ADVERTISEMENT

മോസ്കോ∙ യുക്രെയ്നെതിരായ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ ഉപരോധങ്ങളും മറ്റ് സാങ്കേതിക തടസ്സങ്ങളും നിമിത്തം യൂറോപ്പ്, ചൈന എന്നിവിടങ്ങളിൽനിന്നുള്ള ഇറക്കുമതി തടസ്സപ്പെട്ടതോടെ, മെഡിക്കൽ ഉപകരണങ്ങൾക്കായി ഇന്ത്യയുടെ സഹായം തേടി റഷ്യ. ഇതുമായി ബന്ധപ്പെട്ട് മെഡിക്കൽ ഉപകരണങ്ങൾ നിർമിക്കുന്ന ഇന്ത്യൻ കമ്പനികളുമായി റഷ്യൻ അധികൃതർ ചർച്ച നടത്തുമെന്ന് രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

ഏപ്രിൽ 22ന് ഇന്ത്യൻ കമ്പനികളുടെ പ്രതിനിധികൾ റഷ്യൻ അധികൃതരുമായി ഇക്കാര്യം സംസാരിക്കുമെന്ന് അസോസിയേഷൻ ഓഫ് ഇന്ത്യൻ മെഡിക്കൽ ഡിവൈസ് ഇൻഡസ്ട്രിയുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന രാജീവ് നാഥ് അറിയിച്ചു. ഇക്കാര്യം റഷ്യൻ ബിസിനസ് ഗ്രൂപ്പായ ‘ബിസിനസ് റഷ്യ’യും സ്ഥിരീകരിച്ചിട്ടുണ്ട്.

രാജ്യാന്തര തലത്തിൽ ഉപരോധം കടുത്തതോടെ ഇന്ത്യ ഉൾപ്പെടെയുള്ള രാജ്യങ്ങളെ കൂടുതലായി ആശ്രയിക്കാനാണ് റഷ്യയുടെ നീക്കം. ഈ സാഹചര്യത്തിൽ റഷ്യയിലേക്കുള്ള മെഡിക്കൽ ഉപകരണങ്ങൾ ഉള്‍പ്പെടെയുള്ളവയുടെ കയറ്റുമതി വർധിപ്പിക്കാമെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. യുക്രെയ്നെതിരെ ആക്രമണം നടത്തുന്ന റഷ്യയെ ഒറ്റപ്പെടുത്താനുള്ള ആഹ്വാനം തള്ളി അവിടെനിന്നു കൂടുതലായി ഇന്ധനം വാങ്ങാനുള്ള ഇന്ത്യയുടെ നീക്കത്തെ യുഎസ് ഉൾപ്പെടെയുള്ള രാജ്യങ്ങൾ കടുത്ത ഭാഷയിൽ വിമർശിച്ചിരുന്നു.

നിലവിൽ റഷ്യൻ വിപണിയിൽ ഇന്ത്യ കാര്യമായ സ്വാധീനം ചെലുത്തുന്നില്ലെങ്കിലും, പുതിയ സാഹചര്യത്തിൽ കയറ്റുമതിയിൽ 10 ഇരട്ടിവരെ വർധനവാണ് ലക്ഷ്യമിടുന്നതെന്ന് രാജീവ് നാഥ് വെളിപ്പെടുത്തി.

English Summary: Russia seeks medical equipment from India as war disrupts trade

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com