ADVERTISEMENT

സോവിയറ്റ് യൂണിയന്റെ തകർച്ചയാണ് ഇന്നു കാണുന്ന സംഭവവികാസങ്ങളുടെ തുടക്കം. ലോകത്തെ ശീതസമരത്തിന്റെ വക്കിൽ കൊണ്ടെത്തിച്ചതിൽ നാറ്റോയ്ക്കൊപ്പം, സോവിയറ്റ് യൂണിയൻ നേതൃത്വം നൽകിയ വാഴ്സാ സഖ്യത്തിനുമുണ്ടായിരുന്നു പങ്ക്. യുഎസ്എസ്ആർ തകർന്നതോടെ വാഴ്സാ സഖ്യവും തകർന്നു. സോവിയറ്റ് ചേരിയിലെ പല രാജ്യങ്ങളിലും പുതിയ ഭരണകൂടങ്ങളും നിലവിൽ വന്നു. വാഴ്സാ സഖ്യം തകർന്നതോടെ ശീതസമരത്തിന് അന്ത്യം കുറിക്കുമെന്ന് അന്നത്തെ സോവിയറ്റ് പ്രസിഡന്റായിരുന്ന മിഹയിൽ ഗോർബച്ചോവ് കണക്കുകൂട്ടി. ലോകസമാധാനത്തിനത് അനിവാര്യമായിരുന്നു. എന്നാൽ അക്കാലത്ത് യുഎസും സഖ്യകക്ഷികളും പുലർത്തിയ നിലപാടുകൾ തികച്ചും കടകവിരുദ്ധവും സംശയാസ്പദവുമായിരുന്നു. 

വാഷിങ്ടൻ‌ സർവകലാശാലയിലെ നാഷനൽ സെക്യൂരിറ്റി ആർക്കൈവ് 2017-ൽ പുറത്തുവിട്ട റിപ്പോർട്ടുകൾ പറയുന്നത് നാറ്റോ യൂറോപ്പിനു കിഴക്കോട്ടു വ്യാപിപ്പിക്കില്ല എന്ന ഉറപ്പ് യുഎസ് സ്റ്റേറ്റ് സെക്രട്ടറി ജയിംസ് ബേക്കർ മിഹയിൽ ഗോർബച്ചോവിന് കൊടുത്തിരുന്നു എന്നാണ്. 1989-ൽ യുഎസ് പ്രസിഡന്റ് ജോർജ് ബുഷ് സീനിയറും ഇത്തരമൊരു ഉറപ്പ് ഗോർബച്ചേവിന് നൽകിയിരുന്നു എന്നും പറയപ്പെടുന്നു. 1990-ൽ അന്നത്തെ ജർമൻ വിദേശകാര്യമന്ത്രി ഹാൻസ് ജെൻഷർ പരസ്യമായി പറഞ്ഞത് സോവിയറ്റ് യൂണിയന്റെ സുരക്ഷിതത്വത്തിന് ഹാനികരമാകുന്ന ഒരു നീക്കവും ജർമനിയുടെ ഭാഗത്തുനിന്നുമുണ്ടാകില്ല എന്നായിരുന്നു. ബ്രിട്ടിഷ് പ്രധാനമന്ത്രിയായിരുന്ന മാർഗരറ്റ് താച്ചറും ഫ്രഞ്ച് പ്രസിഡന്റ് മിറാത്താങ്ങുമെല്ലാം ഇക്കാര്യത്തിൽ വാഗ്ദാന പെരുമഴതന്നെ നടത്തിയിരുന്നു എന്നും നാഷനൽ സെക്യൂരിറ്റി ആർക്കൈവ്സിന്റെ രേഖകളിൽ പറയുന്നു. വാക്കുകളിലൂടെ നടത്തിയ ഉറപ്പുകൾക്കുമപ്പുറം രേഖാമൂലമുള്ള ഒരുടമ്പടിയും ഇക്കാര്യത്തിൽ ഇല്ലായിരുന്നു.

