ADVERTISEMENT

കൊളംബോ ∙ ശ്രീലങ്കൻ തലസ്ഥാനമായ കൊളംബോയുടെ വിവിധ മേഖലകളിൽ വ്യാഴാഴ്ച രാത്രിയുണ്ടായ സംഘർഷാവസ്ഥ ലഘൂകരിക്കാൻ നഗരത്തിന്റെ വിവിധ ഭാഗങ്ങളിൽ നിരോധനാജ്ഞ ഏർപ്പെടുത്തി.  വെള്ളിയാഴ്ച പുലർച്ചെ അഞ്ചു മണിയോടെ സംഘർഷങ്ങൾക്ക് അയവുവന്നതോടെയാണ് നിരോധനാജ്ഞ പിൻവലിക്കുന്നതായി പൊലീസ് അറിയിച്ചത്.

രാജ്യം നേരിടുന്ന സാമ്പത്തിക പ്രതിസന്ധിക്കിടെ വർധിച്ച ജീവിതച്ചെലവിൽ വട്ടംചുറ്റുന്ന ജനത്തിന് കൂടുതൽ തിരിച്ചടിയായി 12 മണിക്കൂർ പവർക്കട്ടു കൂടി ഏർപ്പെടുത്തിയതോടെയാണ് രാജ്യതലസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാഴാഴ്ച വൈകിട്ടോടെ സംഘർഷാവസ്ഥ ഉണ്ടായത്. ഡീസൽക്ഷാമം പരിധിവിട്ടതോടെ രാജ്യത്ത് വൈദ്യുതിനിയന്ത്രണത്തിന്റെ ഭാഗമായി 12 മണിക്കൂർ പവർക്കട്ട് ഏർപ്പെടുത്താൻ കഴിഞ്ഞ ദിവസം സർക്കാർ തീരുമാനിച്ചിരുന്നു.

Sri Lanka Colombo Protest
കൊളംബോയിൽ പ്രസിഡന്റിന്റെ വസതിക്കു സമീപം ഇന്നലെ രാത്രിയുണ്ടായ പ്രതിഷേധം സംഘർഷത്തിലേക്ക് വഴിമാറിയപ്പോൾ. ചിത്രം – ISHARA S. KODIKARA / AFP

സംഘർഷാവസ്ഥയ്ക്കിടെ രാത്രിയിൽ ശ്രീലങ്കൻ പ്രസിഡന്റിന്റെ വീടു വളഞ്ഞ ആയിരത്തോളം പേർ ‘ഗോ ഹോം ഗോട്ട’ മുദ്രാവാക്യവുമായി പ്രതിഷേധിച്ചു. പൊലീസിന്റെ പ്രത്യേക ദൗത്യ സേനയുടെയും നിയന്ത്രണം ലംഘിച്ച് ജനം അക്രമാസക്തമായതോടെ ശ്രീലങ്കൻ കരസേനയുടെയും നാവികസേനയുടെയും സഹായം തേടിയാണ് നഗരത്തിലെ മിരിഹാനയിലുള്ള പ്രസിഡന്റിന്റെ വസതിക്ക് സുരക്ഷ ഉറപ്പാക്കിയത്.

മണ്ണെണ്ണ, ഡീസൽ, പെട്രോൾ, പാചകവാതകം തുടങ്ങിയവയ്ക്കൊപ്പം നഗരത്തിൽ മരുന്നിനും ക്ഷാമം അനുഭവപ്പെടുന്നതായാണ് റിപ്പോർട്ടുകൾ. പവർകട്ട് ഏർപ്പെടുത്തുന്ന വാർത്ത പരന്നതോടെ ജനറേറ്ററിലും മറ്റും നിറയ്ക്കാനുളള ഇന്ധനത്തിനായി ജനം പമ്പുകളിലേക്ക് നിരയായെത്തി. രാജ്യത്തെ ഇന്ധനപ്രതിസന്ധി പരിഹരിക്കാൻ സിലോൺ പെട്രോളിയം കോർപ്പറേഷന് ഇന്ധനവുമായി വന്ന കപ്പൽ തുറമുഖത്ത് അടുപ്പിക്കാത്തതും പ്രശ്നം രൂക്ഷമാക്കി. ഡോളറിൽ ഇടപാട് നടത്തിയാൽ മാത്രമേ കപ്പൽ അടുപ്പിക്കൂ എന്ന ക്യാപ്റ്റന്റെ നിലപാടാണ് കപ്പൽ തീരത്ത് അടുപ്പിക്കാത്തതിനു പിന്നിൽ.

ഇക്കൊല്ലം മാത്രം 690 കോടി ഡോളർ (ഏകദേശം 52,633 കോടി ഇന്ത്യൻ രൂപ) വിദേശകടം തിരിച്ചടയ്ക്കേണ്ട ശ്രീലങ്കയുടെ പക്കൽ നിലവിൽ 200 കോടി ഡോളറിന്റെ (ഏകദേശം 15,256 കോടി ഇന്ത്യൻ രൂപ) വിദേശനാണ്യ ശേഖരമാണ് അവശേഷിക്കുന്നത്. പെട്രോളിയം ഉൽപന്നങ്ങളുടെ ഇറക്കുമതിക്കുമാത്രം പ്രതിവർഷം ശരാശരി 200 കോടി ഡോളറാണ് ശ്രീലങ്കയ്ക്കു വേണ്ടത്. ഐഎംഎഫ് (രാജ്യാന്തര നാണ്യനിധി) സഹായത്തോടെ വായ്പകൾ പുനഃക്രമീകരിച്ചു പ്രതിസന്ധിയിൽനിന്നു കരകയറാനാണ് ഇപ്പോഴത്തെ ശ്രമം. ഐഎംഎഫ് വായ്പ ലഭിച്ചാൽ അവർ നിഷ്കർഷിക്കുന്ന പുതിയ നികുതികൾ ഉൾപ്പെടെ ശക്തമായ സാമ്പത്തിക പരിഷ്കരണ നടപടികൾ രാജ്യത്തു നടപ്പാക്കേണ്ടിവരുമെന്ന സ്ഥിതിയുമുണ്ട്.

English Summary: Police Curfew in Colombo lifted after a night of protests

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com