ADVERTISEMENT

തിരുവനന്തപുരം∙ സിൽവർലൈൻ പദ്ധതിക്കെതിരെ വിമർശനവുമായി പരിസ്ഥിതി പ്രവർത്തക മേധ പട്കർ. വികസനമാണ് വിനാശമല്ല വേണ്ടത്. ഇത് യുക്രെയ്നല്ല, കേരളമാണ്. സില്‍വര്‍ലൈന്‍ പരാജയപ്പെടുന്ന പദ്ധതിയാണെന്നും അവർ പറഞ്ഞു. സിൽവർലൈൻ വിരുദ്ധ ജനകീയ സമിതിയുടെ സെക്രട്ടേറിയറ്റ് മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു മേധ പട്കർ. പ്രളയത്തിനുശേഷം കേരളം വികസന രീതി തിരുത്തുമെന്നാണ് കരുതിയത്. സിൽവർലൈന്‍ പദ്ധതിയുടെ സാമൂഹിക ആഘാതപഠനം പോലും നടന്നിട്ടില്ല. പാര്‍ലമെന്‍റിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തിയതിനെ തുടര്‍ന്ന് മര്‍ദനമേറ്റ യുഡിഎഫ് എംപിമാരെ കാണാന്‍ മുഖ്യമന്ത്രി പിണറായി വിജയൻ തയാറാവണമെന്നും മേധ പട്കർ പറഞ്ഞു.

മുംബൈ–അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതിയെ എതിർക്കുന്ന സിപിഎം കേരളത്തിൽ പദ്ധതിയെ അനുകൂലിക്കുന്നത് എന്തിനാണെന്നു മനസിലാകുന്നില്ലെന്നും മേധ പട്കർ പറഞ്ഞു. പദ്ധതിയിലൂടെ കിടപ്പാടം നഷ്ടപ്പെടുന്ന ഇരുപതിനായിരത്തോളം കുടുംബങ്ങളെ സംരക്ഷിക്കാനാണ് സമരം. പ്രളയവും ഉരുൾപൊട്ടലും അടിക്കടി ഉണ്ടാകുന്ന നാട്ടിൽ, ജനങ്ങളുടെ അവസ്ഥ സുരക്ഷിതമാക്കുന്നതിനു പകരം പ്രകൃതിയെ കൂടുതൽ പ്രതിസന്ധിയിലാക്കുന്ന വികസനത്തിനാണ് സർക്കാർ ശ്രമിക്കുന്നത്. സിൽവർലൈൻ പദ്ധതിയെ ചോദ്യം ചെയ്യുന്നവരുമായി ചർച്ച നടത്താതെ പദ്ധതിക്കായി പ്രധാനമന്ത്രിയെ കാണാനാണ് മുഖ്യമന്ത്രി പിണറായി വിജയൻ പോയിരിക്കുന്നത്.

പിണറായിയുടെയും മോദിയുടെയും വികസന നയം തുല്യമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. സാമ്പത്തികമായി സാധ്യതയില്ലാത്ത പദ്ധതി പൂർണ പരാജയമാകുമെന്നതിൽ സംശയമില്ല. പദ്ധതി കടന്നു പോകുന്ന സ്ഥലങ്ങളിൽ വികസനം മുരടിക്കും. മണ്ണിനു ബലമില്ലാത്ത സ്ഥലങ്ങളിലാണ് നിർദിഷ്ട പദ്ധതിയുടെ 91 ശതമാനവും. ഇവിടങ്ങളിൽ മണ്ണിനു ബലം കൂട്ടാൻ ചെലവ് വളരെ കൂടുതലായിരിക്കുമെന്നും മേധ പട്കർ പറഞ്ഞു.

സമരത്തിൽ പങ്കെടുത്തവർക്കായി മലയാളത്തിൽ മേധ പട്കർ മുദ്രാവാക്യങ്ങൾ‌ ചൊല്ലിക്കൊടുത്തു.  ‘വികസനം വേണം വിനാശം വേണ്ട’, ‘വേണ്ടേ വേണ്ട, കെ–റെയിൽ വേണ്ടേ വേണ്ട’ തുടങ്ങിയ മുദ്രാവാക്യങ്ങൾ സമരക്കാർ ഏറ്റുചൊല്ലി. മുംബൈ–അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതിയെ എതിർക്കുന്ന സിപിഎം ഇവിടെ പദ്ധതിയെ അനുകൂലിക്കുകയാണെന്ന് മുംബൈ–അഹമ്മദാബാദ് അതിവേഗ റെയിൽ പദ്ധതിക്കെതിരെ സമരം നടത്തുന്ന സംഘടനകളെ നയിക്കുന്നവരിൽ ഒരാളായ ശശികാന്ത് സോനാവാനെ പറഞ്ഞു. അവിടുത്തെ സിപിഎമ്മും ഇവിടത്തെ സിപിഎമ്മുമായി വ്യത്യാസം ഉണ്ടോയെന്നു ചോദിക്കേണ്ട സാഹചര്യമാണെന്നും അദ്ദേഹം പറഞ്ഞു.

English Summary: Medha Patkar on Silver Line Project 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com