ADVERTISEMENT

മുട്ടിൽ മരം മുറി കേസിലെ വിവാദങ്ങളും അതേ കുറിച്ചുള്ള അന്വേഷണങ്ങളും 14 മാസം പിന്നിടുമ്പോൾ വനം വകുപ്പ് സ്വന്തം ജീവനക്കാർക്ക് നൽകുന്ന ഒരു സന്ദേശമുണ്ട് – ‘വെറുതേ കേറി മുട്ടേണ്ട... മുട്ടിയാൽ ചിലപ്പോൾ നിങ്ങൾക്കു തന്നെ പണി കിട്ടും’. മുട്ടിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരുടെയും ആരോപണ വിധേയരായ ഉദ്യോഗസ്ഥരുടെയും ഇപ്പോഴത്തെ സ്ഥിതി പരിശോധിക്കുമ്പോൾ ഇങ്ങനെ ഒരു സന്ദേശമാണ് പ്രചരിക്കുന്നത്.

സംഭവത്തെ കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് ചെയ്ത രണ്ട് ഉയർന്ന ഉദ്യോഗസ്ഥരും താരതമ്യേന അപ്രധാനമായ സാമൂഹിക വനവൽക്കരണ വിഭാഗത്തിലേക്ക് ഒതുക്കപ്പെട്ടു. റേഞ്ച് ഓഫിസർ പാലക്കാട് ട്രെയ്നിങ് സ്കൂളിൽ. ആരോപണ വിധേയനായ ഉയർന്ന ഉദ്യോഗസ്ഥനെ കൊല്ലത്തേക്ക് മാറ്റിയെങ്കിലും മുഖ്യമന്ത്രിയുടെ ഓഫിസ് നേരിട്ട് ഇടപെട്ട് കൂടുതൽ ഉയർന്ന ചുമതലകളോടെ ഒരു സർക്കിളിന്റെ ചുമതല നൽകി. അതിനു വേണ്ടി വനം മേധാവി പോലും അറിയാതെ ഉന്നതതലത്തിൽ ഇളക്കി പ്രതിഷ്ഠയും നടത്തി. അപ്പോൾ ആരാണ് തെറ്റുകൾ ചെയ്തത് എന്ന ചോദ്യം ഉയരുന്നു. ഈ നിലപാടുകൾ വകുപ്പിന്റെ മുന്നോട്ടുള്ള പോക്കിന് ഒട്ടും ഗുണകരമായേക്കില്ല എന്ന് ഉന്നത വനം ഉദ്യോഗസ്ഥരും പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാണിക്കുന്നു.

പ്രമോഷനും സ്ഥലം മാറ്റവും തീരുമാനിക്കുന്നത് വനം മന്ത്രിയായ താനല്ലെന്ന് എ.കെ. ശശീന്ദ്രൻ ആദ്യം നിലപാടെടുത്തെങ്കിലും മന്ത്രി തന്നെ അറിഞ്ഞാണ് ഫയൽ മുഖ്യമന്ത്രിയുെട ഓഫിസിലേക്ക് എത്തിയതെന്നു പിന്നീട് വ്യക്തമായി. വനം മേധാവിയുടെ ഓഫിസിൽനിന്ന് ഉദ്ഭവിക്കേണ്ട സ്ഥലം മാറ്റ, സ്ഥാനക്കയറ്റ ഫയൽ സെക്രട്ടേറിയറ്റിലെ വനം സെക്രട്ടറിയുടെ ഓഫിസിൽനിന്നാണ് ഉദ്ഭവിച്ചത് എന്നതും വിചിത്രം. രാഷ്ട്രീയ പരിഗണനകൾ വച്ച്, ചില ഉദ്യോഗസ്ഥരെ സംരക്ഷിക്കാനും കൈത്താങ്ങാനും മാത്രം ഭരണ സംവിധാനം പാടേ തുനിഞ്ഞിറങ്ങുന്നു എന്നു തെളിയിക്കുന്നതാണ് ഇപ്പോഴത്തെ സ്ഥലം മാറ്റങ്ങളെന്ന് ആരോപണം ഉയർന്നിട്ടുണ്ട്. സഞ്ജയൻ കുമാർ, ഡി.കെ.വിനോദ് കുമാർ എന്നിവർ സെൻട്രൽ അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണലിനെ സമീപിച്ചതിനെ തുടർന്ന് സ്ഥലംമാറ്റങ്ങൾക്ക് താൽക്കാലിക സ്റ്റേ ലഭിച്ചിട്ടുണ്ട്.

