ADVERTISEMENT

തിരുവനന്തപുരം∙ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് വീണ്ടും അപ്രതീക്ഷിത സന്ദര്‍ശനം നടത്തി. ബുധനാഴ്ച രാത്രി ഒമ്പതേകാലോടെ മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിയ മന്ത്രി, ഒന്നര മണിക്കൂറോളം ആശുപത്രിയില്‍ ചെലവിട്ടു. അത്യാഹിത വിഭാഗത്തിലെത്തിയ മന്ത്രി വിവിധ എമര്‍ജന്‍സി വിഭാഗങ്ങള്‍ സന്ദര്‍ശിച്ചു പ്രവര്‍ത്തനം വിലയിരുത്തി. ഇതോടൊപ്പം ഡ്യൂട്ടി ലിസ്റ്റ് പരിശോധിക്കുകയും ചെയ്തു. സീനിയര്‍ ഡോക്ടര്‍മാര്‍ അത്യാഹിത വിഭാഗത്തില്‍ രാത്രിയില്‍ ഡ്യൂട്ടിക്കുണ്ടെന്നു ബോധ്യമായി. അത്യാഹിത വിഭാഗം കാര്യക്ഷമമായി പ്രവര്‍ത്തിക്കുന്നതായും മനസിലായി.

കഴിഞ്ഞ ഒക്‌ടോബര്‍ 28ന് മന്ത്രി മെഡിക്കല്‍ കോളജില്‍ പഴയ അത്യാഹിത വിഭാഗത്തില്‍ രാത്രിയില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയിരുന്നു. മന്ത്രിയുടെ അന്നത്തെ നിര്‍ദേശ പ്രകാരം പുതിയ അത്യാഹിത വിഭാഗം ഉടന്‍ പ്രവര്‍ത്തനമാരംഭിച്ചു. സീനിയര്‍ ഡോക്ടര്‍മാര്‍ രാത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ ഡ്യൂട്ടിക്കില്ലാത്തതു കണ്ടെത്തിയിരുന്നു. അത്തരക്കാര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്നു മന്ത്രി പറഞ്ഞിരുന്നു. അതിനു ശേഷം തുടര്‍ച്ചയായി മന്ത്രി മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ചു. ഇതോടൊപ്പം മെഡിക്കല്‍ കോളജിന്റെ സേവനം മെച്ചപ്പെടുത്തുന്നതിന് ഒരു കമ്മിറ്റിയെ നിയോഗിച്ചിരുന്നു. ഈ കമ്മിറ്റി നിരന്തരം യോഗം ചേര്‍ന്നു പോരായ്മകള്‍ പരിഹരിക്കാനുള്ള നടപടികള്‍ സ്വീകരിച്ചു.

ഇതുകൂടാതെ അത്യാഹിത വിഭാഗത്തിലും വാര്‍ഡുകളിലും സീനിയര്‍ ഡോക്ടര്‍മാരുടെ സേവനം ഉറപ്പാക്കാന്‍ കഴിഞ്ഞ ഞായറാഴ്ച മന്ത്രിയുടെ നേതൃത്വത്തില്‍ യോഗം ചേര്‍ന്നിരുന്നു. ഇതിന്റെ കൂടി അടിസ്ഥാനത്തിലാണ് അത്യാഹിത വിഭാഗത്തിന്റെ രാത്രികാല പ്രവര്‍ത്തനം മനസിലാക്കാന്‍ മന്ത്രി ഇന്നലെ സന്ദര്‍ശിച്ചത്. അത്യാഹിത വിഭാഗം നന്നായി പ്രവര്‍ത്തിക്കുന്നതില്‍ മന്ത്രി സംതൃപ്തി അറിയിച്ചു.

veena-george-medical-college-3
ഫാർമസിയിൽ പരിശോധന നടത്തുന്ന മന്ത്രി വീണാ ജോർജ്

അത്യാഹിത വിഭാഗത്തില്‍ നിന്നും മന്ത്രി പിന്നീടു വാര്‍ഡുകളാണ് സന്ദര്‍ശിച്ചത്. അപ്പോഴാണു പത്തൊമ്പതാം വാര്‍ഡിലെ രോഗിയായ പത്മാകുമാരിയുടെ ഭര്‍ത്താവ് മന്ത്രിയെ കണ്ടു മരുന്നുകളൊന്നും കാരുണ്യ ഫാര്‍മസിയില്‍ നിന്നും കിട്ടുന്നില്ലെന്നു പരാതി പറഞ്ഞത്. അദ്ദേഹത്തില്‍ നിന്നും മന്ത്രി മരുന്നിന്റെ കുറിപ്പ് വാങ്ങി കാരുണ്യ ഫാര്‍മസിയിലെത്തി. മന്ത്രി പുറത്തു നിന്ന ശേഷം ഒരാളെ കാരുണ്യ ഫാര്‍മസിയിലേക്കയച്ചു. മരുന്നില്ലെന്നു നേരത്തേ പറഞ്ഞതല്ലേയെന്നു പറഞ്ഞു ജീവനക്കാരി ദേഷ്യപ്പെട്ടു.

ഉടന്‍ തന്നെ മന്ത്രി കൗണ്ടറിലെത്തി ആ കുറിപ്പ് കാണിച്ചു. അപ്പോഴും മരുന്നില്ലെന്ന് പറഞ്ഞു. എന്ത്‌കൊണ്ട് മരുന്നില്ലെന്ന് ചോദിച്ചു. മറുപടി പറയാന്‍ ജീവനക്കാര്‍ പതറി. ഉടന്‍ തന്നെ മന്ത്രി ഫാര്‍മസിക്കകത്ത് കയറി കംപ്യൂട്ടറില്‍ മരുന്നുകളുടെ ലിസ്റ്റ് പരിശോധിച്ചു. ഡോക്ടര്‍മാര്‍ എഴുതുന്ന മരുന്നുകളുടെ ലിസ്റ്റെടുത്ത്, ആവശ്യകതയനുസരിച്ച് കൃത്യമായി മരുന്നുകള്‍ സ്റ്റോക്ക് ചെയ്യണമെന്ന് മന്ത്രി നിര്‍ദേശം നല്‍കി. മരുന്നുകള്‍ ലഭ്യമല്ലാത്ത കാരണത്താല്‍ കാരുണ്യ ഡിപ്പോ മാനേജറെ അന്വേഷണ വിധേയമായി വ്യാഴാഴ്ച സസ്‌പെന്‍ഡ് ചെയ്തു.

veena-medical-college-2
ഫാർമസിയിൽ പരിശോധന നടത്തുന്ന മന്ത്രി വീണാ ജോർജ്

English Summary: Minister Veena George visit Thiruvananthapuram Medical College

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com