ADVERTISEMENT

ബെയ്ജിങ് ∙ ചൈനയിലെ പ്രമുഖ വെൻച്വർ ക്യാപിറ്റലിസ്റ്റും പലവ്യഞ്ജന മേഖലയിലെ നിക്ഷേപകയും ധനാഢ്യയുമായ കാത്തി സുവിന്റെ പേരിലുള്ള ഒരു ചാറ്റിന്റെ സ്ക്രീൻഷോട്ട് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. ചൈനയിലെ ബിസിനസ് ഹബ്ബായ ഷാങ്ഹായ്‌യിൽ കോവി‍ഡ് ലോക്‌ഡൗൺ മൂലം ജനങ്ങൾ നേരിടുന്ന പ്രതിസന്ധിയുടെ ആഴം വ്യക്തമാക്കുന്നതാണ് ഈ സ്ക്രീൻഷോട്ട്.

‘ബ്രെഡ് കിട്ടുന്നത് എവിടെ എന്ന് ചർച്ച നടക്കുന്ന ചാറ്റ് ഗ്രൂപ്പിൽ എന്നെ ആരെങ്കിലും ഉൾപ്പെടുത്തുമോ? നിരവധി പേരുള്ള തന്റെ വീട്ടിൽ പാലിനും ബ്രെഡിനും ക്ഷാമമുണ്ട്’ എന്നായിരുന്നു കാത്തി തന്റെ ഹൗസിങ് കോളനി അംഗങ്ങൾക്ക് അയച്ച മെസേജ്.  പാവപ്പെട്ടവരും ഇടത്തട്ടുകാരും മാത്രമല്ല, ഷാങ്ഹായ്‌യിലെ പണക്കാരും ഭക്ഷ്യക്ഷാമം നേരിട്ടു തുടങ്ങിയിരിക്കുന്നു എന്നാണ് കാത്തി സുവുവിന്റെ വാക്കുകളിലൂടെ വ്യക്തമാകുന്നത്. 

കോവി‍ഡ് വ്യാപനം രൂക്ഷമായി തുടരുന്നതിനിടെ ഷാങ്ഹായ്‌യിൽ ഭക്ഷണം ഉൾപ്പെടെയുള്ള അവശ്യസാധനങ്ങൾ കിട്ടാതെ ജനം നരകിക്കുന്ന സാഹചര്യമാണുള്ളതെന്ന് രാജ്യാന്തര ഏജൻസികൾ റിപ്പോർട്ട് ചെയ്യുന്നു. കോവിഡ് വ്യാപനം തടയുന്നതിന്റെ ഭാഗമായി, മുന്നറിയിപ്പില്ലാതെ ലോക്ഡൗൺ പ്രഖ്യാപിച്ചതും, ഇത് എന്ന് അവസാനിപ്പിക്കുമെന്ന് വ്യക്തതയില്ലാത്തതുമാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്.

ഇന്നലെ മാത്രം ചൈനയിൽ 23,107 പേർക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിൽ 1,323 പേർക്ക് യാതൊരു രോഗലക്ഷണങ്ങളുമില്ല. ആകെയുള്ള കേസുകളിൽ 19,989 എണ്ണവും ഷാങ്ഹായ്‌യിലാണ്. എന്നാൽ ഇതിൽ 329 പേർ മാത്രമാണ് രോഗലക്ഷണങ്ങൾ കാണിച്ചത്.

1248-shanghai-covid
ലോക്ഡൗൺ കടുപ്പിച്ച ചൈനയിലെ ഷാങ്ഹായ്‌യിൽ മരുന്നും അവശ്യ വസ്‌തുക്കളുമായി നീങ്ങുന്ന ആരോഗ്യപ്രവർത്തകർ (Photo by Hector RETAMAL / AFP)

ചൈനയുടെ പ്രധാന സ്റ്റോക് എക്സ്ചേഞ്ച് സ്ഥിതി ചെയ്യുന്ന, ലോകത്തിലെ ഏറ്റവും തിരക്കുള്ള കണ്ടെയ്നർ തുറമുഖമുള്ള ഷാങ്ഹായ്‌യിലെ രണ്ടരക്കോടി ജനങ്ങൾ ഇപ്പോൾ വീട്ടിനുള്ളിൽ അടയ്ക്കപ്പെട്ടിരിക്കുകയാണ്. കോവിഡ് പടരാതിരിക്കാനുള്ള കർശന നടപടി സ്വീകരിക്കുമെന്ന് ചൈന നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു. മാർച്ച് 28ന് ഷാങ്ഹായ്‌‌യുടെ ഏതാനും ഭാഗങ്ങളിൽ പ്രഖ്യാപിച്ച ലോക്ഡൗൺ പിന്നാലെ എല്ലായിടത്തുമായി. തുടക്കത്തിൽ നാലു ദിവസം എന്നു പറഞ്ഞിരുന്നെങ്കിലും ലോക്ഡൗൺ ഇപ്പോഴും തുടരുകയാണ്. 

മുന്നറിയിപ്പില്ലാതെ ലോക്ഡൗണ്‍ വന്നതോടെ കടകളിലും സൂപ്പർ മാർക്കറ്റുകളിലുമുള്ള സാധനങ്ങളും പെട്ടെന്ന് തീർന്നു. പാൽ, മുട്ട, റൊട്ടി തുടങ്ങിയവ പോലും ജനങ്ങൾക്ക് കിട്ടുന്നില്ല എന്നാണ് റിപ്പോർട്ടുകൾ. ജനങ്ങൾ പുറത്തിറങ്ങാൻ പാടില്ലാത്തതിനാൽ ഭക്ഷണ സാധനങ്ങളടക്കം എത്തിച്ചു നൽകുന്നവർക്കും ആവശ്യങ്ങൾ അനുസരിച്ച് ഇത് എത്തിക്കാൻ സാധിക്കുന്നില്ല.

‘വീചാറ്റു’കളിൽ ചർച്ച ചെയ്ത ശേഷം കുറേ വീടുകളിലേക്കായി സാധനങ്ങൾ ഒരുമിച്ചു വാങ്ങുന്ന സമ്പ്രദായവും തുടങ്ങിയിട്ടുണ്ട്. വാഹനങ്ങളും ജോലിക്കാരും ഇല്ലാത്തതാണ് പ്രധാന പ്രശ്നമെന്നാണ് ചൈനയിലെ ഏറ്റവും വലിയ ഫുഡ് ഡെലിവറി പ്ലാറ്റ്ഫോമായ മെയ്‍തുവാന്റെ വൈസ് പ്രസിഡന്റ് പറഞ്ഞത്. സർക്കാർ ഭക്ഷണ വിതരണം നടത്തുന്നുണ്ടെങ്കിലും ഇത് എല്ലാ മേഖലകളിലേക്കും എത്തുന്നില്ല എന്ന പരാതിയുമുണ്ട്. 

English Summary: Shanghai's locked down elite are joining hunt for groceries

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com