരും. ഭരണ അസ്ഥിരത ഉണ്ടാക്കാൻ ബിജെപി ആർക്കും പിന്തുണ നൽകില്ല. ബിജെപി ഈ നിലപാട് പിന്തുടരുന്നത് കൊണ്ടാണ് രണ്ട് മുന്നണികൾക്കും കേവല ഭൂരിപക്ഷമില്ലാത്ത ജില്ലയിലെ 21 പഞ്ചായത്തുകളിലും 3 മുനിസിപ്പാലിറ്റികളിലും കോർപറേഷനിലും ഭരണ സ്തംഭനം ഉണ്ടാകാത്തത്. ബിജെപി പാലിക്കുന്ന ഈ ജനാധിപത്യ മര്യാദ തിരുവില്വാമലയിൽ ഇടത്-വലത് മുന്നണികളുടെ ഭാഗത്ത് നിന്ന് ഉണ്ടായില്ല. ഇത് ജനാധിപത്യ വിശ്വാസികൾ വിലയിരുത്തട്ടെയെന്നും ബിജെപി ജില്ലാ നേതൃത്വം പറഞ്ഞു. 

English Summary: BJP stand on No-confidence Motion Against Thrissur mayor

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com