ADVERTISEMENT

കണ്ണൂർ∙ സിൽവർലൈൻ പദ്ധതിയുടെ സാമൂഹിക ആഘാത പഠനത്തിനു ശേഷം നിലപാട് വ്യക്തമാക്കാമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യച്ചൂരി പറയുമ്പോൾ കേരള വികസന മാതൃകയുടെ ഭാഗമായി പദ്ധതിയെ ഉയർത്തികാണിച്ച് കേരള ഘടകം. പൊതുചർച്ചയിൽ കേരളത്തെ പ്രതിനിധീകരിച്ചു സംസാരിച്ച മന്ത്രി പി.രാജീവാണ് കേരളത്തിന്റെ പശ്ചാത്തല വികസനത്തിനായി സിൽവർലൈൻ പദ്ധതി നടപ്പിലാക്കാനൊരുങ്ങുന്ന കാര്യം ചൂണ്ടിക്കാട്ടിയത്.

പശ്ചാത്തല വികസനത്തിനു പുതിയ പദ്ധതികൾ ആവിഷ്ക്കരിക്കേണ്ടതുണ്ടെന്ന് പി.രാജീവ് പറഞ്ഞു. ഇത്തരം പദ്ധതികളിലൂടെ വലിയ തോതിൽ തൊഴിലവസരങ്ങൾ ആകർഷിക്കാനാകും. കാലഘട്ടത്തിന്റെ മാറ്റങ്ങളെ ഉൾക്കൊണ്ടാണ് വികസന പദ്ധതികൾ സർക്കാർ അവതരിപ്പിക്കുന്നത്.

പുതിയ കാലഘട്ടത്തിന് അനുസൃതമായ രീതിയിൽ കേരളത്തിന്റെ പശ്ചാത്തല സൗകര്യങ്ങളും ഉൽപാദന മേഖലയും മാറിയിട്ടില്ല. ഇതു നേരിടുന്നതിനുള്ള പദ്ധതികളാണ് എൽഡിഎഫ് സർക്കാർ കേരളത്തിൽ നടപ്പിലാക്കുന്നത്. ആദ്യ കമ്യൂണിസ്റ്റ് സർക്കാരിന്റെ കാലം മുതൽ കേരളം നടപ്പിലാക്കിയ ബദൽ വികസന മാതൃകകളും പിണറായി സർക്കാരിന്റെ നേട്ടങ്ങളും പ്രസംഗത്തിൽ പി.രാജീവ് ചൂണ്ടിക്കാണിച്ചു.

കേരളത്തിൽ ഇഎംഎസ് സർക്കാർ മുതൽ ഇങ്ങോട്ടുള്ള ഇടതു സർക്കാരുകൾ എങ്ങനെയാണ് ബദൽ നയങ്ങൾ നടപ്പിലാക്കിയതെന്നു പി.രാജീവ് വിവരിച്ചു. ഭൂപരിഷ്കരണവും വിദ്യാഭ്യാസ മേഖലയിലെ പരിഷ്കാരങ്ങളും നേട്ടങ്ങളായി ചൂണ്ടിക്കാട്ടി. ഒന്നാം പിണറായി സർക്കാർ നടപ്പിലാക്കിയ സ്കൂളുകളുടെയും റോഡുകളുടേയും നവീകരണവും സാമൂഹിക പെൻഷൻ അടക്കമുള്ള കാര്യങ്ങളും പി.രാജീവിന്റെ പ്രസംഗത്തിന്റെ ഭാഗമായി.

ചർച്ചയിൽ പങ്കെടുത്ത ടി.എൻ.സീമയും എൽഡിഎഫ് സർക്കാരിന്റെ വികസന പദ്ധതികളിലൂന്നിയാണ് സംസാരിച്ചത്. കേരളം നടപ്പിലാക്കുന്ന പരിസ്ഥിതി സൗഹൃദ വികസന പദ്ധതികളും ചൂണ്ടിക്കാട്ടി. മറ്റു സംസ്ഥാനങ്ങളിൽനിന്ന് ചർച്ചയിൽ പങ്കെടുത്ത പ്രതിനിധികളിൽ ചിലരും കേരള സർക്കാരിന്റെ നേട്ടങ്ങളെ പ്രശംസിച്ചു.

English Summary: Minister P Rajeev on Kerala Development Projects

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com