ADVERTISEMENT

തൃശൂർ ∙ കിഴക്കമ്പലത്തെ ട്വന്റി ട്വന്റി പ്രവർത്തകൻ ദീപുവിനെ കൊലപ്പെടുത്തിയ കേസിലെ പ്രതികളായ സിപിഎം പ്രവർത്തകരുടെ ജാമ്യഹർജി അഡീഷനൽ ജില്ലാ കോടതി തള്ളി. എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയിലായിരുന്നു കേസ് നേരത്തെ പരിഗണിച്ചിരുന്നത്. പട്ടികജാതി/വർഗ പീഡനം തടയൽ നിയമ പ്രകാരമുള്ള ഉത്തരവാദിത്തം നിറവേറ്റുന്നതിൽ കോടതി വീഴ്ച വരുത്തിയതായി നിരീക്ഷിച്ച ഹൈക്കോടതി കേസ് തൃശൂരിലേക്കു മാറ്റുകയായിരുന്നു. സിപിഎം പ്രവർത്തകരായ 4 പേരാണു പ്രതികൾ.

കിഴക്കമ്പലത്ത് വഴിവിളക്കുകൾ തെളിക്കുന്നതിനായി നടപ്പാക്കിയ സ്ട്രീറ്റ് ലൈറ്റ് ചാലഞ്ചിനെതിരെ സ്ഥലം എംഎൽഎ ഉൾപ്പടെയുള്ളവർ രംഗത്തെത്തിയതിൽ പ്രതിഷേധിച്ചായിരുന്നു ട്വന്റി ട്വന്റിയുടെ നേതൃത്വത്തിൽ വിളക്കണയ്ക്കൽ സമരം നടത്തിയത്. എംഎൽഎ കെഎസ്ഇബി ഉദ്യോഗസ്ഥരിൽ സമ്മർദം ചെലുത്തി സ്ട്രീറ്റ് ലൈറ്റ് ചലഞ്ച് പദ്ധതി നടപ്പാക്കുന്നതു തടയുന്നു എന്നായിരുന്നു ആക്ഷേപം. 12ന് വൈകിട്ട് 7 മുതൽ 7.15 വരെയായിരുന്നു സമരം. സ്വന്തം വീട്ടിൽ വിളക്കണച്ച ശേഷം അടുത്ത വീട്ടിലേയ്ക്കു പോകുമ്പോൾ കാത്തു നിന്ന സിപിഎം പ്രവർത്തകർ ദീപുവിനെ ക്രൂരമായി മർദിക്കുകയായിരുന്നു.

സിപിഎം പ്രവർത്തകരുടെ മർദനമേറ്റു ശരിക്കും ഭയന്നു പോയ ദീപു തലയിലും വയറിനും ഗുരുതരമായി പരുക്കേറ്റെങ്കിലും വിവരം പുറത്തു പറഞ്ഞിരുന്നില്ല. ആശുപത്രിയിൽ പോയാൽ കൊന്നു കളയുമെന്നായിരുന്നു ഭീഷണി. ചികിത്സ തേടിയാൽ ആശുപത്രിക്കാർ അറിയിച്ച് പൊലീസ് വിവരം അറിയുമെന്നതിനാലായിരുന്നു ഭീഷണി. ഭയന്ന വീട്ടുകാരും ഇക്കാര്യം പുറത്തു പറഞ്ഞില്ല. അക്രമികളാകട്ടെ വീടിനു മുന്നിൽ തമ്പടിക്കുകയും ചെയ്തു. ഇതിനിടെ ദീപുവിന്റെ ആരോഗ്യനില മോശമായതോടെയാണ് ദീപുവിനെ ആശുപത്രിയിൽ എത്തിക്കുന്നത്. 

അയൽവാസികളുടെ ഉൾപ്പടെ സഹായത്തോടെയാണ് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഈ സമയം തലച്ചോറിലേക്ക് രക്തസ്രാവമുണ്ടാകുകയും ഛർദി രൂക്ഷമാകുകയും ചെയ്തിരുന്നു. പഴങ്ങനാട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി രാജഗിരി ആശുപത്രിയിലേക്കു മാറ്റുകയായിരുന്നു. ഇവിടെ അടിയന്തര ശസ്ത്രക്രിയ നടത്തിയെങ്കിലും വെന്റിലേറ്ററിലേക്കു മാറ്റേണ്ട സാഹചര്യമുണ്ടായി. വെന്റിലേറ്ററിൽ ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു.

English Summary: Deepu murder case, bail plea of accused rejected

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com