ശീതസമരത്തിന് അന്ത്യം 

മിഹയിൽ ഗോർബച്ചോവും യെൽസിനുമെല്ലാം പാശ്ചാത്യ നാടുകളുടെ വാക്കുകളെ വിശ്വസിച്ചപ്പോൾ മറുവശത്ത് ക്രമേണ നാറ്റോ സഖ്യം വിപുലമാക്കുകയാണ് പാശ്ചാത്യ ശക്തികൾ ചെയ്തത്. സോവിയറ്റ് യൂണിയൻ തകർന്ന് തരിപ്പണമായി എന്നുറപ്പാക്കിയ ശേഷമാണ് നാറ്റോയുടെ  വലിയ തോതിലുള്ള വിപുലീകരണമുണ്ടായത്. യുഎസും യുഎസ്എസ്ആറും മുഖത്തോടു മുഖം നോക്കി ഒരു വെടിപോലും ഉതിർക്കാതെ ലോക സമാധാനത്തിന് ഭീഷണിയായി പതിറ്റാണ്ടുകളോളം നിലകൊണ്ട ശീതസമരത്തിന് അന്ത്യം കുറിച്ചതിന്റെ മുഖ്യ കാർമികൻ മിഹയിൽ ഗോർബച്ചോവായിരുന്നു.

russia-protest
ഗോർബച്ചോവിനെതിരെ റഷ്യയിൽ നടന്ന പ്രതിഷേധം. ചിത്രം: Andre Durand/AFP/Getty Images

ശീതസമരത്തിന് അന്ത്യം കുറിച്ചതോടെ നാറ്റോയുടെ പ്രസക്തി അക്ഷരാർഥത്തിൽ ഇല്ലാതാകേണ്ടതായിരുന്നു. എന്നാൽ സംഭവിച്ചത് നേരേമറിച്ചും. 1949 -ൽ നാറ്റോ സഖ്യം രൂപീകൃതമാകുമ്പോൾ കേവലം 12 രാജ്യങ്ങൾ മാത്രമായിരുന്നു അതിലുണ്ടായിരുന്നത്. എന്നാൽ 2022 ആയപ്പോൾ സഖ്യരാജ്യങ്ങൾ 30 ആയി. പുതിയ അംഗരാജ്യങ്ങളിൽ പലതും സോവിയറ്റ് യൂണിയന്റെ തകർച്ചയ്‌ക്കുശേഷം നാറ്റോയിൽ ചേർന്നവയാണ്. ഇവയിൽ ലാത്വിയ, ലിത്വാനിയ, ഈസ്റ്റോണിയ, ഹംഗറി, പോളണ്ട്, ബൾഗേറിയ, ചെക്ക് റിപ്പബ്ലിക്ക്, എസ്തോണിയ തുടങ്ങിയ രാജ്യങ്ങൾ സോവിയറ്റ് യൂണിയനിൽനിന്നു വിഘടിച്ചു പോയവയോ സോവിയറ്റ് സുഹൃദ് രാജ്യങ്ങളോ ആയിരുന്നവയാണ്. നിലവിൽ ഈ രാജ്യങ്ങൾ എങ്ങനെ റഷ്യയ്ക്ക് ഭീഷണിയാകുമെന്ന് ചോദിച്ചാൽ അതിനുത്തരം ഈസ്റ്റോണിയയിലെ ഒരു സൈനികത്താവളത്തിൽനിന്ന റഷ്യയിലെ സെന്റ് പീറ്റേഴ്സ് ബർഗിലെത്താൻ 160 കിലോമീറ്റർ മാത്രം മതി എന്നുള്ളതാണ്.    

നാറ്റോയ്ക്ക് റഷ്യയെ ആക്രമിക്കുവാൻ യുക്രെയ്ന്റെ സഹായം ആവശ്യമില്ല എന്ന വാദം കഴമ്പില്ലാത്തതാണ്. റഷ്യയുമായി അതിർത്തി പങ്കിടുന്ന യുക്രെയ്നിലെ നാറ്റോ സൈനിക സാന്നിധ്യം സ്വന്തം വീടിന്റെ വാതിൽക്കൽ ശത്രു നിലയുറപ്പിച്ചതിന് സമാനമായ ഭീഷണിയായാണ് റഷ്യ വിലയിരുത്തുന്നത്. റഷ്യയുടെ ആശങ്കകൾ യുഎസ് പരിഗണിച്ചിരുന്നെങ്കിൽ ഒരുപക്ഷേ ഈ യുദ്ധം ഒഴിവാക്കാൻ കഴിയുമായിരുന്നു. നാറ്റോ സഖ്യം യൂറോപ്പിന് കിഴക്കോട്ട് വ്യാപിക്കരുതെന്നും യുക്രെയ്ൻ, ജോർജിയ തുടങ്ങിയ അയൽരാജ്യങ്ങളെ നാറ്റോയിലെടുക്കരുതെന്നുമായിരുന്നു റഷ്യയുടെ പ്രധാന ആവശ്യങ്ങൾ. അവ നാറ്റോ അംഗീകരിച്ചില്ല എന്നു മാത്രമല്ല റഷ്യയെ പ്രകോപിപ്പിക്കുന്ന നിലപാടുകളാണ് അവരുടെ ഭാഗത്തുനിന്നുമുണ്ടായതും. റഷ്യ ഭരിക്കുന്നത് ഒരു ഏകാധിപതിയാണെന്നും താനെടുക്കുന്ന തീരുമാനങ്ങൾക്ക് സ്വന്തം ജനതയോടോ ലോകത്തിനോടോ മറുപടി പറയേണ്ട ഉത്തരവാദിത്തം ഏകാധിപതികൾക്കില്ലെന്നുമുള്ള കാര്യം യുഎസിന്റെ ശ്രദ്ധയിൽ പെടാതെപോയി.

