ADVERTISEMENT

കൊച്ചി ∙ സ്വന്തം സംസ്ഥാനത്തെ സംവരണ സർട്ടിഫിക്കറ്റുകൊണ്ടു മറ്റൊരു സംസ്ഥാനത്ത് സംവരണം ലഭിക്കില്ലെന്നു വ്യക്തമാക്കിയ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് സംവരണം ഓരോ സംസ്ഥാനത്തെയും സാഹചര്യങ്ങൾ അനുസരിച്ചാണു നിശ്ചയിക്കുന്നതെന്നു വിശദീകരിച്ചു. ദേശീയ അടിസ്ഥാനത്തിൽ കണ്ണൂർ സർവകലാശാല നടത്തിയ സിലക്‌ഷൻ നടപടികളിൽ മറ്റു സംസ്ഥാനക്കാരനായ ഒരാൾക്ക് സമുദായ സംവരണം അവകാശപ്പെടാനാവുമോയെന്ന ചോദ്യമാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് പരിഗണിച്ചത്.

സർവകലാശാലയിൽ ഐടി വിഭാഗത്തിൽ കർണാടക സ്വദേശിയായ ബി.മുഹമ്മദ് ഇസ്മയിലിനെ അസോഷ്യേറ്റ് പ്രഫസറായി നിയമിച്ചതു ചോദ്യം ചെയ്തു ഡോ.പി.പി. അബ്ദുൽ ഹാലിം നൽകിയ അപ്പീലാണു ജസ്റ്റിസ് എ.കെ.ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി.മുഹമ്മദ് നിയാസ് എന്നിവർ പരിഗണിച്ചത്. പട്ടികയിൽ ഒന്നാമതായിരുന്നു മുഹമ്മദ് ഇസ്മായിൽ. രണ്ടാം റാങ്ക് ഡോ.പി.പി അബ്ദുൽ ഹാലിമിനും.

ഒബിസിയിൽ മുസ്‌ലിം വിഭാഗത്തിനായി സംവരണം ചെയ്ത അസോഷ്യേറ്റ് പ്രഫസർ തസ്തികയിലേക്കാണ് സർവകലാശാല അപേക്ഷ ക്ഷണിച്ചത്. സംവരണത്തിന് കേരള സർക്കാർ വ്യവസ്ഥകൾ ബാധകമായിരിക്കുമെന്നു വിജ്ഞാപനത്തിൽ പറഞ്ഞിരുന്നു. അധികാരപ്പെട്ടവരിൽനിന്നു കേരള സർക്കാർ വ്യവസ്ഥകൾ പ്രകാരം സംവരണവുമായി ബന്ധപ്പെട്ട് ആവശ്യമായ രേഖകൾ അപ്‌ലോ‍‍‍ഡ് ചെയ്യണമെന്നും നിർദേശിച്ചിരുന്നു. മുഹമ്മദ് ഇസ്‌മായിൽ കർണാടകയിലെ റവന്യു വകുപ്പ് നൽകിയ ഒബിസി നോൺ ക്രീമിലെയർ സർട്ടിഫിക്കറ്റാണ് ഹാജരാക്കിയത്.

ഹർജിക്കാരന്റെ വാദം

∙ കേരളത്തിൽ സ്ഥിരതാമസക്കാരനല്ലാത്ത, കർണാടക സ്വദേശിയുടെ അപേക്ഷ പരിഗണിക്കരുതായിരുന്നു. കേരള സംസ്ഥാന സബോർഡിനേറ്റ് സർവീസ് ചട്ടം (കെഎസ്ആൻഡ് എസ്‌എസ്ആർ) പ്രകാരം സ്ഥിരതാമസക്കാർ അല്ലാത്തവർക്ക് സംവരണം അനുവദിക്കുന്നില്ല.

∙ കണ്ണൂർ സർവകലാശാല ചട്ടങ്ങൾ പ്രകാരം കെഎസ്ആൻഡ് എസ്എസ്ആർ ചട്ടങ്ങൾ അനുസരിച്ചാണ് അധ്യാപക നിയമനം നടത്തേണ്ടത്.

∙ അപേക്ഷ നൽകാനുള്ള സമയപരിധി മുഹമ്മദ് ഇസ്മായിലിനു നീട്ടിനൽകി

∙ മൈസൂർ സർവകലാശാലപോലും സ്ഥിരതാമസക്കാരല്ലാത്തവർക്ക് സംവരണത്തിന് അനുമതി നൽകുന്നില്ല.

