ADVERTISEMENT

കഠ്മണ്ഡു∙ ചൈനീസ് വിദേശകാര്യ മന്ത്രി വാങ് യിയുടെ നേപ്പാൾ സന്ദർശനത്തെ കുറിച്ച് നേപ്പാൾ പ്രധാനമന്ത്രി ഷേർ ബഹാദുർ ദുബ ഇന്ത്യ സന്ദർശന വേളയിൽ നടത്തിയ അനൗപചാരിക സംഭാഷണം ചർച്ചയാക്കി പാശ്ചാത്യ മാധ്യമങ്ങൾ. ഏഷ്യ, യൂറോപ്പ്, ആഫ്രിക്ക ഭൂഖണ്ഡങ്ങളെ ബന്ധിപ്പിക്കുന്ന പൗരാണിക വ്യാപാരപാതയായ സിൽക്ക് റോഡ് (പട്ടുപാത) പുനരുജ്ജീവിപ്പിക്കാനുള്ള ചൈനയുടെ ‘വൺ ബെൽറ്റ്, വൺ റോഡ്’ നിക്ഷേപപദ്ധതിയില്‍ ഒരു കരാർ പോലും ഒപ്പുവയ്ക്കാത്തതിനെ കുറിച്ചായിരുന്നു ഷേർ ബഹാദുർ ദുബയുടെ പരമാർശം. അടിസ്ഥാന സൗകര്യ, റോഡ്-റെയിൽ പദ്ധതികളുടെ വികസനത്തിനായി ചൈനയിൽനിന്ന് ഒരു രൂപ പോലും കടം വാങ്ങാൻ പദ്ധതിയില്ലെന്നും ഗ്രാന്റ് മാത്രമേ സ്വീകരിക്കൂവെന്നുമാണു ദുബ പറഞ്ഞത്.

13.61 ബില്യൻ യുഎസ് ഡോളറാണ് നേപ്പാളിന്റെ പൊതുകടം. 2017 ൽ ‘വൺ ബെൽറ്റ്, വൺ റോഡ്’ നിക്ഷേപപദ്ധതിയില്‍ വിവിധ കരാറുകളിൽ നേപ്പാൾ ഒപ്പുവച്ചിരുന്നു. കൂടുതൽ പദ്ധതികളിൽ ധനസഹായം തേടാൻ നേപ്പാളിനെ പ്രേരിപ്പിക്കുക എന്നതായിരുന്നു വാങ് യിയുടെ നേപ്പാൾ സന്ദർശനത്തിന്റെ ലക്ഷ്യവും. എന്നാൽ വാണിജ്യ വായ്പകൾ താങ്ങാൻ കഴിയാത്തവിധം നേപ്പാൾ സമ്പദ്‌വ്യവസ്ഥ തീരെ ചെറുതാണെന്നും വാർഷിക പലിശ നാമമാത്രമായുള്ള ഗ്രാന്റുകൾ മാത്രമേ സ്വീകരിക്കാൻ കഴിയൂവെന്നും നേപ്പാൾ നിലപാടെടുത്തു.

പാക്കിസ്ഥാനിലും ശ്രീലങ്കയിലും ഉടലെടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് മാലദ്വീപ്, നേപ്പാൾ, ബംഗ്ലദേശ് തുടങ്ങിയ രാജ്യങ്ങളെ ചൈനീസ് സാമ്പത്തിക വാഗ്ദാനം സ്വീകരിക്കുന്നതിൽനിന്ന് പിന്നോട്ടുവലിക്കുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.‘വൺ ബെൽറ്റ്, വൺ റോഡ്’ നിക്ഷേപപദ്ധതി മറ്റു രാജ്യങ്ങളുടെ പരമാധികാരത്തിൻമേലുളള കടന്നു കയറ്റമാണെന്നും അനാക്കോണ്ട ഇരയെ വിഴുങ്ങുന്നതു പോലെ, കരാറിൽ ഏർപ്പെടുന്ന രാജ്യങ്ങളെ ചൈന വിഴുങ്ങുമെന്നുമുള്ള യുഎസ് താക്കീത് ശ്രീലങ്കയിൽ അക്ഷരംപ്രതി ശരിയായതോടെ നേപ്പാൾ ഉൾപ്പെടെയുള്ള രാജ്യങ്ങൾ കൂടുതൽ സാമ്പത്തിക സഹായത്തിനായി ചൈനയെ ആശ്രയിക്കേണ്ടതില്ലെന്നു തീരുമാനിക്കുകയായിരുന്നുവെന്നും രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

