ADVERTISEMENT

ന്യൂഡൽഹി ∙ കണ്ണൂരിലെ സിപിഎം പാർട്ടി കോൺഗ്രസ് കഴിഞ്ഞെത്തിയ ജനറൽ സെക്രട്ടറി സീതാറാം യച്ചൂരിക്ക് ഡൽഹിയിൽ വലിയ സ്വീകരണം ലഭിച്ചത് സിപിഐ ആസ്ഥാനമായ അജോയ് ഭവനിലാണ്. മൂന്നാം വട്ടമാണ് യച്ചൂരി ജനറൽ സെക്രട്ടറിയാകുന്നതെങ്കിലും അദ്ദേഹത്തിന് സ്വീകരണം നൽകണമെന്നത് സിപിഐ ജനറൽ സെക്രട്ടറി ഡി.രാജയുടെ തീരുമാനമായിരുന്നു. രണ്ടു കൈയും വിടർത്തി രാജ, യച്ചൂരിയെ സ്വീകരിച്ചു. അതിഥിക്കായി മധുര പലഹാരങ്ങൾ ഒരുക്കിയിരുന്നു. അജോയ് ഭവനിൽ അപ്പോഴുണ്ടായിരുന്നവരെല്ലാം സിപിഎം ജനറൽ സെക്രട്ടറിയെ അഭിനന്ദിച്ചു.

അതിനുശേഷം, രാജ ഉൾപ്പെടെ അപ്പോഴുണ്ടായിരുന്ന സിപിഐ നേതാക്കളുമായി യച്ചൂരി ചർച്ച നടത്തി. ഒരുമിച്ചു നിൽക്കേണ്ടത് എന്തുകൊണ്ടെന്നു വിശദീകരിച്ചു. അങ്ങനെയൊരു വിശദീകരണത്തിന്റെ ആവശ്യമില്ലായിരുന്നു. കാരണം, ഒരുമിച്ചു നിൽക്കേണ്ടതിനെക്കുറിച്ചുള്ള ബോധ്യംകൊണ്ടു തന്നെയായിരുന്നു യച്ചൂരിക്ക് അജോയ് ഭവനിലേക്കുള്ള ക്ഷണം.

സിപിഐ ആസ്ഥാനത്തു നിന്നിറങ്ങിയ സിപിഎം ജനറൽ സെക്രട്ടറിയോട് സ്വീകരണത്തെക്കുറിച്ചു ചോദിച്ചപ്പോൾ, രാജയുടെ സ്നേഹത്തെയും നല്ല മനസിനെയും കുറിച്ചാണ് ആദ്യം പറഞ്ഞത്. ഒക്ടോബറിൽ സിപിഐയുടെ പാർട്ടി കോൺഗ്രസ് കഴിയുമ്പോൾ എകെജി ഭവനിൽ രാജയ്ക്കും താനൊരു സ്വീകരണമൊരുക്കുമെന്നും യച്ചൂരി പറഞ്ഞു.

∙ ജനറൽ സെക്രട്ടറിമാരുടെ സൗഹൃദം

സിപിഎം – സിപിഐ ജനറൽ സെക്രട്ടറിമാർ തമ്മിലുള്ള സ്നേഹബന്ധം പുതിയ കാര്യമല്ല. ഏറെ പഴയതല്ലാത്ത ചരിത്രമെടുത്താൽ, ഹർകിഷൻ സിങ് സുർജിത്ത് – ഇന്ദ്രജിത് ഗുപ്ത, പ്രകാശ് കാരാട്ട് – എ.ബി. ബർദൻ, പ്രകാശ് കാരാട്ട് – എസ്. സുധാകർ റെഡ്ഡി എന്നിങ്ങനെ ജനറൽ സെക്രട്ടറിമാർ നല്ല ബന്ധം സൂക്ഷിച്ചു. സിപിഎം ആസ്ഥാനത്തേക്കുള്ള മിക്ക യാത്രകളിലും ബർദന്റെയും സുധാകർ റെഡ്ഡിയുടെയും ഒപ്പമുണ്ടായിട്ടുള്ള രാജയും നല്ല ബന്ധങ്ങളുടെ ഭാഗമായി.

PTI5_4_2012_000101A
എ.ബി. ബർദനും പ്രകാശ് കാരാട്ടും (ഫയൽ ചിത്രം)

രാജ ജനറൽ സെക്രട്ടറിയായതിൽപ്പിന്നെ, 2015ൽ പാർട്ടിയുടെ അമരത്തെത്തിയ യച്ചൂരിയുമായുള്ള സൗഹൃദം ശക്തിപ്പെട്ടു എന്നു പറയുന്നത് പൂർണമായും ശരിയല്ല. കാരണം, ഇരുവരും ദീർഘകാലം ഡൽഹിയിലെ വിത്തൽഭായ് പട്ടേൽ ഹൗസിൽ ജീവിച്ചവരാണ്. അന്നുതന്നെ ബന്ധം സുദൃഢമാണ്, പാർട്ടികൾക്ക് അതീതവുമാണ്.

