ADVERTISEMENT

കണ്ണൂർ∙ ദേശീയ തലത്തിൽ കോൺഗ്രസ്സുമായി സഖ്യം ചേരുന്നതിന് ഉപാധികൾവച്ച സിപിഎം നേതൃത്വത്തെ പരിഹസിച്ച് കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ രംഗത്ത്. ഉറുമ്പ് ആനയ്ക്കു കല്യാണം പറഞ്ഞപോലെയാണ് കോൺഗ്രസ്സിനു മുന്നിൽ സിപിഎമ്മിന്റെ ഉപാധികളെന്ന് സുധാകരൻ പരിഹസിച്ചു. 24 ശതമാനം വോട്ടുള്ള കോൺഗ്രസ്സിനു മുന്നിലാണ് 1.6 ശതമാനം മാത്രം വോട്ടുള്ള സിപിഎം ഉപാധി പറയുന്നത്. കോൺഗ്രസ്സിനെ കൂടാതെ മതേതര സഖ്യം സൃഷ്ടിക്കാനാകില്ല. അതുകൊണ്ടുതന്നെ സിപിഎം മുന്നോട്ടുവച്ച ഉപാധികളെ പരമപുച്ഛത്തോടെ എഴുതിത്തള്ളാൻ മാത്രമേ കഴിയൂവെന്ന് സുധാകരൻ പറഞ്ഞു.

നേരത്തെ, ബിജെപിക്കെതിരെ ആരുമായും സഹകരിക്കാൻ തയാറാണെന്ന് വ്യക്തമാക്കി സിപിഎം കേന്ദ്ര കമ്മിറ്റി അംഗം എസ്.രാമചന്ദ്രൻ പിള്ളയാണ് കോൺഗ്രസ്സുമായി സഹകരിക്കുന്നതിന് ഉപാധികൾ വച്ചത്. സഖ്യത്തിന്റെ ഭാഗമാകണോ എന്ന് തീരുമാനിക്കേണ്ടത് കോൺഗ്രസാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നവ ഉദാരവൽക്കരണത്തെയും വർഗീയതയെയും തള്ളിപറയാൻ കോൺഗ്രസ് തയാറാകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഈ പശ്ചാത്തലത്തിലാണ് സുധാകരൻ മറുപടിയുമായി രംഗത്തെത്തിയത്.

ഇന്ത്യയിൽ ആകെ വളരെ കുറച്ചു സംസ്ഥാനങ്ങളിൽ മാത്രമാണ് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾക്ക് പച്ചപിടിക്കാനായതെന്ന് സുധാകരൻ ചൂണ്ടിക്കാട്ടി. ബംഗാൾ, ത്രിപുര, കേരള, പഞ്ചാബ്, ബിഹാർ, ആന്ധ്രപ്രദേശ് എന്നിവിടങ്ങളിലാണ് ഒരുകാലത്ത് കമ്യൂണിസ്റ്റ് പ്രസ്ഥാനങ്ങൾ ഉണ്ടായിരുന്നത്. അതിൽ ആന്ധ്രയിലും പഞ്ചാബിലും ബിഹാറിലുമെല്ലാം അവർ തൂത്തുമാറ്റപ്പെട്ടു. ത്രിപുരയിലും ബംഗാളിലും അധികാരം നഷ്ടമായി. ഇവിടങ്ങളിലെല്ലാം സ്ഥാനാർഥിയെ നിർത്താൻ പോലും സാധിക്കാത്ത പരുവത്തിലായി. ആകെ കുറച്ച് പച്ചപ്പുള്ളത് കേരളത്തിൽ മാത്രം’ – സുധാകരൻ ചൂണ്ടിക്കാട്ടി.

‘ദേശീയ തലത്തിൽ ഇപ്പോഴും 24 ശതമാനം ജനങ്ങളുടെ പിന്തുണയുള്ള പാർട്ടിയാണ് കോണ്‍ഗ്രസ് എന്ന് ഓർമ വേണം. ഇവിടെവന്ന് കോൺഗ്രസിനു മുന്നിൽ ഉപാധികൾ വയ്ക്കുന്ന എസ്ആർപിയുടെ പാർട്ടിക്ക് ദേശീയ തലത്തിൽ ആകെയുള്ളത് 1.65 ശതമാനം ജനങ്ങളുടെ പിന്തുണയാണ്. നമ്മളെല്ലാം ഒരു കഥ കേട്ടിട്ടുണ്ട്. ഉറുമ്പ് ആനയ്ക്ക് കല്യാണം ആലോചിച്ച കഥ. എസ്ആർപിയുടെ ഉപാധികൾ കാണുമ്പോൾ നമ്മുടെ മനസ്സിലേക്ക് വരുന്നത് ആ കഥയാണ്’ – സുധാകരൻ പരിഹസിച്ചു.

‘ഇവിടെ ആര് ആരോടാണ് ഇതെല്ലാം പറയുന്നതെന്ന് നോക്കണം. ഇന്ത്യയിൽ ഇപ്പോഴും 24 ശതമാനം ജനങ്ങളുടെ പിന്തുണയുള്ള, രണ്ടുമൂന്ന് സംസ്ഥാനങ്ങളിൽ ഭരണമുള്ള കോൺഗ്രസിനോടാണ് പിണറായി വിജയന്റെ കൊച്ചുകേരളത്തിലേക്ക് ഒരു തുരുത്തായി ഒതുങ്ങിയ സിപിഎം ഉപാധി പറയുന്നത്. അത് പരമ പുച്ഛത്തോടെ എഴുതിത്തള്ളാൻ മാത്രമേ കോൺഗ്രസിനു സാധിക്കൂ.’ – സുധാകരൻ പറഞ്ഞു.

English Summary: K Sudhakaran Responds To SRP's Statement

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com