ADVERTISEMENT

ദേവ്‌ഖർ ∙ ജാർഖണ്ഡിലെ ത്രികുട പർവതത്തിൽ റോപ്‌വേയിൽ കേബിൾകാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരിച്ചവരുടെ എണ്ണം നാലായി. കേബിള്‍ കാറില്‍ കുടുങ്ങിക്കിടന്നിരുന്ന 15 പേരെ രക്ഷപ്പെടുത്താനുള്ള പ്രവര്‍ത്തനമാണ് ഇന്ന് നടന്നത്. വ്യോമസേനയുടെ ഹെലികോപ്റ്ററില്‍ കയറാന്‍ ശ്രമിക്കുന്നതിനിടെ ഒരു സ്ത്രീ താഴെ വീണു മരിച്ചു. തിങ്കളാഴ്ചത്തെ രക്ഷാപ്രവർത്തനത്തിനിടയിലും സമാനരീതിയിൽ ഒരാൾ മരിച്ചിരുന്നു.

അപകടസ്ഥലത്തെ രക്ഷാപ്രവർത്തനം അവസാനിച്ചു. 46 പേരെ രക്ഷപ്പെടുത്തി. വ്യോമസേനയുടെ ഹെലികോപ്റ്ററുകളും ദുരന്തനിവാരണ സേനയും (എൻഡിആർഎഫ്), ഇന്തോ ടിബറ്റൻ ബോർഡർ പൊലീസും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.

ഞായറാഴ്ച വൈകിട്ടു 4 മണിയോടെയാണ് അപകടമുണ്ടായത്. ഇതോടെ സ്ത്രീകളും കുട്ടികളും ഉൾപ്പെടെയുള്ള സഞ്ചാരികൾ കേബിൾ കാറുകളിൽ കുടുങ്ങി. ചാടി രക്ഷപ്പെടാൻ ശ്രമിച്ച ദമ്പതികൾക്കു ഗുരുതരമായി പരുക്കേറ്റു. അപകടകാരണം സാങ്കേതികത്തകരാറാണെന്ന് അധികൃതർ പറഞ്ഞു. റോപ്‍വേയുടെ നടത്തിപ്പുകാരായ സ്വകാര്യ കമ്പനിയുടെ മാനേജരും ജീവനക്കാരും ഒളിവിലാണ്.

ജാർഖണ്ഡിലെ ഏറ്റവും ഉയരമേറിയ റോപ്‍വേയാണ് ത്രികുട മലനിരകളിലേത്. ബാബ ബൈദ്യനാഥ് ക്ഷേത്രത്തിൽനിന്ന് 20 കിലോമീറ്റർ ദൂരെ, 766 മീറ്റർ നീളത്തിലാണ് റോപ്‌‍വേ. 4 പേർക്കു വീതം ഇരിക്കാവുന്ന 25 കാബിനുകളാണുള്ളത്. രാമനവമിയോടനുബന്ധിച്ച് ക്ഷേത്രദർശനത്തിനും കാഴ്ചകൾ കാണാനുമായി നൂറു കണക്കിന് സഞ്ചാരികളാണ് ഞായറാഴ്ച എത്തിയിരുന്നത്.

English Summary: Jharkhand Cable Car Disaster, Rescue Operation

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com