ADVERTISEMENT

കണ്ണൂർ∙ കോൺഗ്രസ് നേതാവ് കെ.വി.തോമസ് സിപിഎം പാർട്ടി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള സെമിനാറിനെത്തി. കരഘോഷത്തോടെയാണ് കെ.വി.തോമസിനെ സിപിഎം പ്രവർത്തകർ വരവേറ്റത്. 

party-seminar-1
പിണറായി വിജയനൊപ്പം എം.കെ സ്റ്റാലിൻ, സമീപം കോടിയേരി ബാലകൃഷ്ണനും (ഇടത്), കെ.വി തോമസും (വലത്). ചിത്രം∙ സമീർ എ. ഹമീദ്

കെ.വി.തോമസിനെ സെമിനാറിലേക്കു ക്ഷണിച്ചത് കോൺഗ്രസ് പ്രതിനിധിയായാണെന്നു സെമിനാർ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കോൺഗ്രസ് പാർട്ടിയുടെ പ്രധാന നേതാവായാണ് ഈ പരിപാടിയിൽ അദ്ദേഹം പങ്കെടുക്കുന്നത്. ചിലർ അദ്ദേഹത്തിന്റെ മൂക്കുചെത്തുമെന്നു പറഞ്ഞെങ്കിലും കോൺഗ്രസ് നേതാവായി തന്നെ പരിപാടിയിൽ പങ്കെടുക്കുന്നു. അദ്ദേഹം സെമിനാറിലേക്കു വരില്ലെന്നു ചിലർ പറഞ്ഞെങ്കിലും ഒരു ചുക്കും സംഭവിക്കില്ലെന്നു സിപിഎമ്മിനു ബോധ്യമുണ്ടായിരുന്നു. നാളെയും വലുതൊന്നും സംഭവിക്കാനില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

party-seminar-3
തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിനെ പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിലേക്ക് മുഖ്യമന്ത്രി പിണറായി വിജയൻ സ്വീകരിക്കുന്നു. ചിത്രം: സമീർ എ. ഹമീദ്

പ്രാദേശിക ഭാഷകളെ തകർക്കാനാണ് കേന്ദ്രത്തിന്റെ ശ്രമം. ഭാഷയെ തകർത്താൽ വൈവിധ്യങ്ങളെ ഇല്ലാതാക്കി രാജ്യത്തെ ഏകശിലാരൂപത്തിലേക്കു മാറ്റാമെന്നാണ് സംഘപരിവാർ കരുതുന്നത്. ഇത് രാജ്യത്തിന്റെ ഐക്യവും നാനാത്വത്തിൽ ഏകത്വവും തകർക്കാനുള്ള ശ്രമമാണ്. ദേശീയ ഭാഷയെന്ന നിലയിലാണ് ഹിന്ദിയെ അംഗീകരിക്കുന്നത്. അതാണ് കേരളത്തിലെ സ്കൂളുകളിൽ ഹിന്ദിയും ഇംഗ്ലിഷും മലയാളവും പഠിപ്പിക്കുന്നത്. ഹിന്ദി അടിച്ചേൽപ്പിച്ചാൽ അത് അംഗീകരിക്കാനാകില്ല. പ്രാദേശിക ജനതയുടെ ജീവിതം ഇല്ലാതാക്കുന്നതാണ് അത്തരം നീക്കമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ബിജെപി സർക്കാർ അധികാരത്തിൽ വന്നതോടെ ഇന്ത്യൻ ഭരണഘടനയും മതേതരത്വവും അപകടത്തിലായതായി സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ പറഞ്ഞു. സംസ്ഥാനങ്ങളുടെ അവകാശങ്ങൾ ഓരോന്നായി നഷ്ടപ്പെടുകയാണ്. സംസ്ഥാന വിഷയങ്ങൾ ഓരോന്നായി കേന്ദ്രം കൈയ്യടക്കുന്നു. സഹകരണം, റജിസ്ട്രേഷൻ, കൃഷി എന്നീ മേഖലകളിലെല്ലാം ഇതുണ്ടായി. സംസ്ഥാനങ്ങളെ സാമ്പത്തികമായി തകർത്ത്, കേന്ദ്രത്തിനു മുന്നിൽ ചെല്ലണം എന്നാണ് അവർ ലക്ഷ്യമാക്കുന്നത്. ഇതിനെതിരെ സംസ്ഥാനങ്ങൾ ഒന്നിക്കണം. തമിഴ്നാട് മുഖ്യമന്ത്രി എം.കെ.സ്റ്റാലിന്‍ ഇതിനു മുൻകൈ എടുക്കണം. അങ്ങനെ ഒരു കൂട്ടായ്മയ്ക്ക് ഈ ചടങ്ങ് തുടക്കം കുറിക്കും എന്നു പ്രതീക്ഷിക്കുന്നതായും കോടിയേരി അധ്യക്ഷപ്രസംഗത്തിൽ പറഞ്ഞു.

party-seminar-4
മുഖ്യമന്ത്രി പിണറായി വിജയൻ. ചിത്രം: സമീർ എ. ഹമീദ്

ദേശീയ പ്രാധാന്യമുള്ള സെമിനാറില്‍നിന്ന് കെ.വി.തോമസിനെ വിലക്കുന്നത് ഊരു വിലക്കാണെന്ന് സ്വാഗതം പറഞ്ഞ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി.ജയരാജൻ പറഞ്ഞു. കോൺഗ്രസുകാർ പോലും വെറുക്കുന്നയാളാണ് കെപിസിസിയുടെ തലപ്പത്ത് ഇരിക്കുന്നതെന്ന് കെ. സുധാകരൻ അതാണ് കെ.വി. തോമസിന് വിലക്കേർപ്പെടുത്തിയതെന്നും ജയരാജൻ കൂട്ടിച്ചേർത്തു.

party-seminar-7
പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിൽ കെ.വി.തോമസ്. ചിത്രം∙ ഇ.വി. ശ്രീകുമാർ
party-seminar-5
പാർട്ടി കോൺഗ്രസ് സെമിനാർ വേദിയിലെത്തുന്ന കെ.വി തോമസ്. ചിത്രം∙ ഇ.വി. ശ്രീകുമാർ

English Summary: K.V Thomas attended CPM Party congress

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com