മുട്ടിൽ കേസ് അന്വേഷിച്ച ഉദ്യോഗസ്ഥർക്കും ആരോപണ വിധേയർക്കും പിന്നീട് എന്തു സംഭവിച്ചു എന്ന് നോക്കുന്നത് തന്നെ രസകരമാണ്.

∙ ഡി.കെ.വിനോദ് കുമാർ

ഉത്തരമേഖലാ സിസിഎഫിന്റെ ചുമതലയോടു കൂടി കണ്ണൂർ ഓഫിസിന് നേതൃത്വം നൽകിയിരുന്നത് ഡെപ്യൂട്ടി കൺസർവേറ്റർ ഡി.കെ.വിനോദ് കുമാർ ഐഎഫ്എസ് ആണ്. വയനാട്ടിൽ തുടങ്ങിയ മുട്ടിൽ മരം മുറി കേസിന്റെ അന്വേഷണത്തിന് ചുക്കാൻ പിടിച്ചിരുന്നത് വിനോദ് കുമാർ തന്നെ. പ്രതികളുടെ ഉന്നത ബന്ധങ്ങളും മറ്റും ചൂഴ്ന്നെടുക്കാൻ മുന്നിട്ടിറങ്ങിയ ഉദ്യോഗസ്ഥൻ വിശദമായ അന്വേഷണ റിപ്പോർട്ടുകളാണ് സർക്കാരിന് ആദ്യ ഘട്ടത്തിൽ തന്നെ നൽകിയത്.

മേപ്പാടി റേഞ്ച് ഓഫിസറെ ഭീഷണിപ്പെടുത്തി, കേസ് അട്ടിമറിക്കാൻ എൻ.ടി. സാജൻ ഐഎഫ്എസിന്റെ നേതൃത്വത്തിൽ ശ്രമം ഉണ്ടായി എന്ന് റിപ്പോർട്ട് നൽകിയതും വിനോദ് കുമാറാണ്. കേസിലെ പ്രതികളായ റോജി അഗസ്റ്റിൻ, ആന്റോ അഗസ്റ്റിൻ എന്നിവരും ഐഎഫ്എസ് ഉദ്യോഗസ്ഥനും മാധ്യമ പ്രവർത്തകനും തമ്മിലുള്ള ബന്ധം പുറത്തു കൊണ്ടു വന്നത് വിനോദ് കുമാറിന്റെ അന്വേഷണങ്ങളാണ്. മുട്ടിൽ കേസിനെ കുറിച്ച് അന്വേഷിക്കാൻ വയനാട്ടിൽ എത്തിയ ഐഎഫ്എസ് ഉദ്യോഗസ്ഥൻ മണിക്കുന്ന് മലയിലെ മറ്റൊരു കേസ് അന്വേഷിക്കാൻ പ്രതികളുടെ സഹായത്തോടെ പോവുകയും മേപ്പാടി റേഞ്ച് ഓഫിസറായിരുന്ന എം.കെ.സമീറിനെ സ്വാധീനിക്കാൻ ശ്രമിച്ചതും വിനോദ് കുമാർ വ്യക്തമാക്കിയിരുന്നു.

