ADVERTISEMENT

ന്യൂഡൽഹി∙ അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ജപ്പാൻ ഇന്ത്യയിൽ 42 ബില്യൻ ഡോളർ (3.2 ലക്ഷം കോടി രൂപ) നിക്ഷേപിക്കാൻ ലക്ഷ്യമിടുന്നെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജപ്പാൻ പ്രധാനമന്ത്രി ഫുമിയോ കിഷിതയുമായുള്ള ഇന്ത്യ – ജപ്പാൻ ഉച്ചകോടിക്കു ശേഷമാണ് അദ്ദേഹത്തിന്റെ പ്രഖ്യാപനം. സൈബർ സുരക്ഷ അടക്കം ആറു കരാറുകളിൽ ഇരുരാജ്യങ്ങളും ഒപ്പിട്ടു.

ഇന്ത്യ-ജപ്പാൻ സാമ്പത്തിക പങ്കാളിത്തത്തിൽ പുരോഗതി ഉണ്ടായതായി പ്രധാനമന്ത്രി പറഞ്ഞു. ‘ഇന്ത്യയിലെ ഏറ്റവും വലിയ നിക്ഷേപകരിൽ ഒന്നാണ് ജപ്പാൻ. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ ഇടനാഴിയുമായി ബന്ധപ്പെട്ട് ഇന്ത്യ-ജപ്പാൻ ‘ഒരു ടീം-ഒരു പദ്ധതി’ ആയി പ്രവർത്തിക്കുന്നു.’– പ്രധാനമന്ത്രി പറഞ്ഞു. കിഷിത ഇന്ത്യയുടെ സുഹൃത്താണെന്നും കിഷിത ജപ്പാൻ വിദേശകാര്യ മന്ത്രിയായിരുന്നപ്പോൾ ഇടപഴകാൻ അവസരം ലഭിച്ചതായും പ്രധാനമന്ത്രി പറഞ്ഞു.

ഇന്ത്യയ്‌ക്കൊപ്പം ജപ്പാനും, യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കാനും യുക്രെയ്ന്റെ അയൽ രാജ്യങ്ങൾക്ക് പിന്തുണ നൽകുന്നത് തുടരാനും ശ്രമിക്കുമെന്ന് ഫുമിയോ കിഷിത പറഞ്ഞു. ഉച്ചകോടിയിൽ യുക്രെയ്നിലെ റഷ്യൻ അധിനിവേശത്തെ കുറിച്ച് സംസാരിച്ചതായും രാജ്യാന്തര നിയമത്തിന്റെ അടിസ്ഥാനത്തിൽ സമാധാനപരമായ പരിഹാരമാണ് വേണ്ടതെന്നും കിഷിത കൂട്ടിച്ചേർത്തു.

മുൻ ജാപ്പനീസ് പ്രധാനമന്ത്രി ഷിൻസോ ആബെ 2014ൽ ഇന്ത്യാ സന്ദർശന വേളയിൽ 3.5 ട്രില്യൻ യെൻ വിവിധ ഇന്ത്യൻ പദ്ധതികളിൽ നിക്ഷേപിക്കുമെന്നു പ്രഖ്യാപിച്ചിരുന്നു. ആദ്യമായാണ് ഫുമിയോ കിഷിത ഇന്ത്യ സന്ദർശിക്കുന്നത്. നിലവിൽ 1455 ജാപ്പനീസ് കമ്പനികളാണ് ഇന്ത്യയിൽ ഉള്ളത്. മുംബൈ-അഹമ്മദാബാദ് അതിവേഗ റെയിൽ, മെട്രോ പദ്ധതികൾ, ഡൽഹി-മുംബൈ വ്യാവസായിക ഇടനാഴി തുടങ്ങി ജാപ്പനീസ് സഹായത്തോടെ നിരവധി അടിസ്ഥാന സൗകര്യ പദ്ധതികൾ ഇന്ത്യയിൽ നടന്നുവരുന്നുണ്ട്.

2007ൽ രൂപീകരിച്ച ക്വാഡ്രിലാറ്ററൽ സെക്യൂരിറ്റി ഡയലോഗ് ആണ് ക്വാഡ് എന്ന പേരിൽ അറിയപ്പെടുന്ന ക്വാഡ് സഖ്യത്തിൽ, യുഎസ്, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾക്കു പുറമേ ജപ്പാനു ഇന്ത്യയും അംഗങ്ങളാണ്. ക്വാഡ് അംഗങ്ങളിൽ ഇന്ത്യ മാത്രമാണു റഷ്യൻ അധിനിവേശത്തെ അപലപിക്കാത്തത്. ജപ്പാൻ ഉൾപ്പെടെയുള്ള ക്വാഡ് രാജ്യങ്ങൾ റഷ്യൻ സ്ഥാപനങ്ങൾക്കും വ്യക്തികൾക്കുമെതിരെ ഉപരോധം ഏർപ്പെടുത്തിയിരുന്നു. യുക്രെയ്‌നിൽ നിന്നുള്ള നിരവധി അഭയാർഥികളെ ജപ്പാൻ സ്വീകരിക്കുന്നുണ്ട്.

യുക്രെയ്‍നിലെ റഷ്യൻ അധിനിവേശത്തിന്റെ പശ്ചാത്തലത്തിൽ രാജ്യാന്തരതലത്തിൽ ഇരുരാജ്യങ്ങൾ തമ്മിലുള്ള ഐക്യം ഊട്ടിയുറപ്പിക്കാനും വിവിധ വിഷയങ്ങളിൽ ഒരുമിച്ച് സഹകരിക്കാനുള്ള വേദി ഒരുക്കാനും താൻ ആഗ്രഹിക്കുന്നതായി സമ്മേളനത്തിനു മുന്നോടിയായി ഫുമിയോ കിഷിത മാധ്യമങ്ങളോടു പറഞ്ഞിരുന്നു. 2018 ഒക്ടോബര്‍ മാസത്തില്‍ ടോക്കിയോയിലാണ് അവസാനമായി ഇന്ത്യൻ– ജപ്പാൻ ഉച്ചകോടി നടന്നത്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ 2020, 2021 വര്‍ഷങ്ങളിൽ ഉച്ചകോടി ഒഴിവാക്കിയിരുന്നു.

English Summary: "Japan Aims To Invest $42 Billion Over Next 5 Years In India": PM Modi

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com