പഞ്ചാബ് കീഴടക്കി, ഇനി ലക്ഷ്യം ഗുജറാത്ത്; ആം ആദ്മി തന്ത്രജ്ഞനായി സന്ദീപ് പഥക്

aap-sandeep-pathak-kejriwal
ഡോ.സന്ദീപ് പഥക്, അരവിന്ദ് കേജ്‌രിവാള്‍
SHARE

കോഴിക്കോട് ∙ പഞ്ചാബ് കീഴടക്കിയതിനു തൊട്ടുപുറകേ ഗുജറാത്ത് ലക്ഷ്യം വച്ച് ആം ആദ്മി പാർട്ടി. പഞ്ചാബ് നിയമസഭ തിരഞ്ഞെടുപ്പ് ചുമതലയുണ്ടായിരുന്ന ഡോ.സന്ദീപ് പഥകിനെ ഗുജറാത്തിന്റെ ചുമതലയുള്ള പ്രഭാരിയായി നിയമിച്ചു.  ഈ വർഷം അവസാനമാണ് ഗുജറാത്തിൽ നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്നത്. ഇതിനു പുറമേ അടുത്തു നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന ഹിമാചൽ പ്രദേശ്, ഹരിയാന അടക്കമുള്ള സംസ്ഥാനങ്ങളിലേക്കു പുതിയ ചുമതലക്കാരെ നിയോഗിച്ച് കഴിഞ്ഞ ദിവസം ആം ആദ്മി പാർട്ടി ഉത്തരവിറക്കി.

ഐഐടി പ്രഫസർ, തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ, ഇനി എംപി

പഞ്ചാബ് തിരഞ്ഞെടുപ്പിൽ  മിന്നും ജയം കാഴ്ചവയ്ക്കാൻ ആപ്പിനെ സഹായിച്ച ഏറ്റവും പ്രധാന മുഖമായിരുന്നു ഡോ.സന്ദീപ് പഥക്. ഡൽഹി ഐഐടിയിലെ ഫിസിക്സ് പ്രഫസറായിരുന്നു 42 വയസ്സുകാരനായ ഇദ്ദേഹം. പഞ്ചാബ് തിരഞ്ഞെടുപ്പിലെ പ്രിൻസിപ്പൽ സ്ട്രാറ്റജിസ്റ്റും ക്യാംപെയിൻ ഡിസൈനറുമായിരുന്നു. ബൂത്തുതലം മുതൽ പാർട്ടി കെട്ടിപ്പടുക്കുന്നതിൽ നിർണായക പങ്കു വഹിച്ച ഇദ്ദേഹത്തിന്റെ നേതൃത്വത്തിലാണു പഞ്ചാബിൽ പാർട്ടി മിന്നും ജയത്തിലേക്കു കുതിച്ചു കയറിയത്. ഡോർ–ടു–ഡോർ ക്യാംപെയ്നാണു പഞ്ചാബിൽ ഏറ്റവും ഫലപ്രദമായി നടപ്പാക്കിയത്.

ഛത്തീസ്ഗഡിലെ കർഷക കുടുംബത്തിൽനിന്നുള്ള പഥക് മികച്ച അക്കാദമിക് പശ്ചാത്തലമുള്ളയാളാണ്. കേംബ്രിജ് സർവകാശാലയിൽനിന്നു ഫോട്ടോ –ഫിസിക്കൽ പ്രോപ്പർട്ടീസിൽ പിഎച്ച്ഡി പൂർത്തിയാക്കിയ ശേഷം 2016ലാണ് ഡൽഹി ഐഐടിയിൽ അധ്യാപന ജോലിയിൽ പ്രവേശിക്കുന്നത്. ഈ മേഖലയിൽ നിരവധി ഗവേഷണ പ്രബന്ധങ്ങൾ രചിച്ചിട്ടുണ്ട്. ഡൽഹി തിരഞ്ഞെടുപ്പിലും അരവിന്ദ് കേജ്‌രിവാളിന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കും ചുക്കാൻ പിടിച്ചിട്ടുണ്ട്. 