ഈ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് എൻ.ടി. സാജനെ വകുപ്പു തല നടപടി എന്ന നിലയിൽ കോഴിക്കോട് നിന്ന് കൊല്ലം സോഷ്യൽ ഫോറസ്ട്രിയിലേക്ക് സ്ഥലം മാറ്റിയത്. എന്നാൽ കഴിഞ്ഞ ദിവസം സർക്കാർ ഇറക്കിയ അപ്രതീക്ഷിത ഉത്തരവിലൂടെ ഡി.കെ.വിനോദ് കുമാറിനെ കൊല്ലം സോഷ്യൽ ഫോറസ്ട്രി കൺസർവേറ്ററാക്കി നിയമിച്ചു. ദക്ഷിണമേഖലാ സർക്കിളിന്റെ ചുമതല നൽകിയ എൻ.ടി.സാജന്റെ കീഴിലായിരിക്കും ഇനി ഡി.കെ.വിനോദ് കുമാർ ജോലിയെടുക്കേണ്ടി വരിക. ‘പണി ആർക്കാണ് കിട്ടിയത്?’ എന്ന് കൂടുതൽ ചികയേണ്ടതില്ലല്ലോ.

∙ പി.ധനേഷ് കുമാർ

മുട്ടിൽ കേസിൽ നിർണായക കണ്ടെത്തലുകൾ നടത്തിയത് അന്ന് കോഴിക്കോട് ഫ്ലയിങ് സ്ക്വാഡ് ഡിഎഫ്ഒ ആയിരുന്ന പി.ധനേഷ് കുമാറായിരുന്നു. സർക്കാരിലേക്ക് നിക്ഷിപ്തമാക്കിയ മരങ്ങൾ വ്യാപകമായി മുറിച്ചു കടത്തിയിട്ടുണ്ടെന്ന് ധനേഷ് കുമാർ റിപ്പോർട്ട് നൽകി. റവന്യൂവിൽനിന്ന് ഇറക്കിയ ഉത്തരവിന്റെ മറവിലാണ് ഈ മരംകൊള്ളയെന്നും റിപ്പോർട്ട് വെളിപ്പെടുത്തി. ഇതു പിന്നീടു ശരിവച്ച സർക്കാർ 15 കോടിയുടെ മരങ്ങൾ സംസ്ഥാനത്ത് നഷ്ടപ്പെട്ടിട്ടുണ്ട് എന്ന് സമ്മതിച്ചു. യഥാർഥത്തിൽ ഇതിന്റെ പത്തിരട്ടി വരും നഷ്ടം.

അന്വേഷണത്തിനു നേതൃത്വം കൊടുത്ത ഉദ്യോഗസ്ഥൻ എന്ന നിലയിൽ പ്രത്യേക അന്വേഷണ സംഘത്തിലും ധനേഷ് കുമാറിനെ ആദ്യം ഉൾപ്പെടുത്തിയിരുന്നു. പിന്നീട് ഇദ്ദേഹത്തെ ഒഴിവാക്കിയതോടെ മാധ്യമങ്ങൾ ഇടപെട്ടു. താൻ അറിഞ്ഞു കൊണ്ടല്ല, ധനേഷിനെ സംഘത്തിൽനിന്നു മാറ്റിയതെന്ന് പറഞ്ഞ വനം മന്ത്രി ഇടപെട്ട് തിരികെ ധനേഷിനെ അന്വേഷണ സംഘത്തിൽ ഉൾപ്പെടുത്തി. ആദ്യ ഘട്ട അന്വേഷണം പൂർത്തിയാതിനു പിന്നാലെ ധനേഷിനെ കാസർകോട് ഡിഎഫ്ഒ ആക്കി സ്ഥലം മാറ്റി.

