ADVERTISEMENT

ശ്രീനഗർ∙ സജീവ രാഷ്ട്രീയത്തിൽനിന്നു വിരമിച്ചേക്കുമെന്ന സൂചന നൽകി മുതിർന്ന കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ്. സാമൂഹിക സേവനത്തിൽ വ്യാപ്തനാവാൻ ആഗ്രഹിക്കുന്നതായി ജമ്മു കശ്മീരിൽ നടന്ന പൊതുപരിപടിയിൽ ഗുലാം നബി ആസാദ് പറഞ്ഞു.

തന്റെ പാർട്ടി അടക്കം എല്ലാ രാഷ്ട്രീയ പാർട്ടികളും ജാതിയുടെയും മതത്തിന്റെയും പേരിൽ ഭിന്നിപ്പുണ്ടാക്കുന്നു. രാഷ്ട്രീയ പാർട്ടികൾക്ക് സാമൂഹിക പരിവർത്തനത്തിനു കഴിയുന്നുണ്ടോ എന്നു സംശയമാണ്. സമൂഹം ഇതിനെ മറികടന്ന് ഒന്നിച്ച് നിൽക്കണമെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.

‘മഹാത്മാഗാന്ധി ഏറ്റവും വലിയ ഹിന്ദുവും മതേതരവാദിയുമായിരുന്നു. ജമ്മു കശ്മീരിൽ സംഭവിച്ചതിനെല്ലാം ഉത്തരവാദി പാക്കിസ്ഥാനും തീവ്രവാദവുമാണ്. ഹിന്ദുക്കൾ, കശ്മീരി പണ്ഡിറ്റുകൾ, മുസ്‌ലിംകൾ എന്നിവരുൾപ്പെടെ ജമ്മു കശ്മീരിലെ എല്ലാവരെയും ഇത് ബാധിച്ചു.’– ആസാദ് പറഞ്ഞു.

1990ലെ കശ്മീരി പണ്ഡിറ്റുകളുടെ പലായനത്തെ ആസ്പദമാക്കിയുള്ള ‘ദ് കശ്മീർ ഫയൽസ്’ എന്ന സിനിമയെച്ചൊല്ലിയുള്ള വിവാദങ്ങളുടെ പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. കോൺഗ്രസിലെ തിരുത്തൽവാദികളായ ‘ജി23’ നേതാക്കളുടെ സംഘത്തിലുൾപ്പെട്ട ഗുലാം നബി ആസാദ്, ഏറെ നാളായി കോണ്‍ഗ്രസ് ഹൈക്കമാൻഡുമായി ഇടഞ്ഞുനിൽക്കുകയാണ്.

English Summary: Ghulam Nabi Azad hints at ‘retirement’ from politics

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com