എന്നാൽ, അജോയ് ഭവനിൽ സിപിഎം ജനറൽ സെക്രട്ടറിക്കു ലഭിച്ച സ്വീകരണം ഒരർഥത്തിൽ പുതിയൊരു തുടക്കമാണ്. കണ്ണൂർ പാർട്ടി കോൺഗ്രസിലെ തീരുമാനങ്ങളുടെ പശ്ചാത്തലത്തിൽ നോക്കുമ്പോഴാണ് അത് അർഥവത്താകുന്നത്. കാരണം, സിപിഐയ്ക്ക് കൂടുതൽ പരിഗണന നൽകി വേണം മുന്നോട്ടുപോകാൻ എന്നാണ് ധാരണ.

∙ ഐക്യവും പുനരൈക്യവും

ഇടത് ഐക്യമാണ് വേണ്ടതെന്നാണ് സിപിഎം വ്യക്തമാക്കിയിരിക്കുന്നത്. ഇടതു പ്രസ്ഥാനത്തിന്റെ പുനരൈക്യമെന്ന് രാജയും പറയുന്നു. പാർട്ടികൾ‍ തമ്മിലുള്ള ഐക്യമെന്നല്ല താൻ ഉദ്ദേശിക്കുന്നതെന്നും അദ്ദേഹം വിശദീകരിച്ചു. പാർട്ടികളുടെ വാക്കുകളിൽ വലിയ വ്യത്യാസമില്ല. എന്നാൽ, സമീപനത്തിൽ ചില വ്യത്യാസങ്ങളുണ്ട്. പാർട്ടികളുടെ ലയനം എന്നൊക്കെ സിപിഐ ഇടക്കാലത്തു പറഞ്ഞിരുന്നു. അങ്ങനെയൊന്ന് അജണ്ടയിലില്ലെന്നു സിപിഎം മറുപടി നൽകിയതുമാണ്. ലയനം പറയുന്നതിനുമുൻപ്, സി.രാജേശ്വര റാവു പറഞ്ഞ പുനരൈക്യത്തിലേക്കാണ് രാജ തിരിച്ചെത്തിയത്.

yechury-bardhan
സീതാറാം യച്ചൂരി എ.ബി. ബർദനൊപ്പം (ഫയൽ ചിത്രം)

ഇടതു പാർട്ടികൾ തമ്മിലുള്ള അഭിപ്രായ വ്യത്യാസങ്ങൾ വേഗത്തിൽ പറഞ്ഞു തീർക്കേണ്ടതുണ്ടെന്നാണ് കണ്ണൂരിൽവച്ച് യച്ചൂരി പറഞ്ഞത്. എന്തൊക്കെയാണ് വ്യത്യാസങ്ങളെന്ന് ആദ്യം വ്യക്തമാകട്ടെയെന്നായിരുന്നു ഇതിനുള്ള രാജയുടെ മറുപടി. വിശാലതലത്തിൽ ഇടതു ജനാധിപത്യ ശക്തികളെ ഒന്നിച്ചുകൂട്ടണമെന്നും അതിനായി പൊതുപരിപാടി വേണമെന്നുമാണ് രാഷ്ട്രീയ സംഘടനാ റിപ്പോർട്ടിൽ സിപിഎം വ്യക്തമാക്കിയത്. എന്നാൽ, വിശാലമാക്കുന്നതിനു മുൻ‍പു വേണ്ടത് ഐക്യമാണെന്നും അതു തത്വങ്ങളുടെ അടിസ്ഥാനത്തിലായിരിക്കണമെന്നും രാജ പറയുന്നു. എന്തൊക്കെയാണ് ചർച്ച ചെയ്യേണ്ടതെന്ന് വ്യക്തമാക്കണമെന്നും രാജ ചൂണ്ടിക്കാട്ടുന്നു.

∙ സിപിഐയെ സിപിഎം എങ്ങനെ നിർവചിക്കും?