തങ്ങളുടെ സ്ഥാപിത താല്പര്യങ്ങൾക്കുമപ്പുറം ലോകം മുഴുവൻ ജനാധിപത്യം പുലർന്നു കാണാനൊന്നും യുഎസ് ഒരിക്കലും ആഗ്രഹിച്ചിട്ടില്ല. സോവിയറ്റ് യൂണിയൻ തകർന്നതിനുശേഷം ഏക ധ്രുവ ലോകത്തിന്റെ ഛത്രാധിപതിയായി യുഎസ് മാറുകയായിരുന്നു. നാഥനില്ലാത്ത ലോകത്തെ നയിക്കുവാൻ തങ്ങൾക്കാണ് അവകാശം എന്ന നിലയിലായിരുന്നു യു.എസിന്റെ പില്‍ക്കാല നിലപാടുകൾ. രാസായുധശേഖരമുണ്ടെന്ന് ആരോപിച്ചാണ് ലോകത്തിലെ ഏറ്റവും വലിയ ആണവശക്തികളിലൊന്നായ യുഎസ് ഇറാഖിനെ ആക്രമിച്ചത്. എന്നാൽ ആ രാജ്യത്തുനിന്നു രാസായുധമൊന്നും കണ്ടെത്തിയില്ല. പക്ഷേ അരിശം തീരാതെ യുഎസ് ഇറാഖ് പ്രസിഡന്റ് സദ്ദാം ഹുസൈനെ തൂക്കിക്കൊന്നു. ലോകത്തിന്റെ പൊലീസും നീതിന്യായ കോടതിയുമെല്ലാം തങ്ങൾ മാത്രമാണെന്ന അവകാശവാദമുന്നയിക്കുകയായിരുന്നു ഈ സംഭവത്തിലൂടെ യുഎസ്. ഇറാഖ് മുതൽ അഫ്ഗാനിസ്ഥാൻ വരെ യുഎസ് നടത്തിയ ഇടപെടലുകൾക്കെല്ലാം പിന്നിൽ ആ രാജ്യത്തിന്റെ മാത്രം സ്ഥാപിത താൽപര്യങ്ങളായിരുന്നു. സോവിയറ്റ് യൂണിയന്റെ കാലത്ത് അവർ അനുവർത്തിച്ചു വന്നിരുന്നതും ഇതേ നയം തന്നെയായിരുന്നു. സിറിയ ഉൾപ്പെടെയുള്ള രാജ്യങ്ങളിൽ പുട്ടിൻ നടത്തുന്ന ഇടപെടലുകൾക്കു പിന്നിലും ഒളിഞ്ഞിരിക്കുന്നത് പുട്ടിന്റെ റഷ്യയുടെ സ്വാർഥ താൽപര്യങ്ങൾ തന്നെയാണ്. ഇന്ന് ഏക ധ്രുവ ലോകത്തിൽ യുഎസ് ആ വഴി വിജയകരമായി മാറ്റമില്ലാതെ പിന്തുടർന്നു കൊണ്ടുമിരിക്കുന്നു .

റഷ്യ ഭീഷണിയാകാതിരിക്കുക!

