ADVERTISEMENT

സാൻ സാൽവദോർ ∙ മധ്യ അമേരിക്കയിലെ എൽ സാൽവദോറിൽ സായുധ സംഘങ്ങൾ തമ്മിലുള്ള വെടിവയ്പിൽ നിരവധി പേർ കൊല്ലപ്പെട്ടതിനു പിന്നാലെ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. രാജ്യത്ത് അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള പ്രസിഡന്റ് നയീബ് അർമാൻ‍ഡോ ബുകേലെയുടെ അഭ്യർഥന എൽ സാൽവദോർ ലെജിസ്ലേറ്റിവ് അസംബ്ലി അംഗീകരിക്കുകയായിരുന്നു. കഴിഞ്ഞ വെള്ളിയാഴ്ച 14 പേരും ശനിയാഴ്ച 67 പേരും കൊല്ലപ്പെട്ടതോടെയാണ് നയിബ് ബുകലെ ഭരണകൂടം അടിയന്തരാവസ്ഥ പ്രഖ്യാപിക്കാനുള്ള നടപടികളുമായി മുന്നോട്ടുപോയത്.  

ചേരിതിരിഞ്ഞു പോരടിക്കുന്ന മാഫിയ സംഘങ്ങളാണ് എൽ സാൽവദോറിന്റെ പ്രധാന പ്രശ്നം. 65 ലക്ഷം ജനസംഖ്യയുള്ള രാജ്യത്ത് 35,000 ഗ്യാങ് ക്രിമിനലുകളും ഗ്യാങ്ങുകളുമായി ബന്ധപ്പെട്ടു പ്രവർത്തിക്കുന്ന 5 ലക്ഷത്തോളം പേരുമുണ്ട്. എൽ സാൽവദോറിലെ കുപ്രസിദ്ധ മാഫിയ സംഘങ്ങളായ എംഎസ് –13 എന്നറിയപ്പെടുന്ന മാറ സാൽവട്രൂച്ചയും എൽഎ 18 എന്ന ഗ്യാങ്ങും തമ്മിലുള്ള കുടിപ്പകയും സംഘർഷവും ആണ് ക്രമസമാധാന പ്രശ്നങ്ങളിലേക്കു വഴിവച്ചത്.   

അടിയന്തരാവസ്ഥ ഏർപ്പെടുത്താനുള്ള തീരുമാനത്തെ എൽ സാൽവദോർ ലെജിസ്ലേറ്റിവ് അസംബ്ലി അംഗീകരിച്ചതോടെ, പൊലീസ് അധികാരങ്ങൾ വിപുലീകരിക്കുകയും പൗരസ്വാതന്ത്ര്യം വെട്ടിക്കുറയ്ക്കുകയും ചെയ്തു. ‘ക്രിമിനൽ സംഘങ്ങളെ അടിച്ചമർത്തുന്നതുവരെ ഞങ്ങൾ വിശ്രമിക്കില്ല, ഈ യുദ്ധത്തിൽ പിന്നോട്ടു പോകുകയുമില്ല, കുറ്റവാളികളെ പിടികൂടി നിയമത്തിന് മുന്നിൽ കൊണ്ടുവരും’– എൽ സാൽവദോർ നാഷനൽ സിവിൽ പൊലീസ് ട്വീറ്റ് ചെയ്തു. 

1979 മുതൽ 1992 വരെ എൽ സാൽവദോറിലുണ്ടായ ആഭ്യന്തര യുദ്ധമാണ് ഈ ഗ്യാങ് സംസ്കാരത്തിനു വളമേകിയതെന്ന് നിരീക്ഷകർ പറയുന്നു. എൺപതിനായിരത്തിലധികം പേർ കൊല്ലപ്പെട്ട ഈ യുദ്ധത്തോടെയാണ് സൈന്യത്തിന്റെയും വിമതരുടെയും ആശീർവാദത്തോടെ ഗ്യാങ് സംസ്കാരം എൽ സാൽവദോറിൽ പിടിമുറുക്കിയത്. ആഭ്യന്തരയുദ്ധത്തിന്റെ ഫലമായി എൽ സാൽവദോറിൽനിന്ന് വലിയൊരു വിഭാഗം ആളുകൾ യുഎസിൽ അഭയം തേടിയിരുന്നു. ഇവർ ലൊസാഞ്ചലസിൽ തുടങ്ങിയ ഗ്യാങ്ങുകളാണ് രണ്ടും. ഇവ പിന്നീട് എൽ സാൽവദോറിൽ വളരുകയായിരുന്നു. 

എൽ സാൽവദോറിൽ പൊലീസ് ഉദ്യോഗസ്ഥർ പോലും ഗ്യാങ്ങുകളുടെ നിരന്തര ഭീഷണിയിലാണു കഴിയുന്നത്. നയീബ് അർമാൻ‍ഡോ ബുകേലെ അധികാരത്തിൽ എത്തിയതോടെയാണ് മാഫിയ സംഘങ്ങളുടെ അഴിഞ്ഞാട്ടത്തിനു കുറച്ചെങ്കിലും ശമനം വന്നത്. ബുകേലെ ഇവരുമായി സന്ധിയിൽ ഏർപ്പെട്ടുവെന്നു പ്രതിപക്ഷം ആരോപിച്ചിരുന്നു. പതിനായിരത്തോളം ക്രിമിനലുകളെ ബുകേലെയുടെ നേതൃത്വത്തിൽ അടുത്തിടെ ജയിലിൽ അടച്ചുവെങ്കിലും കഴിഞ്ഞ ദിവസങ്ങളിൽ പൊട്ടിപ്പുറപ്പെട്ട സംഘർഷം പരിധി വിടുകയായിരുന്നു. 

English Summary: El Salvador Declares State Of Emergency After Dozens Killed In Gang Violence

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com