∙ സർവകലാശാലയുടെ വാദം

∙ യുജിസി റെഗുലേഷൻ 2018 പ്രകാരം സർവകലാശാലകളിലെയും കോളജുകളിലെയും നേരിട്ടുള്ള അസോഷ്യേറ്റ് പ്രഫസർ റിക്രൂട്മെന്റ് ദേശീയ അടിസ്ഥാനത്തിൽ നടത്തിയ പരീക്ഷവഴിയുള്ള മെറിറ്റ് അടിസ്ഥാനത്തിലായിരിക്കണം.

∙ കർണാടകയിൽ മുസ്‌ലിം വിഭാഗത്തിലുള്ളയാളാണ് അപേക്ഷകൻ. മുസ്‌ലിം വിഭാഗം കേരളത്തിലും കർണാടകത്തിലും പിന്നാക്ക വിഭാഗമെന്നും വിജ്ഞാപനം ചെയ്യപ്പെട്ടതാണ്.

വിജ്ഞാപന പ്രകാരമുള്ള യോഗ്യതകൾ പൂർണമായും തനിക്കുണ്ടെന്ന് അപ്പീലിൽ അഞ്ചാം എതിർകക്ഷിയായ മുഹമ്മദ് ഇസ്മായിൽ അറിയിച്ചു. മുസ്‌ലിം വിഭാഗത്തിനായി സംവരണം ചെയ്ത സീറ്റിൽ ദേശീയ തലത്തിലുള്ള ടെസ്റ്റ് വഴിയാണു റിക്രൂട്മെന്റ് നടത്തിയത്. ഇരു സംസ്ഥാനത്തും പിന്നാക്ക വിഭാഗമെന്നു വിജ്ഞാപനം ചെയ്ത മുസ്‌ലിം വിഭാഗത്തിൽപ്പെട്ട തനിക്ക് അപേക്ഷ നൽകാൻ അർഹതയുണ്ട്. കൂടാതെ, നടപടികളിൽ പങ്കെടുത്ത ശേഷം തുടർന്ന് സിലക്‌ഷൻ നടപടികളെ ചോദ്യം ചെയ്യാനാവില്ലെന്നും മുഹമ്മദ് ഇസ്മായിൽ എതിർസത്യവാങ്മൂലം നൽകി.

∙ സിംഗിൾ ബെഞ്ച് വിധി

യുജിസി റെഗുലേഷൻ കണ്ണൂർ സർവകലാശാലയ്ക്കു ബാധകമാണെന്നതിന്റെ അർഥം അപേക്ഷ ദേശീയ അടിസ്ഥാനത്തിലാണെന്നും അപേക്ഷ നൽകാൻ ആർക്കും തടസ്സമില്ലെന്നും വിജ്ഞാപനത്തിൽ കേരളത്തിൽനിന്ന് അല്ലാത്തവരെ ഒഴിവാക്കിയിട്ടില്ലെന്നും സിംഗിൾ ബെഞ്ച് വിലയിരുത്തി. ഹർജിക്കാരൻ സില‌ക്‌ഷൻ നടപടികൾ പങ്കെടുത്തെന്നതും കോടതി ചൂണ്ടിക്കാട്ടി. തുടർന്നു ഹർജി തള്ളി.

∙ അപ്പീലിലെ വാദം

ഒരു സംസ്ഥാനത്ത് എസ്‌സിഎസ്ടി, ഒബിസി വിഭാഗത്തിൽപെട്ടതാണെന്നു സർട്ടിഫിക്കറ്റ് ലഭിച്ച വ്യക്തിക്ക് മറ്റൊരു സംസ്ഥാനത്ത് ഈ സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ ആനുകൂല്യങ്ങൾ അവകാശപ്പെടാനാവില്ല. സിംഗിൾ ബെഞ്ച് ഉത്തരവ് നിലനിൽക്കില്ല. ഇക്കാര്യത്തിൽ സുപ്രീം കോടതി, ഹൈക്കോടതി ഉത്തരവുകളും ഹർജിക്കാരൻ ചൂണ്ടിക്കാട്ടി.

യുജിസി റെഗുലേഷൻ എല്ലാ സർവകലാശാലകൾക്കും ബാധകമാണെന്ന് മുഹമ്മദ് ഇസ്മായിലിന്റെ അഭിഭാഷകൻ വാദിച്ചു. യോഗ്യതയല്ല ചോദ്യം ചെയ്തിരിക്കുന്നത്. ദേശീയ അടിസ്ഥാനത്തിലുള്ള സിലക്‌ഷൻ ആയതിനാൽ സമുദായ സർട്ടിഫിക്കറ്റും സംവരണത്തിനുള്ള അവകാശവും സർട്ടിഫൈ ചെയ്യേണ്ടത് കർണാടകയാണ്. കേരളമല്ല.