1248-xi-jinping
ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് (Photo by YUE Yuewei / POOL / AFP)

നിലവിലുള്ള കടങ്ങൾ പുനഃക്രമീകരിക്കണമെന്ന ശ്രീലങ്കയുടെ ആവശ്യത്തോട് ചൈന പ്രതികരിക്കാത്തതും ഈ രാജ്യങ്ങളുടെ പിൻമാറ്റത്തിന് ഒരു കാരണമായി വിലയിരുത്തപ്പെടുന്നു. ഈ വർഷം 200 കോടിയോളം ഡോളറാണ് കടങ്ങളുടെ തിരിച്ചടവായി ശ്രീലങ്ക ചൈനയ്ക്കു നൽകാനുള്ളത്.

കഴിഞ്ഞ വർഷങ്ങളിൽ അടയ്ക്കാനുള്ളതു കൂടി ചേർത്താൽ ആകെ അടയ്ക്കേണ്ടത് 500 കോടിയോളം ഡോളർ. കടങ്ങൾ പുനഃക്രമീകരിക്കണമെന്ന് ചൈന ഡവലപ്മെന്റ് ബാങ്കിനോടും ചൈന എക്സിം ബാങ്കിനോടും ശ്രീലങ്ക അഭ്യർഥിച്ചെങ്കിലും അനുകൂല പ്രതികരണമുണ്ടായില്ല. ഐഎംഎഫ് (രാജ്യാന്തര നാണയനിധി) വായ്പയ്ക്കുള്ള നീക്കങ്ങൾ നടത്തുന്നതിനിടെ ശ്രീലങ്ക ചൈനയോട് 250 കോടി ഡോളറിന്റെ സഹായം ആവശ്യപ്പെട്ടതിനും പ്രതികരണമുണ്ടായിരുന്നില്ല.

2013 ൽ ചൈനീസ് പ്രസിഡന്റ് ഷി ചിൻപിങ് പ്രഖ്യാപിച്ച വൺ ബെൽറ്റ്, വൺ റോഡ് പദ്ധതിയെ ഇന്ത്യയും യുഎസും അതിശക്തമായി എതിർത്തിരുന്നു. 2017 മേയിൽ നടന്ന ആദ്യ ബിആര്‍ഐ സമ്മേളനത്തില്‍ സജീവമായി പങ്കെടുത്ത യുഎസ് രണ്ടാം സമ്മേളനമായപ്പോഴേക്കും നിലപാട് മാറ്റി. ബിആര്‍ഐ സമ്മേളനങ്ങൾ ബഹിഷ്കരിക്കാനുളള ഇന്ത്യയുടെ നീക്കത്തെ ശരിവയ്ക്കുന്നതായിരുന്നു യുഎസിന്റെ നിലപാടുമാറ്റം.

ചൈനീസ് വിപണികൾ അടച്ചിട്ട് ലോക വിപണികൾ കീഴടക്കി തങ്ങളുടെ രാഷ്ട്രീയ അഭിലാഷങ്ങൾ എത്തിപ്പിടിക്കാനുളള ഷീ ചിൻപിങിന്റെ ശ്രമമാണ് അടിസ്ഥാന സൗകര്യ പദ്ധതികളുടെ മറവിലുളള വൻ നിക്ഷേപങ്ങളെന്നായിരുന്നു ‘വൺ ബെൽറ്റ്, വൺ റോഡ്’ പദ്ധതിയെ കുറിച്ചുള്ള യുഎസ് നിലപാട്.

English Summary: Pakistan and Sri Lanka face political turmoil fueled by Chinese debt

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com