അവിടെ ജനകീയമായി ഒട്ടേറെ പദ്ധതികൾക്കു തുടക്കം കുറിച്ചതിനു പിന്നാലെയാണ് മന്ത്രിയുടെ പാർട്ടിക്കാരുമായി ഡിഎഫ്ഒ ഉടക്കിലാവുന്നത്. താൽക്കാലിക ജീവനക്കാരെ പിരിച്ചു വിടാൻ ആവശ്യപ്പെട്ടതിൽ വിയോജിച്ചതും മില്ലുകളിൽനിന്നു പിരിവിനു തടയിട്ടതുമായിരുന്നു അപ്രീതിക്കു കാരണം എന്ന് ആരോപണമുണ്ട്. തുടർന്ന് കാസർകോട് തന്നെ സോഷ്യൽ ഫോറസ്ട്രിയിലേക്കുള്ള മാറ്റമാണു ധനേഷിനെ കാത്തിരുന്നത്. സിപിഎം എംഎൽഎ ഇടപെട്ടിട്ടു പോലും ‘ഭരണപരമായ കസേര മാറ്റം മാത്രം’ എന്ന് പറഞ്ഞ് മന്ത്രി ഈ സ്ഥലം മാറ്റത്തെ ന്യായീകരിക്കുന്നതാണ് പിന്നീട് കണ്ടത്.

∙ എം.കെ. സമീർ

മേപ്പാടി റേഞ്ച് ഓഫിസറായിരുന്ന സമീറാണ് മുട്ടിൽ മരം മുറി കേസ് അന്വേഷണങ്ങൾ തുടക്കമിട്ടത്. മുറിച്ചിട്ട മരങ്ങൾ കൊണ്ടു പോകാൻ റേഞ്ച് ഓഫിസറായിരുന്ന സമീർ പാസുകൾ നൽകിയില്ല. ഇല്ലാത്ത കടത്തു പാസും കൊണ്ട് ചുരമിറങ്ങിയ രണ്ട് ലോഡ് വീട്ടി തടി എറണാകുളത്തെ മില്ലിൽ നിന്ന് റെയ്ഡ് ചെയ്ത് പിടിച്ചെടുക്കുകയും ചെയ്തു. പ്രതികളുടെ ഭീഷണി ഒരു വശത്തും ഉന്നത ഉദ്യോഗസ്ഥരുടെ സമ്മർദം മറുവശത്തും ഉള്ളപ്പോഴും സമീർ അന്വേഷണവുമായി മുന്നോട്ടു പോയി.

മണിക്കുന്ന് മലയിൽ നിന്നു മുറിച്ചിട്ട മരങ്ങൾ കടത്താൻ സമീർ കൂട്ടു നിന്നു എന്ന റിപ്പോ‍ർട്ടാണ് എൻ.ടി. സാജൻ നൽകിയത്. ഇത് പാടേ തെറ്റാണെന്നും പ്രതികളെ സഹായിക്കാനുള്ള ഗൂഢാലോചനയായിരുന്നു എന്നുമാണ് ഡി.കെ.വിനോദ് കുമാർ പിന്നീട് കണ്ടെത്തിയത്. അന്വേഷണങ്ങളുടെ പ്രാഥമിക ഘട്ടം അവസാനിച്ചപ്പോൾ തന്നെ സമീർ വയനാട്ടിൽനിന്ന് സ്ഥലം മാറ്റം ആവശ്യപ്പെട്ടിരുന്നു. ഇപ്പോൾ പാലക്കാട് വാളയാർ ഫോറസ്റ്റ് ട്രെയിനിങ് സ്കൂളിൽ അധ്യാപകനാണ് സമീർ.

1248-nt-sajan
എൻ.ടി.സാജൻ (ഫയൽ ചിത്രം)

∙ എൻ.ടി. സാജൻ

കോഴിക്കോട് വനം ഇൻസ്പെക്‌ഷൻ ആൻഡ് ഇവാലുവേഷൻ വിങ്ങിന്റെ മേധാവി അവധിയെടുത്ത താൽക്കാലിക ഒഴിവിൽ ചുമതലയേറ്റാണ് സോഷ്യൽ ഫോറസ്ട്രി ഡെപ്യൂട്ടി കൺസർവേറ്ററായിരിക്കെ എൻ.ടി.സാജൻ മുട്ടിൽ മരം മുറി കേസ് അന്വേഷണവുമായി വയനാട്ടിലേക്ക് പോവുന്നത്. പ്രതികൾക്കെതിരെ ചുമത്തിയ വകുപ്പുകൾ മാറ്റിയെഴുതണം എന്ന് സാജൻ നിർബന്ധിച്ചതായാണ് സമീറിന്റെ മൊഴി. ഇതിന് തയാറാവാതിരുന്നപ്പോൾ ഭീഷണിയും ഉണ്ടായി. ഇക്കാര്യം വയനാട് എസ്പിക്കു നൽകിയ പരാതിയിലും സമീർ ആവർത്തിച്ചിരുന്നു. പ്രതികളിൽ ഒരാളുടെ വാഹനത്തിലാണ് സാജൻ അന്വേഷണത്തിനായി വയനാട്ടിൽ എത്തിയത്. ഇതെല്ലാം ഗുരുതര വീഴ്ചയാണെന്ന് വിനോദ് കുമാറിന്റെ റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്.