∙ ഡിവിഷൻ ബെഞ്ച് ഉത്തരവ്

കർണാടകയിൽനിന്ന് ലഭിച്ച സർട്ടിഫിക്കറ്റിന്റെ അടിസ്ഥാനത്തിൽ സംവരണ സീറ്റിൽ അവകാശം ഉന്നയിക്കാൻ അർഹതയില്ല. ഇക്കാര്യത്തിൽ സുപ്രീം കോടതി നിരീക്ഷണങ്ങളും കോടതി ചൂണ്ടിക്കാട്ടി. കുടിയേറിയവർക്ക് അവർ കുടിയേറിയ സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ഒബിസി സംവരണത്തിന് അർഹതയില്ലെന്ന സുപ്രീം കോടതി ഉത്തരവുകളുമുണ്ട്.  കർണാടകയിൽ ഒബിസി വിഭാഗത്തിലാണെന്നത് കണ്ണൂർ സർവകലാശാലയിലെ സംവരണ സീറ്റിന് അവകാശമുന്നയിക്കാൻ അർഹനാക്കുന്നില്ലെന്നു കോടതി പറഞ്ഞു. യുജിസി റെഗുലേഷൻ പ്രകാരം ദേശീയ അടിസ്ഥാനത്തിൽ ഉദ്യോഗാർഥികളെ തേടിയുള്ള വിജ്ഞാപനം ഭരണഘടനയുടെ നിർദേശപ്രകാരം സംസ്ഥാനത്തു സംവരണം നടപ്പാക്കിയുള്ള സീറ്റുകളെ ഏതെങ്കിലും തരത്തിൽ ബാധിക്കുമെന്ന് അർഥമില്ല. പട്ടികജാതി, പട്ടികവർഗം ഉൾപ്പെടെ പിന്നാക്ക വിഭാഗങ്ങൾക്കു പൊതുസേവന മേഖലയിലെ നിയമനങ്ങളിൽ സംവരണം നൽകാൻ സംസ്ഥാനങ്ങൾക്ക് ഭരണഘടന അധികാരം നൽകുന്നുണ്ട്. സർക്കാർ സർവീസിൽ ഈ വിഭാഗങ്ങൾക്കുള്ള പ്രാതിനിധ്യമുൾപ്പെടെ ഘടകങ്ങൾ കണക്കാക്കിയാണു സംവരണം നൽകുന്നത്. അതിനാൽ ഈ ഡേറ്റയിൽ ഓരോ സംസ്ഥാനത്തും വ്യത്യാസമുണ്ടാകും. അതിനാൽ ഒരു സംസ്ഥാനത്തിന് ഒരു പ്രത്യേക വിഭാഗത്തിന് സംവരണത്തിന് അർഹതയുണ്ടെന്ന സർട്ടിഫിക്കറ്റ് മറ്റു സംസ്ഥാനങ്ങളിൽ സ്വയമേവ ബാധകമാകില്ല. സംവരണം നൽകാനുള്ള സംസ്ഥാനത്തിന്റെ അവകാശത്തെ ഉദ്യോഗാർഥികളുടെ സിലക്‌ഷനു യോഗ്യത നിശ്ചയിക്കുന്ന, സർവകലാശാലകൾക്കു ബാധകമായ യുജിസി ചട്ടം ബാധിക്കില്ല. പങ്കെടുത്തതിനാൽ സില‌ക്‌ഷൻ നടപടികൾ ചോദ്യം ചെയ്യാനാവില്ലെന്ന വാദവും നിലനിൽക്കില്ല. സംവരണ സീറ്റിൽ മുഹമ്മദ് ഇസ്മായിലിനെ പരിഗണിച്ചതു അനുവദിക്കാനാവാത്തതും നിയമവിരുദ്ധവുമാണ്. തുടർന്ന് അസോഷ്യേറ്റ് പ്രഫസർ തസ്തികയിൽ കർണാടക സ്വദേശി ബി.മുഹമ്മദ് ഇസ്മായിലിനെ സിലക്ടുചെയ്തതു റദ്ദാക്കിയ ഡിവിഷൻ ബെഞ്ച് പി.പി.അബ്ദുൽ ഹാലിമിനെ ഒരുമാസത്തിനുള്ളിൽ നിയമിക്കാനും ഉത്തരവിട്ടു.

English Summary: Kerala High Court division bench order on reservation based on caste certificate from other states

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com