ഇനി തിരഞ്ഞെടുപ്പു കഴിയുന്നതു വരെ ഗുജറാത്തിൽ താമസിച്ചായിരിക്കും പ്രവർത്തനങ്ങൾ നിയന്ത്രിക്കുന്നത്. ഗുജറാത്തിലും ഹിമാചലിലും മുഴുവൻ സീറ്റുകളിലും മത്സരിക്കുമെന്ന് ആപ് പ്രഖ്യാപിച്ചിട്ടുണ്ട്. മാനേജ്മെന്റ് വിദഗ്ധർ അടക്കമുള്ളവർ ചേർന്നാണു തിരഞ്ഞെടുപ്പ് പദ്ധതികൾ രൂപീകരിക്കുന്നത്. ഇതിന്റെ ഭാഗമായി ബൂത്ത് തലത്തിൽനിന്നു പ്രഫഷനൽ ഏജൻസികളുടെ സഹായത്തോടെ ജനസംഖ്യ, സ്ഥിതി വിവരക്കണക്കുകൾ അടക്കമുള്ള ഡേറ്റ ശേഖരിക്കുന്നു. പിന്നീട് മാനേജ്മെന്റ് വിദഗ്ധരുടെ സഹായത്തോടെ വിശകലനം നടത്തി തിരഞ്ഞെടുപ്പിനു വേണ്ടിയുള്ള തന്ത്രങ്ങൾ മെനയും.

ഈ തന്ത്രങ്ങളുടെ അടിസ്ഥാനത്തിലാണ് തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ എന്തു പറയണം, ഏതു വിഷയം ഏറ്റെടുക്കണം എന്നൊക്കെ തീരുമാനിക്കുന്നത്. ഗുജറാത്ത് തിരഞ്ഞെടുപ്പിന്റെ പൂർണ ചുമതലയിലേക്കു മാറ്റിയെങ്കിലും പുതുതായി അധികാരത്തിലെത്തിയ പഞ്ചാബിന്റെ ചുമതലയിൽനിന്നു പഥകിനെ നീക്കിയിട്ടില്ല. പഞ്ചാബിലെ സബ് പ്രഭാരിയായി പഥക് തുടരും. സന്ദീപ് പഥകിനെ ആം ആദ്മി പാർട്ടി രാജ്യസഭയിലേക്കു നാമനിർദേശം ചെയ്തിരുന്നു. ഹരിയാനയിൽ ഒക്ടോബറിലും ഹിമാചൽ പ്രദേശിൽ നവംബർ–ഡിസംബർ മാസങ്ങളിലും ഗുജറാത്തിൽ ഡിസംബറിലുമാണ് നിയമസഭ തിരഞ്ഞെടുപ്പ് പ്രതീക്ഷിക്കുന്നത്. 

ലക്ഷ്യങ്ങളിൽ കേരളവും

അടുത്ത പഞ്ചായത്ത് തിരഞ്ഞെടുപ്പിനു മുന്നോടിയായി കേരളത്തിലെ സംഘടന ശക്തിപ്പെടുത്തുന്നതിനായി കേരളത്തിനും പുതിയ പ്രഭാരിയെ നിയമിച്ചിട്ടുണ്ട്. തമിഴ്നാട് സ്വദേശിയും ഡൽഹി തമിഴ് അക്കാദമി വൈസ് ചെയർമാനുമായിരുന്നു എൻ.രാജയാണ് പുതിയ പ്രഭാരി. തമിഴ്നാട് ചീഫ് സെക്രട്ടറിയായിരുന്ന പി.സി.സിറിയക് ആണ് നിലവിൽ കേരളത്തിലെ പാർട്ടി കൺവീനർ.

ദക്ഷിണേന്ത്യയിൽ തെലങ്കാനയാണ് ആപ്പിന്റെ ആദ്യ പരിഗണനയിലുള്ളത്. ഇതിനു മുന്നോടിയായി തെലങ്കാനയിൽ പദയാത്ര അടക്കമുള്ള പരിപാടികളുമായി മുന്നോട്ടു പോവുകയാണ്. നേരത്തെ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കെല്ലാം ചേർന്ന് ഒരു ചുമതലക്കാരനായിരുന്നു ഉണ്ടായിരുന്നത്. ഈ രീതിക്കു മാറ്റം വരുത്തി ഓരോ സംസ്ഥാനത്തിനും പ്രത്യേകം ചുമതലക്കാരെ നിയമിക്കുകയാണ്. പ്രഭാരിക്കു പുറമേ ഒന്നിലേറെ സബ് പ്രഭാരിമാരും ഉണ്ട്.

രാജേഷ് ശർമ (അസം), സഞ്ജീവ് ഝാ (ഛത്തീസ്ഗഡ്), സുശീൽ ഗുപ്ത ( ഹരിയാന), ദുർഗേഷ് പഥക് (ഹിമാചൽ പ്രദേശ്), ജർണയിൽ സിങ് (പഞ്ചാബ്) എന്നിവരെയാണു വിവിധ സംസ്ഥാനങ്ങളിൽ പുതിയ പ്രഭാരിമാരായി നിയോഗിച്ചിട്ടുള്ളത്. 

English Summary:AAP appoints former IIT-D professor Sandeep Pathak as its Gujarat in-charge

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

അമ്പരപ്പിക്കുന്ന ആഡംബരം; നിറയെ സർപ്രൈസുകൾ ഒളിപ്പിച്ച വീട്

MORE VIDEOS