ADVERTISEMENT

അരീക്കോട് (മലപ്പുറം) ∙ ആനയുടെ ആക്രമണത്തിൽ നിന്നും 4 വയസ്സുകാരനെ രക്ഷപ്പെടുത്തുന്ന വിഡിയോ കുറച്ചു ദിവസങ്ങളായി സമൂഹമാധ്യമത്തിൽ വൈറലാണ്. കീഴുപറമ്പ് പഴംപറമ്പിൽ കെട്ടിയിട്ട ആനയ്ക്കു ഭക്ഷണം കൊടുക്കുമ്പോൾ ബാപ്പയേയും മകനേയും തുമ്പിക്കൈ ചുഴറ്റി ആക്രമിക്കാനുള്ള ശ്രമത്തിൽ നിന്നും രക്ഷപ്പെടുന്നതാണു വിഡിയോ. പഴംപറമ്പ് വലിയ പീടിയക്കേക്കൽ നബീലും മകനുമാണു വിഡിയോയിലുള്ളത്. തൃക്കളയൂർ ക്ഷേത്രത്തിനു സമീപത്താണ് ആനയെ കെട്ടിയിട്ടിരുന്നത്.

നബീൽ നൽകിയ തേങ്ങ ആന കഴിച്ചതോടെ മകനും താൽപര്യമായി. മകനെയും കൂട്ടി ആനയ്ക്കരികിലെത്തി ഭക്ഷണം നൽകിയതോടെ ആന തുമ്പിക്കൈ ചുഴറ്റി മകനെ പിടികൂടി. പെട്ടെന്നുതന്നെ നബീൽ കുട്ടിയെ വലിച്ചെടുത്തു രക്ഷപ്പെടാനൊരുങ്ങി. ഇതിനിടയിൽ നബീലിന്റെ കാലിലും ആന പിടികൂടാൻ ശ്രമിച്ചു. ധൈര്യത്തോടെയുള്ള നബീലിന്റെ പരിശ്രമത്തിലൂടെ ഇരുവരും പിന്നീടു രക്ഷപ്പെടുന്നതാണു വിഡിയോ. പുറത്തുവന്ന വിഡ‍ിയോ അഞ്ചു മാസം പഴക്കമുള്ളതാണ്.

സംഭവത്തെക്കുറിച്ചു നബീൽ പറയുന്നത്: ഭാര്യയുടെ ഉമ്മയും സഹോദരനും വീട്ടിൽ വന്ന സമയത്താണ് ആനയുടെ അടുത്തുപോയത്. ഭാര്യയും രണ്ടു കുട്ടികളും കൂടെയുണ്ടായിരുന്നു. ആനയുടെ അടുത്ത് ആരുമില്ലായിരുന്നു. അടുത്ത വീട്ടിൽ ചോദിക്കാമെന്നു കരുതിയെങ്കിലും ഉച്ചകഴിഞ്ഞ സമയമായതിനാൽ വീട്ടുകാർ മയക്കത്തിലാണെന്നു മനസ്സിലാക്കി തിരിച്ച് ആനയുടെ അടുത്തെത്തി. ആദ്യം ഞാൻ തന്നെ തേങ്ങയെടുത്ത് ആനയുടെ തുമ്പിക്കൈയിൽ വച്ചു നൽകി. ആന പ്രകോപനമൊന്നും ഉണ്ടാക്കിയില്ല. ഇതുകണ്ടപ്പോൾ മകനും താൽപര്യമായി. നേരത്തേ ഞാൻ തേങ്ങ നൽകാൻ പോകുമ്പോൾ തടഞ്ഞിരുന്നെങ്കിലും മകനും കൂടെവന്നിരുന്നു. പിന്നീട് മകന്റെ നിർബന്ധത്തിനു വഴങ്ങി തേങ്ങ നൽകുമ്പോഴാണ് ആനയുടെ ആക്രണമുണ്ടായത്. 

ഭാര്യ സഹോദരനാണു മൊബൈൽ ഫോണിൽ വിഡിയോ പകർത്തിയത്. ആനയുടെ ആക്രമണത്തിൽ നിന്നും രക്ഷപ്പെട്ടെങ്കിലും പേടി കാരണം വിഡിയോ പുറത്തു വിട്ടിരുന്നില്ല. മൂന്നാഴ്ച മുൻപു സൗദി അറേബ്യയിൽ പോയ നബീൽ തന്നെയാണു കഴിഞ്ഞ ദിവസം വിഡിയോ പുറത്തുവിട്ടത്. ഇതേ ആനയുടെ അടുത്തു വന്നു കുട്ടികൾ സെൽഫി എടുക്കുന്നതു ശ്രദ്ധയിൽപെട്ടതോടെ പേടി തോന്നി അപകടം വരരുത് എന്ന മുന്നറിയിപ്പിനായാണ് ഇപ്പോൾ വിഡിയോ പങ്കുവച്ചതെന്നു നബീൽ പറഞ്ഞു. കൊളക്കാടൻ മിനി എന്നാണ് ആനയുടെ പേര്.

English Summary: Elephant attack at Malappuram, viral video

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com