ഇടതു മുന്നണി വിപുലീകരിക്കും; ഏൽപ്പിച്ചത് വലിയ ദൗത്യം: ഇ.പി.ജയരാജൻ

EP-Jayarajan-single-1
ഇ.പി. ജയരാജൻ (ഫയൽ ചിത്രം)
SHARE

തിരുവനന്തപുരം∙ ഇടതു മുന്നണി വിപുലീകരിക്കുമെന്ന പ്രഖ്യാപനവുമായി എൽഡിഎഫ് കൺവീനർ ഇ.പി.ജയരാജൻ. തന്നെ ഏൽപ്പിച്ചിരിക്കുന്നത് വലിയ ദൗത്യമാണ്. കഴിവിന്റെ പരമാവധി ഉപയോഗിച്ച് നല്ല രീതിയിൽ മുന്നോട്ടുപോകും. സിൽവർലൈനിന്റെ കാര്യത്തിൽ സിപിഐ ഉൾപ്പെടെയുള്ള ഘടകകക്ഷികൾക്ക് എതിർപ്പില്ല. അങ്ങനെ വരുത്താൻ മാധ്യമങ്ങൾ ശ്രമിക്കുകയാണ്. ഘടകകക്ഷികളുടെ വകുപ്പുകളിലും സമരം ചെയ്യാൻ സംഘടനകൾക്ക് അവകാശമുണ്ടെന്നും ജയരാജൻ തിരുവനന്തപുരത്ത് പറഞ്ഞു.

ഇടതുമുന്നണി നേതൃത്വത്തില്‍ ഇ.പി.ജയരാജനെ കാത്തിരിക്കുന്നത് മുന്നണിയെ ഐക്യത്തോടെ നയിക്കാനുള്ള നിർണായക ദൗത്യമാണ്. മുഖ്യമന്ത്രിക്കും പാര്‍ട്ടി സെക്രട്ടറിക്കും പിന്നാലെ സിപിഎമ്മിലെ കണ്ണൂര്‍ ബ്രിഗേഡില്‍ നിന്നൊരാള്‍ ഇടതുമുന്നണിയുടെ തലപ്പത്തെത്തുന്നു എന്നതും ഇ.പി. ജയരാജന്‍റെ സ്ഥാനലബ്ധിയുടെ പ്രത്യേകതയാണ്. പാര്‍ട്ടിക്കുവേണ്ടി ഇടംവലം നോക്കാതെ പറയാനുള്ളത് വെട്ടിത്തുറന്ന് പറയുന്നതാണ് ജയരാജന്റെ ശൈലി. അക്കാര്യത്തില്‍ മാധ്യമങ്ങളോടും ഭേദമില്ല.

എസ്എഫ്ഐ വഴി തുടങ്ങിയ രാഷ്ട്രീയ ജീവിതമാണ് ഇപിയുടേത്. ഡിവൈഎഫ്ഐയുടെ പ്രഥമ അഖിലേന്ത്യാ പ്രസിഡന്‍റുമായി. എം.വി.രാഘവനായിരുന്നു രാഷ്ട്രീയഗുരു. പിന്നീട് എംവിആറിനെതിരെ വി.എസ്.അച്യുതാനന്ദൻ പിണറായി വിജയനെ നിയോഗിച്ചപ്പോള്‍ മുതല്‍ അദ്ദേഹത്തിന്‍റെ വലംകയ്യായി. മലപ്പുറത്ത് വിഎസ് പക്ഷത്തെ വെട്ടിനിരത്തിയപ്പോള്‍ കളംനിറഞ്ഞ് കളിച്ചവരില്‍ പ്രധാനിയായി. തൃശൂര്‍ ജില്ല പിണറായിക്കായി പിടിച്ചെടുത്തു. കണ്ണൂര്‍ ജില്ലയില്‍ ദീര്‍ഘകാലം പാര്‍ട്ടിയെ നയിച്ചു.

ഒന്നാം പിണറായി സര്‍ക്കാരില്‍ രണ്ടാമനായി ശോഭിക്കുമ്പോള്‍ ബന്ധുനിയമന വിവാദത്തില്‍ തട്ടി വീണു. വിജിലന്‍സ് ക്ലീന്‍ചിറ്റ് നല്‍കിയപ്പോള്‍ വ്യവസായ മന്ത്രിസ്ഥാനത്ത് പൂര്‍വാധികം കരുത്തനായി മടങ്ങിയെത്തി. 2011ലും 2016ലും മട്ടന്നൂരില്‍നിന്ന് വിജയിച്ച ഇപിക്ക് പാര്‍ട്ടി നിശ്ചയിച്ച രണ്ടു ടേം നിബന്ധനയില്‍ തട്ടി ഇത്തവണ മത്സരിക്കാനായില്ല. പിണക്കം പരസ്യമാക്കിയ ജയരാജനെ മുഖ്യമന്ത്രിയും കോടിയേരിയും അനുനയിപ്പിച്ച് വീണ്ടും തലസ്ഥാനത്തെത്തിച്ചു. എ.വിജയരാഘവന്‍ പിബിയില്‍ എത്തിയപ്പോഴേ ഇടതുമുന്നണി കണ്‍വീനര്‍ സ്ഥാനം ഇപിക്കെന്ന് തെളിഞ്ഞുവന്നതാണ്.

തുടര്‍ഭരണത്തിന്‍റെ തിളക്കത്തിലും ഇടതുമുന്നണി കണ്‍വീനര്‍ക്ക് തിരക്കിന് കുറവുണ്ടാവില്ല. ചെറുഘടകകക്ഷികള്‍ പാര്‍ട്ടിയിലെ തര്‍ക്കങ്ങള്‍ തീര്‍ക്കാന്‍ പോലും പരാതിയുമായെത്തും. സില്‍വര്‍ലൈനില്‍ അടക്കം സര്‍ക്കാരിനെതിരെ വിരല്‍ ചൂണ്ടപ്പെടുമ്പോള്‍ മുന്നണിയായി നിന്ന് ചെറുക്കാന്‍ നേതൃത്വം നല്‍കണം. ഇപിയുടെ രാഷ്ട്രീയജീവിതത്തില്‍ പുതിയൊരിന്നിങ്സ് തുടങ്ങുകയാണ്.

English Summary: Political Journey of E.P. Jayarajan

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കുwww.quickerala.com

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN LATEST NEWS
Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS