ADVERTISEMENT

കണ്ണൂർ∙ സിപിഎം പാർട്ടി കോൺഗ്രസ് സെമിനാറിൽ പങ്കെടുക്കുമെന്ന് പ്രഖ്യാപിച്ചതോടെ, ഇനി കേരളത്തിലെ കോൺഗ്രസുകാരുടെ മനസ്സിൽ കെ.വി. തോമസ് ഉണ്ടാകില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എംപി. കെ.വി. തോമസിന്റെ നടപടി കോൺഗ്രസുകാർ ഒരിക്കലും പൊറുക്കില്ല. കെ.വി. തോമസ് പാർട്ടിയിൽനിന്ന് സ്വയം പുറത്തു പോയിക്കഴിഞ്ഞു. ഇക്കാര്യത്തിൽ അദ്ദേഹം കാണിക്കുന്നത് നന്ദികേടാണ്. കെ.വി. തോമസിനെ പടിയടച്ച് പിണ്ഡം വച്ചുകഴിഞ്ഞുവെന്നും അദ്ദേഹം തുറന്നടിച്ചു.

‘‘22 വർഷം പാർലമെന്റ് അംഗം, എട്ടു വർഷം നിയമസഭാംഗം, അഞ്ച് വർഷം കേന്ദ്രമന്ത്രി, പിന്നീട് കോൺഗ്രസ് പാർട്ടിയുടെ അക്കൗണ്ടിൽ മന്ത്രിസ്ഥാനത്തിനു തുല്യമായ പബ്ലിക് അക്കൗണ്ട്സ് കമ്മിറ്റിയുടെ ചെയർമാൻ.. ഇത്രയും പദവികൾ കൊടുത്തിട്ടും താൻ നിരാശനാണെന്നും ഈ പാർട്ടി തന്നെ അവഗണിക്കുകയാണെന്നും ഒരാൾ പറഞ്ഞാൽ സാമാന്യ ജനങ്ങൾ എന്താണ് മനസ്സിലാക്കേണ്ടത്? ഒരു ജന്മ‍ത്ത് ഒരാൾക്ക് ഒരു പാർട്ടിയെക്കൊണ്ട് കിട്ടാവുന്നതിന്റെ പരാവധി അദ്ദേഹത്തിന് കിട്ടി. ഇനിയും അദ്ദേഹം എന്താണ് ആഗ്രഹിക്കുന്നതെന്ന് മനസ്സിലാകുന്നില്ല’ – രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞു.

‘ഇപ്പോൾ കോൺഗ്രസ് പാർട്ടി ഒരു തീരുമാനമെടുത്തു. അതിന്റെ ശരിതെറ്റുകളല്ല ഇപ്പോൾ ചർച്ച ചെയ്യേണ്ടത്. സിൽവർലൈനിന്റെ പേരിൽ സിപിഎമ്മിനെതിരെ കോൺഗ്രസ് പ്രവർത്തകർ തെരുവിൽ സമരത്തിലാണ്. അവരെ പിണറായി വിജയന്റെ പൊലീസ് തല്ലിച്ചതയ്ക്കുന്നു. മാത്രമല്ല, നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ഫാഷിസ്റ്റ് സർക്കാരിനെതിരെ പ്രതിപക്ഷത്തിന്റെ കൂട്ടായ്മയെ കോൺഗ്രസ് നയിക്കണമെന്ന് എല്ലാ പാർട്ടികളും ആവശ്യപ്പെടുമ്പോൾ എതിർക്കുന്നവരാണ് കോൺഗ്രസിലെ സിപിഎമ്മുകാർ. ആ പാർട്ടിയുടെ കേരളത്തിൽ നടക്കുന്ന സമ്മേളനത്തിൽ പങ്കെടുക്കരുതെന്ന് കോൺഗ്രസ് വിലക്കിയാൽ എങ്ങനെ തെറ്റുപറയും?’ – ഉണ്ണിത്താൻ ചോദിച്ചു.

‘‘രണ്ടുപേരെയാണ് കേരളത്തിലെ കോൺഗ്രസിൽനിന്ന് സിപിഎം സെമിനാറിലേക്ക് ക്ഷണിച്ചത്. ശശി തരൂരിനെയും കെ.വി. തോമസിനെയും. ഇതിൽ ശശി തരൂർ കെ.വി. തോമസിനേപ്പോലെ കോൺഗ്രസ് പാർട്ടിയിൽനിന്ന് അധികം ആനുകൂല്യമൊന്നും പറ്റാത്തയാളാണ്. അദ്ദേഹത്തെ പാർലമെന്റ് അംഗമാക്കി, ഒരു കമ്മിറ്റിയുടെ ചെയർമാൻ സ്ഥാനവും കൊടുത്തു. അല്ലാതെ 22 വർഷം പാർലമെന്റ് അംഗമാകാനും നിയമസഭാംഗമാകാനും അദ്ദേഹത്തിന് അവസരം കിട്ടിയിട്ടില്ല. എന്നിട്ടും കോൺഗ്രസ് പ്രസിഡന്റ് സെമിനാറിൽ പങ്കെടുക്കരുതെന്ന് വിലക്കിയപ്പോൾ അത് ശിരസ്സാ വഹിക്കാനുള്ള സന്മനസ് ശശി തരൂർ കാണിച്ചു’ – ഉണ്ണിത്താൻ ചൂണ്ടിക്കാട്ടി.

എഐസിസി അംഗമെന്ന നിലയിൽ തന്നെ പുറത്താക്കാൻ എഐസിസിക്കു മാത്രമേ അവകാശമുള്ളൂ എന്ന കെ.വി. തോമസിന്റെ നിലപാടിനെയും ഉണ്ണിത്താൻ പരിഹസിച്ചു. ‘‘സിപിഎം സെമിനാറിൽ പങ്കെടുക്കരുതെന്ന് തോമസിനെ വിലക്കിയത് കോൺഗ്രസ് ദേശീയ അധ്യക്ഷയാണ്. ഇക്കാര്യം വ്യക്തമാക്കി അവർ നൽകിയ രേഖാമൂലമുള്ള നിർദ്ദേശം അവഗണിച്ചാണ് കെ.വി. തോമസ് സെമിനാറിൽ പങ്കെടുക്കുന്നത്. എന്നിട്ട് തന്നെ പുറത്താക്കാൻ എഐസിസിക്കു മാത്രമേ കഴിയൂവെന്ന അദ്ദേഹത്തിന്റെ നിലപാട് എത്രമാത്രം അപഹാസ്യമാണ്. കുറച്ചുകാലമായി കെ.വി. തോമസിന്റെ ശരീരം കോൺഗ്രസിലും മനസ് സിപിഎമ്മിലുമാണ്’– ഉണ്ണിത്താൻ ആരോപിച്ചു.

English Summary: Rajmohan Unnithan MP Responds to KV Thomas' Decision to Attend CPM Seminar

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com