പഞ്ചാബില്‍നിന്ന് രാജസ്ഥാനിലേക്ക് പറക്കാന്‍ എഎപി; ‘തൂത്തുവാരാൻ’ വരുന്നത് ഒരേ സംഘം

India State Elections
പഞ്ചാബിൽ എഎപിയുടെ തിരഞ്ഞെടുപ്പ് വിജയം ആഘോഷിക്കുന്ന പ്രവർത്തകർ
SHARE

പഞ്ചാബ് നിയമസഭാ തിരഞ്ഞെടുപ്പിലെ തകര്‍പ്പന്‍ വിജയത്തിനു പിന്നാലെ, അടുത്ത വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന രാജസ്ഥാനില്‍ അടിത്തറ ശക്തമാക്കാനൊരുങ്ങി ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ ആം ആദ്മി പാര്‍ട്ടി (എഎപി). കോണ്‍ഗ്രസ് അധികാരത്തിലിരിക്കുന്ന രാജസ്ഥാനില്‍ കോണ്‍ഗ്രസിനും ബിജെപിക്കും കടുത്ത വെല്ലുവിളി ഉയര്‍ത്താനാകുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. രാജസ്ഥാനിലെ പ്രശ്‌നങ്ങള്‍ പഞ്ചാബിലേതിനു സമാനമാണെന്നാണ് എഎപിയുടെ വിലയിരുത്തല്‍. ഇതുവരെ ദ്വിധ്രുവ മത്സരത്തിനാണ് രാജസ്ഥാന്‍ സാക്ഷ്യം വഹിച്ചത്. കോണ്‍ഗ്രസിനും ബിജെപിക്കുമപ്പുറം മൂന്നാമതൊരു കക്ഷി സംസ്ഥാനത്ത് കാലുറപ്പിക്കാനെത്തുമ്പോള്‍, നിയമസഭാ തിരഞ്ഞെടുപ്പ് ത്രികോണ മത്സരമായി മാറും.

∙ ഓപ്പറേഷന്‍ സ്റ്റാര്‍ഡ്സ്

2018ല്‍ നടന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ ആകെയുള്ള 200 ല്‍ 140 സീറ്റുകളിലും എഎപി മത്സരിച്ചെങ്കിലും ഒന്നിലും വിജയിക്കാനായില്ല. 0.4 ശതമാനം വോട്ട് മാത്രമാണ് പാര്‍ട്ടിക്ക് നേടാനായത്. എന്നാല്‍, ഇത്തവണ പഞ്ചാബില്‍ അധികാരക്കസേരയിലേറിയത്, രാജസ്ഥാനില്‍ ബിജെപിക്കും കോണ്‍ഗ്രസിനും വെല്ലുവിളി ഉയര്‍ത്താനാകുമെന്ന പ്രതീക്ഷ എഎപിക്ക് നല്‍കി. രാജസ്ഥാന്‍ ‘തൂത്തുവാരാനുള്ള’ ശ്രമങ്ങള്‍ക്ക് എഎപി ഇതിനകം തുടക്കമിട്ടു കഴിഞ്ഞു. 

പഞ്ചാബില്‍ പാര്‍ട്ടിയെ വിജയിപ്പിച്ച അതേ ടീമിനെ രാജസ്ഥാനിലേക്കും അയയ്ക്കാനാണ് പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ട്. പഞ്ചാബിലെ വിജയത്തിന് പിന്നാലെ രാജസ്ഥാനിലെ എഎപി പ്രവര്‍ത്തകരുടെ ആവേശവും കുതിച്ചുയര്‍ന്നിട്ടുണ്ട്. തലസ്ഥാനമായ ജയ്പുരിലെ പ്രധാന തെരുവുകളില്‍ എഎപി പോസ്റ്ററുകളും ഫ്ലക്‌സ് ബോര്‍ഡുകളും ഇതിനകം ഉയര്‍ന്നു കഴിഞ്ഞു. എഎപി നേതാവ് സഞ്ജയ് സിങ്, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാള്‍, പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മാന്‍ എന്നിവരുടെ ചിത്രങ്ങൾ അവയിലെല്ലാമുണ്ട്.

പഞ്ചാബുമായി അതിര്‍ത്തി പങ്കിടുന്ന രാജസ്ഥാനിലെ ജില്ലകളില്‍ വിവാദമായ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായ കര്‍ഷക പ്രക്ഷോഭം കാര്യമായ സ്വാധീനം ചെലുത്തിയിരുന്നു. പഞ്ചാബിന്റെ അതിര്‍ത്തി ജില്ലയായ ഗംഗാനഗറില്‍ തിരഞ്ഞെടുപ്പ് സംബന്ധിച്ച ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞു. ജില്ലാതലത്തില്‍ ഒരു എക്സിക്യൂട്ടീവ് കമ്മിറ്റി രൂപീകരിച്ചതായും പൊതുജനാഭിപ്രായം അറിയാന്‍ കേജ്‌രിവാള്‍ രാജസ്ഥാന്‍ സന്ദര്‍ശിച്ചതായും റിപ്പോര്‍ട്ടുണ്ട്. 

തിരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടനയെ ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. രണ്ടു മാസത്തിനുള്ളില്‍ അടുത്ത വര്‍ഷത്തെ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങള്‍ തുടങ്ങും. ഈ ആഴ്ച രണ്ടു ദിവസത്തെ കണ്‍വന്‍ഷന്‍ ജയ്പുരില്‍ സംഘടിപ്പിക്കും. കണ്‍വന്‍ഷനിൽ ആം ആദ്മി പാര്‍ട്ടിയുടെ ക്ഷേമ നയങ്ങളെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിനുള്ള മാര്‍ഗങ്ങളും ചര്‍ച്ച ചെയ്യും. പ്രമുഖ നേതാക്കളും പ്രവര്‍ത്തകരും പങ്കെടുക്കുന്ന പരിപാടിയില്‍ സംസ്ഥാന പ്രസിഡന്റിനെയും മറ്റു ചുമതലക്കാരെയും പ്രഖ്യാപിക്കും. അംഗത്വ വിതരണവും നടത്തും. 

PTI30-07-2020_000166B
അശോക് ഗെലോട്ട് (ഫയൽ ചിത്രം)

∙ പഞ്ചാബ് = രാജസ്ഥാന്‍

2020 ല്‍ നടന്ന രാജസ്ഥാന്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് എഎപി പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ അതിലും കാര്യമായ നേട്ടമുണ്ടാക്കാന്‍ പാര്‍ട്ടിക്കായില്ല. മികച്ച വിദ്യാഭ്യാസം, മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷാ സൗകര്യങ്ങള്‍, 200 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി, സൗജന്യ ജല വിതരണം എന്നിവയെ അടിസ്ഥാനമാക്കിയുള്ള ഡല്‍ഹി മോഡല്‍ പ്രചാരണമാണ് എഎപി പഞ്ചാബില്‍ പയറ്റിയത്. പഞ്ചാബില്‍ ആവശ്യത്തിന് വൈദ്യുതിയുണ്ടെങ്കിലും അത് ഏറ്റവും ചെലവേറിയതും വിതരണം ക്രമരഹിതവുമാണെന്ന് കണ്ടെത്തി. അതിനെ പ്രചാരണ വിഷയമാക്കി. രാജസ്ഥാനിലും ഇതേ പ്രശ്നമുണ്ട്. കഴിഞ്ഞ മാസം നടന്ന ബജറ്റ് അവതരണത്തില്‍ പ്രതിമാസം 100 യൂണിറ്റ് ഉപയോഗിക്കുന്ന ഗാര്‍ഹിക ഉപയോക്താക്കള്‍ക്ക് 50 യൂണിറ്റ് വരെ സൗജന്യ വൈദ്യുതി മുഖ്യമന്ത്രി അശോക് ഗെലോട്ട് പ്രഖ്യാപിച്ചിരുന്നു. 

sachin-pilot-1
സച്ചിൻ പൈലറ്റ് (ഫയൽ ചിത്രം)

പഞ്ചാബില്‍ കോണ്‍ഗ്രസിനു കല്ലുകടിയായി നവ്ജ്യോത് സിങ് സിദ്ദുവാണ് ഇടഞ്ഞു നിന്നതെങ്കില്‍ രാജസ്ഥാനില്‍ ഇടഞ്ഞത് സച്ചിന്‍ പൈലറ്റായിരുന്നു. ഗെലോട്ടും സച്ചിനും ഇപ്പോള്‍ ‘അടയും ചക്കരയും’ ആണെങ്കിലും അസ്വാരസ്യങ്ങള്‍ അങ്ങിങ്ങായി മുഴച്ചു നില്‍ക്കുന്നു. സിദ്ദുവിനെപ്പോലെ മുഖ്യമന്ത്രിക്കസേര മോഹമാണ് സച്ചിനും ഗെലോട്ടും തമ്മിലുള്ള സംഘര്‍ഷത്തിന് വഴിയൊരുക്കിയത്. ഗെലോട്ട് മുഖ്യമന്ത്രിയായി അധികാരമേറ്റതിനു പിന്നാലെ, ഗെലോട്ടിനെ മാറ്റി സച്ചിനെ മുഖ്യമന്ത്രിയാക്കണമെന്ന് സംസ്ഥാന ഘടകത്തില്‍ ആവശ്യമുയര്‍ന്നിരുന്നു. ഇതിനിടെ, തന്നെ പിന്തുണയ്ക്കുന്ന 8 എംഎല്‍എമാര്‍ക്കൊപ്പം സച്ചിന്‍ ഡല്‍ഹിക്ക് പറന്നു. കലാപം രൂക്ഷമായതിനു പിന്നാലെ രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സ്ഥാനത്തുനിന്നും പിസിസി പ്രസിഡന്റ് സ്ഥാനത്തുനിന്നും സച്ചിനെ നീക്കുകയും ചെയ്തിരുന്നു.

∙ തൂത്തുവാരാന്‍ എഎപി

കോണ്‍ഗ്രസ് കൂപ്പുകുത്തുന്ന സാഹചര്യത്തില്‍, രാജ്യത്തെ പ്രധാന പ്രതിപക്ഷമായി ഉയര്‍ന്നുവരാനാണ് എഎപി ആഗ്രഹിക്കുന്നത്. പഞ്ചാബിലും രാജസ്ഥാനിലും മാത്രമല്ല, ഗുജറാത്ത്, ബംഗാള്‍, ഹിമാചല്‍ പ്രദേശ്, കര്‍ണാടക, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങളിലും പാര്‍ട്ടി സാന്നിധ്യം അറിയിച്ചു കഴിഞ്ഞു. 

ഈ വര്‍ഷം നവംബറില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന ഹിമാചല്‍ പ്രദേശില്‍ മികച്ച പ്രകടനം കാഴ്ചവയ്ക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് പാര്‍ട്ടി. സംസ്ഥാനത്ത് സമ്പൂര്‍ണ പ്രചാരണം നടത്താനാണ് ശ്രമം. അതിനു മുന്നോടിയായി എഎപി അനുഭാവികളെയും നേതാക്കളെയും സംസ്ഥാനത്തേക്ക് അയച്ചു തുടങ്ങിയിട്ടുണ്ട്.

ഗുജറാത്തില്‍ ബിജെപിയുടെ പ്രധാന എതിരാളിയായി ഉയര്‍ന്നുവരുമെന്നാണ് എഎപി കണക്കുകൂട്ടുന്നത്. സംസ്ഥാനത്ത് ഡിസംബറില്‍ തിരഞ്ഞെടുപ്പ് നടക്കും. 2017ലെ നിയമസഭാ തിരഞ്ഞെടുപ്പിലും 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിലും പാര്‍ട്ടി ഗുജറാത്തില്‍ മത്സരിച്ചിരുന്നു. കഴിഞ്ഞ വര്‍ഷം നടന്ന ആറ് തദ്ദേശ തിരഞ്ഞെടുപ്പുകളിലും മത്സരിച്ചു. സൂറത്തില്‍ 120 ല്‍ 27 സീറ്റു നേടി പ്രതിപക്ഷ കക്ഷിയായി. ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പരമ്പരാഗത വോട്ടു ബാങ്കായ മുസ്‌ലിം വോട്ടുകള്‍ നേടാനാകുമെന്നാണ് പാര്‍ട്ടി വിലയിരുത്തുന്നത്. മുസ്‌ലിം വിഭാഗത്തിന്റെയും പാട്ടിദാര്‍ സമുദായത്തിന്റെയും പിന്തുണ ലഭിച്ചാല്‍ തിരഞ്ഞെടുപ്പില്‍ കാര്യമായ ഫലമുണ്ടാക്കാനാകും.

മാര്‍ച്ച് 13-ന് ബംഗാളില്‍ ‘പദര്‍പണ്‍ യാത്ര’ എന്ന പേരില്‍ പാര്‍ട്ടിയുടെ ആദ്യ റാലി നടത്തിയിരുന്നു. 2015ല്‍ പാര്‍ട്ടിക്ക് ബംഗാളില്‍ നിരവധി യൂണിറ്റുകള്‍ ഉണ്ടായിരുന്നെങ്കിലും പിന്നീടത് തൃണമൂല്‍ കോണ്‍ഗ്രസില്‍ (ടിഎംസി) ലയിച്ചു.

ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളായ തെലങ്കാനയിലും കര്‍ണാടകയിലും സ്വാധീനം വര്‍ധിപ്പിക്കാനാണ് പാര്‍ട്ടിയുടെ തീരുമാനം. തെലങ്കാനയിലെ തദ്ദേശ തിരഞ്ഞെടുപ്പുകളിലും കര്‍ണാടകയില്‍ ബെംഗളൂരു മുനിസിപ്പാലിറ്റി തിരഞ്ഞെടുപ്പിലും ശക്തമായി പോരാടാനാണ് നീക്കം. 2021ലെ തദ്ദേശ തിരഞ്ഞെടുപ്പില്‍ കര്‍ണാടകയിലെ കലബുറഗി ജില്ലയിലെ രണ്ട് വാര്‍ഡുകളില്‍ എഎപി രണ്ടാം സ്ഥാനത്തെത്തി. ബെലഗാവി സിറ്റി കോര്‍പ്പറേഷനിലെ ഒരു വാര്‍ഡിലും രണ്ടാം സ്ഥാനത്തും എത്തി. ഹുബ്ബാലി-ധാര്‍വാഡ് ജില്ലയിലെ ഒരു വാര്‍ഡില്‍ 12 ശതമാനത്തോളം വോട്ടുകള്‍ ലഭിച്ചു.

English Summary: Rajasthan Elections 2023: AAP's Plan for Rajasthan polls after Punjab Sweep

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS