ADVERTISEMENT

സിഡ്‌നി∙ റഷ്യയുടെ യുക്രെയ്ന്‍ അധിനിവേശത്തെ തുറന്ന് അപലപിക്കാത്ത ഇന്ത്യയുമായി ഇടക്കാല വ്യാപാര കരാര്‍ ഒപ്പുവച്ചതിനെ ന്യായീകരിച്ച് ഒാസ്‌ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട്ട് മോറിസണ്‍. യുക്രെയ്‌നെ ഓസ്‌ട്രേലിയ വഞ്ചിച്ചിട്ടില്ലെന്ന് മോറിസണ്‍ പറഞ്ഞു. ശനിയാഴ്ച ഉച്ചയ്ക്കാണ് ഇന്ത്യയും ഓസ്‌ട്രേലിയയും തമ്മില്‍ വ്യാപാര കരാര്‍ ഒപ്പുവച്ചത്.

ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രിയപ്പെട്ട സുഹൃത്താണെന്നും സൗഹാര്‍ദപരമായ ചര്‍ച്ചകള്‍ക്കൊടുവില്‍ ഇരുരാജ്യങ്ങളുടെയും താല്‍പര്യം സംരക്ഷിച്ചുകൊണ്ടാണ് കരാര്‍ ഒപ്പുവച്ചതെന്നും സ്‌കോട്ട് മോറിസണ്‍ പറഞ്ഞു. എന്നാല്‍ ഇതു ചൂണ്ടിക്കാട്ടി യുക്രെയ്ന്‍ ജനതയോടുള്ള ഓസ്‌ട്രേലിയയുടെ പ്രതിബദ്ധത ആര്‍ക്കും ചോദ്യം ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്നും മോറിസണ്‍ പറഞ്ഞു. 

പുതിയ കരാര്‍ പ്രകാരം കാര്‍ഷിക വിഭവങ്ങള്‍ ഉള്‍പ്പെടെ ഓസ്‌ട്രേലിയയില്‍നിന്ന് ഇറക്കുമതി ചെയ്യുന്ന 85 ശതമാനത്തോളം ഉല്‍പ്പന്നങ്ങളുടെ എക്‌സൈസ് തീരുവ ഒഴിവാകും. ആട്ടിറച്ചി, കമ്പിളി, ചെമ്പ്, അലുമിന, കൊഞ്ച്, ചില ധാതുക്കള്‍, ചില ലോഹങ്ങള്‍ എന്നിവയുടെ തീരുവയാണ് ഒഴിവാക്കപ്പെടുന്നത്. ഇതോടെ ഓസ്‌ട്രേലിയയില്‍നിന്നുള്ള ഭൂരിഭാഗം ഉല്‍പ്പന്നങ്ങളും തീരുവ ഇല്ലാതെയാവും ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യപ്പെടുക. 

ഇരുരാജ്യങ്ങളും തമ്മിലുള്ള കരാറിലൂടെ സാമ്പത്തിക ലോകത്തിന്റെ വലിയ വാതിലാണ് തുറക്കപ്പെടുകയെന്ന് മോറിസണ്‍ പറഞ്ഞു. അടുത്തുതന്നെ തിരഞ്ഞെടുപ്പ് നേരിടാനിരിക്കെയാണ്, പത്തു വര്‍ഷത്തോളമായി ഇന്ത്യയുമായി നടക്കുന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ മോറിസണ്‍ കരാര്‍ യാഥാര്‍ഥ്യമാക്കിയിരിക്കുന്നത്. ഇരുരാജ്യങ്ങളിലെയും വ്യവസായ മന്ത്രിമാരായ ഡാന്‍ ടെഹനും പീയുഷ് ഗോയലുമാണ് കരാര്‍ ഒപ്പുവച്ചത്. മോദിയും മോറിസണും സാക്ഷ്യം വഹിച്ചു. 

യുക്രെയ്ന്‍ അധിനിവേശവുമായി ബന്ധപ്പെട്ട് റഷ്യയ്ക്ക് അനുകൂലമായി ഇന്ത്യ സ്വീകരിക്കുന്ന നിലപാടുകളില്‍ അമേരിക്കയ്ക്കും ഓസ്‌ട്രേലിയയ്ക്കും അതൃപ്തി നിലനില്‍ക്കുന്നുണ്ട്. ഇരുരാജ്യങ്ങളും റഷ്യയ്ക്കെതിരെ കടുത്ത സാമ്പത്തിക ഉപരോധം ഏര്‍പ്പെടുത്തിയിരുന്നു. ഇതിനിടയില്‍ റഷ്യയില്‍നിന്ന് എണ്ണ വാങ്ങാന്‍ ഇന്ത്യ തീരുമാനിച്ചതും ചര്‍ച്ചയായി.

റഷ്യന്‍ വിദേശകാര്യമന്ത്രി സെര്‍ഗെയ് ലാവ്‌റോവ് ഇന്ത്യയിലെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി 24 മണിക്കൂറിനുള്ളിലാണ് ഓസ്‌ട്രേലിയ പുതിയ കരാര്‍ ഒപ്പുവച്ചതെന്നും ശ്രദ്ധേയമാണ്. അടുത്ത ദിവസങ്ങളില്‍ ഡല്‍ഹിയിലെത്തിയ യുകെ, ചൈനീസ് വിദേശകാര്യമന്ത്രിമാരുമായി മോദി കൂടിക്കാഴ്ച നടത്തിയിരുന്നില്ല.

English Summary: Scott Morrison defends trade pact with India after its refusal to condemn Russia’s invasion of Ukraine

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com