എന്നാൽ കേസിൽ തുടരന്വേഷണം നടത്തുന്ന എഡിജിപി: എസ്.ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം സാജന്റെ നടപടികളിൽ വലിയ വീഴ്ച സംഭവിച്ചതായി വിലയിരുത്തുന്നില്ല. വകുപ്പുതല നടപടി എന്ന നിലയിൽ സാജനെ കൊല്ലം സോഷ്യൽ ഫോറസ്ട്രിയിലേക്ക് മാറ്റി. പിന്നീട് ഇദ്ദേഹത്തെ തിരികെ കോഴിക്കോട് വിജിലൻസ് തലപ്പത്തേക്ക് നിയമിക്കാനുള്ള ഫയൽ ഒരു മാസം മുമ്പ് മുഖ്യമന്ത്രിയുെട ഓഫിസിൽ നിന്നു തന്നെയാണ് തുടക്കമിട്ടത്. കേസന്വേഷണം തുടരവേ, ഉദ്യോഗസ്ഥനെ തിരികെ എത്തിക്കുന്നത് തെറ്റായ സന്ദേശം നൽകും എന്ന് വനം മന്ത്രി ഫയലിൽ എഴുതിയതിനെ തുടർന്ന് ആ നീക്കം അവസാനിച്ചു.

തൊട്ടു പിന്നാലെയാണ് ഇദ്ദേഹത്തെ കൊല്ലത്തു തന്നെ ഉയർന്ന തസ്തിക നൽകി നിയമിക്കാനുള്ള ഫയൽ നീങ്ങിയത്. ഇതിനായി ദക്ഷിണമേഖലാ സിസിഎഫ് ആയിരുന്ന സഞ്ജയൻ കുമാറിനെ തിരുവനന്തപുരത്തേക്ക് മാറ്റി. സിസിഎഫിന്റെ ചുമതലയോടെ കൊല്ലത്ത് സാജനെ നിയമിക്കുന്നതോടൊപ്പം, അദ്ദേഹത്തിനെതിരെ അന്വേഷണ റിപ്പോർട്ട് നൽകിയ ഡി.കെ.വിനോദ് കുമാറിനെ സാജന്റെ കീഴിൽ കൊല്ലത്തേക്ക് കൊണ്ടു വരാനും രാഷ്ട്രീയ നേതൃത്വം തയ്യാറായി എന്നതാണ് വിചിത്രം.

∙ എ. ജയതിലക്

മരം മുറിക്ക് നിദാനമായത് റവന്യൂ വകുപ്പിൽ നിന്ന് 2020 ഒക്ടോബറിൽ, പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന എ.ജയതിലക് ഇറക്കിയ വിവാദ ഉത്തരവാണ്. സർക്കാർ മരങ്ങൾ വ്യാപകമായി മുറിക്കുന്നതിലേക്ക് ഈ ഉത്തരവ് വഴി വച്ചു എന്നു മാത്രമല്ല, അതു തടയാൻ ശ്രമിച്ചാൽ ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി ഉണ്ടാവുമെന്ന ഭീഷണിയും ഉത്തരവിലുണ്ടായിരുന്നു. റവന്യൂ മന്ത്രിയായിരുന്ന ഇ.ചന്ദ്രശേഖരന്റെ നിർദേശത്തോടെയാണ് ഈ ഉത്തരവ് ഇറങ്ങിയത്. ജയതിലക് ഇപ്പോഴും റവന്യൂ പ്രിൻസിപ്പൽ സെക്രട്ടറിയായി തുടരുന്നു. ചന്ദ്രശേഖരൻ ഇപ്പോഴും ജനപ്രതിനിധിയായും തുടരുന്നു. അന്വേഷണത്തിന്റെ ഭാഗമായി ഇരുവരിൽ നിന്നും എസ്.ശ്രീജിത്ത് മൊഴിയെടുത്തെങ്കിലും ഗൗരവമായ കണ്ടെത്തലുകളൊന്നും ഉണ്ടായില്ല.

∙ മറ്റ് ഉദ്യോഗസ്ഥർ

സൗത്ത് വയനാട് ഡിഎഫ്ഒ ആയിരുന്ന രഞ്ജിത്തിന് വീഴ്ച സംഭവിച്ചിട്ടുണ്ട് എന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തൽ. ഇദ്ദേഹത്തെ പാലക്കാട് ട്രെയ്നിങ് കോളജ് പ്രിൻസിപ്പലായി പിന്നീട് സ്ഥലം മാറ്റി. മരം കടത്തിയ ദിവസം വാഹന പരിശോധനയിൽ വീഴ്ച വരുത്തിയതിന് വൈത്തിരി ചെക് പോസ്റ്റിലെ ബീറ്റ് ഫോറസ്റ്റ് ഓഫിസർ ശ്രീജിത്ത്, എസ്എഫ്ഒ വിനേഷ് എന്നിവരെ സസ്പെൻഡ് ചെയ്തിരുന്നു. സസ്പെൻഷൻ കാലാവധി പൂർത്തിയായതിനെ തുടർന്ന് ഇവരെ തിരിച്ചെടുത്ത് ഇപ്പോൾ പുൽപ്പള്ളിയിലും മേപ്പാടിയിലും ജോലി ചെയ്യുന്നു. പാട്ടിയിൽ ഏറെ പിടിപാടുള്ള റേഞ്ച് ഓഫിസർ പത്മനാഭനെ ഫ്ളയിങ് സ്്ക്വാഡിൽനിന്ന് കോഴിക്കോട് സോഷ്യൽ ഫോറസ്ട്രിയിലേക്ക് സ്ഥലം മാറ്റി. അടുത്ത മാസം ഇദ്ദേഹം വിരമിക്കും.

സംഘടനാ നേതാവായ മനോഹരൻ ഇപ്പോൾ ബാവലി ടിംബർ ഡിപ്പോയിൽ ജോലി ചെയ്യുന്നു. സെക്ഷൻ ഫോറസ്റ്റ് ഓഫിസർ രാജു അഞ്ചു മാസത്തെ സസ്പെൻഷൻ കാലാവധി കഴിഞ്ഞ് ഇപ്പോൾ സുൽത്താൻ ബത്തേരി സോഷ്യൽ ഫോറസ്ട്രി വിഭാഗത്തിൽ. അസിസ്റ്റന്റ് വില്ലേജ് ഓഫിസർ സിന്ധു, മുട്ടിൽ സൗത്ത് വില്ലേജ് ഓഫിസർ കെ.കെ.അജി എന്നിവരുടെ ജാമ്യാപേക്ഷ അടുത്തിടെ ഹൈക്കോടതി തള്ളി. എങ്കിലും അറസ്റ്റോ മറ്റു നടപടികളോ ഉണ്ടായിട്ടില്ല. അടിമാലി റേഞ്ച് ഓഫിസറായിരുന്ന ജോജി ജോൺ വൻ തോതിൽ മരം കൊള്ളയ്ക്ക് കൂട്ടു നിന്നു എന്ന റിപ്പോർട്ടിനെ തുടർന്ന് സസ്െപൻഷനിലാണ്. വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും ഇദ്ദേഹത്തിനെതിരെ കേസുണ്ട്.

English Summary: What happened to the Officers in Muttil Tree Felling Case

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com