സോവിയറ്റ് തകർച്ചയ്‌ക്കുശേഷം സ്വന്തം കാര്യങ്ങളിൽ മാത്രം ശ്രദ്ധയൂന്നിയിരുന്ന റഷ്യയെ പടിപടിയായി നാറ്റോ ചുറ്റി വരിയേണ്ട കാര്യമെന്തായിരുന്നു? യുഎസ് നിയന്ത്രിക്കുന്ന ഏകധ്രുവ ലോകത്തിന് ഭാവിയിൽപ്പോലും റഷ്യ ഭീഷണിയാകാതിരിക്കുക എന്നതാണ് ഇതിനു പിന്നിലെ രഹസ്യം. പുട്ടിനാകട്ടെ റഷ്യയുടെ പ്രതാപം വീണ്ടെടുക്കണമെന്ന് ആഗ്രഹിക്കുന്നയാളും. ഒളിഞ്ഞും തെളിഞ്ഞുമുള്ള ഈ രാജ്യങ്ങളുടെ പോരാട്ടത്തിൽ ആരു ജയിച്ചാലും തോൽവി ലോകജനതയ്ക്കായിരിക്കും. നാറ്റോ പിരിച്ചുവിട്ട ശേഷം റഷ്യ, ചൈന, ഇന്ത്യ, ദക്ഷിണാഫ്രിക്ക തുടങ്ങിയ, വിവിധ ഭൂഖണ്ഡങ്ങളിലെ നിർണായക സ്വാധീനമുള്ള രാജ്യങ്ങളെ ചേർത്തുകൊണ്ട് ലോക സമാധാനത്തിന് പുതിയവേദി സൃഷ്ടിക്കുന്നതിനു പകരം നാറ്റോ എന്ന സൈനിക സഖ്യത്തെ വിപുലീകരിക്കുകയാണ് യുഎസിന്റെ നേതൃത്വത്തിലുള്ള പാശ്ചാത്യ ശക്തികൾ ചെയ്തത്. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന ജനാധിപത്യ രാജ്യം തന്നെയാണ് സോവിയറ്റ് തകർച്ചയ്ക്കും ശീതസമര കാലഘട്ടത്തിനും ശേഷം ലോകസമാധാനത്തിന് തുരങ്കം വച്ചത്.

russia-party-congress
1986 പാർട്ടി കോൺഗ്രസ്. ഈ സമ്മേളനത്തിലാണ് മിഹയിൽ ഗൊർബച്ചോവ് ഗ്ലാസ്‌നോസ്റ്റും പെരിസ്റ്റോറിക്കയും അവതരിപ്പിച്ചത്. ചിത്രം. ചിത്രം: AFP/Getty Images

ദശാബ്ദങ്ങളുടെ ഇടവേളയ്ക്കു ശേഷം റഷ്യയുടെ യുക്രെയ്ൻ അധിനിവേശത്തോടെ ലോകം വീണ്ടുമൊരു ശീതസമരത്തിലേക്കു പ്രവേശിച്ചു കഴിഞ്ഞു. റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിക്കുമ്പോൾ ലോകത്തെ കാത്തിരിക്കുന്നത് വീണ്ടുമൊരു സാമ്പത്തിക തകർച്ചയാണ്. അതിൽനിന്നും എപ്പോൾ കരകയറുമെന്നതും കാത്തിരുന്നു കാണേണ്ട കാര്യമാണ്. പഴയ ശീതസമരത്തിന് നേതൃത്വം നൽകിയത് യുഎസും യുഎസ്എസ്ആറുമായിരുന്നെങ്കിൽ പുതിയ ശീതസമരത്തിന്റെ മുൻനിരയിൽ ചൈനയുമുണ്ടാകും എന്ന കാര്യം ഉറപ്പാണ്. മൂന്ന് ആണവരാഷ്ട്രങ്ങളുടെ സ്വാർഥ താല്‍പര്യങ്ങൾ മുൻനിർത്തിയുള്ള ശീതസമരത്തിനാകും ഇനി ലോകം സാക്ഷിയാകുക. യുദ്ധങ്ങളിൽനിന്നു മനുഷ്യൻ ഇതുവരെയും ഒരു പാഠവും പഠിച്ചിട്ടില്ല. ഇനിയൊട്ടു പഠിക്കുകയുമില്ല. നാൽക്കാലി മൃഗങ്ങൾക്കുള്ള വർഗസ്നേഹം പോലും ഇരുകാലി മനുഷ്യർക്കില്ല എന്നതാണ് വാസ്തവം.

English Summary: How USSR Collapsed and why NATO Troubled Russia? Russia Special Series - Part Three

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com