2019 ഒക്ടോബർ രണ്ടിന് സിപിഎമ്മിന്റെ പുതിയ പാർട്ടി സ്കൂൾ മന്ദിരത്തിന്റെ ഉദ്ഘാടച്ചടങ്ങിൽ രാജ നടത്തിയ ചില ശ്രദ്ധേയ പരാമർശങ്ങൾ ഇങ്ങനെയായിരുന്നു:

‘‘ആർഎസ്എസ് – ബിജെപി ഉയർത്തുന്ന വെല്ലുവിളിയെ നേരിടാൻ ഇടതു പാർട്ടികളുടെ ഐക്യത്തിനുള്ള തന്ത്രങ്ങൾ പരിഷ്കരിക്കണം. ന്യൂഡൽഹിയിൽ ഐടിഒയ്ക്ക് അടുത്ത് ഇന്ദ്രജിത് ഗുപ്ത മാർഗിലാണ് സിപിഎമ്മിന്റെ പുതിയ മന്ദിരം. സിപിഐയുടെ കേന്ദ്ര ഒാഫിസായ അജോയ് ഭവന് അടുത്താണിത്. സിഐടിയു, എഐടിയുസി കേന്ദ്ര ഒാഫിസുകളും സമീപത്തുണ്ട്. ചരിത്രം ഇരുപാർട്ടികളെയും അടുപ്പിക്കുന്നു എന്നാണ് ഇതു വ്യക്തമാക്കുന്നത്. സുർജിത്തും ഇന്ദ്രജിത് ഗുപ്തയും പാർട്ടികളുടെ നേതൃസ്ഥാനത്തുണ്ടായിരുന്നപ്പോൾ, പ്രവർത്തനം ഏകോപിപ്പിക്കാൻ സംയുക്ത സർക്കുലർ ഇറക്കിയിരുന്നു. എന്നാൽ, തുടർനടപടികളുണ്ടായില്ല. താൻ പാർട്ടിയിൽ ചേർന്നപ്പോൾ സിപിഎമ്മിനെക്കുറിച്ചു പഠിച്ചത് സെക്ടേറിയൻ പാർട്ടിയെന്നാണ്. സീതാറാം യച്ചൂരിയും പ്രകാശ് കാരാട്ടും സിപിഐയെക്കുറിച്ചു പഠിച്ചിട്ടുണ്ടാവുക, ബൂർഷ്വാകളുമായി സഹകരിക്കുന്ന റിവിഷനിസ്റ്റ് പാർ‍ട്ടിയെന്നാവും. എന്നാൽ, ഇപ്പോഴത്തെ സ്ഥിതിയിൽ പുതിയ പാർട്ടി സ്കൂളിൽ സിപിഎം എന്തായിരിക്കും സിപിഐയെക്കുറിച്ചു പഠിപ്പിക്കുക?’’

d-raja
ഡി. രാജ (ഫയൽ ചിത്രം)

എന്തൊക്കെയാണ് വ്യത്യാസങ്ങളെന്നു സിപിഎം പറയട്ടെയെന്ന് രാജ ഇപ്പോൾ പറയുമ്പോൾ, സിപിഐയെക്കുറിച്ച് എന്താണ് സിപിഎം പഠിപ്പിക്കുക എന്ന ചോദ്യവും അതിൽ ഉള്ളടങ്ങുന്നു. അങ്ങനെയങ്ങനെ നിലപാടുകൾ പറഞ്ഞുവരുമ്പോൾ, മാവോയിസ്റ്റുകളോടുളള സമീപനം എന്തായിരിക്കണമെന്ന ചോദ്യത്തിനും ഐക്യമെന്ന താൽപര്യത്തിലൂന്നി സിപിഎം ഉത്തരം പറയേണ്ടിവരാം.

∙ പ്രതീക്ഷവച്ച് സിപിഐ

കോൺഗ്രസുമായി തിരഞ്ഞെടുപ്പു ധാരണയാവാമെന്ന് 2018ലെ ഹൈദരബാദ് പാർട്ടി കോൺഗ്രസിൽ സിപിഎം തീരുമാനിച്ചപ്പോൾ അത് രണ്ടു പാർ‍ട്ടികളും തമ്മിലുള്ള പുനരൈക്യത്തിനു വഴിതെളിക്കുമെന്ന പ്രതീക്ഷയാണ് സിപിഐ നേതാക്കൾ പങ്കുവച്ചത്. എന്നാൽ, ഇടത് ഐക്യത്തിനുള്ള ശ്രമങ്ങൾ പോലും കഴിഞ്ഞ നാലു വർഷത്തിൽ നടന്നില്ലെന്നാണ് കണ്ണൂരിൽ പാസാക്കിയ സിപിഎം റിപ്പോർട്ടിൽ പറയുന്നത്. അതിനു മുൻകൈയെടുക്കാതിരുന്നത് പൊളിറ്റ് ബ്യൂറോയുടെ വീഴ്ചയാണെന്ന ഏറ്റുപറച്ചിലുമുണ്ട്.

ഏതാനും വർഷം മുൻപ് നേപ്പാളിൽ കമ്യൂണിസ്റ്റ് പാർട്ടികൾ ലയിക്കാൻ തീരുമാനിച്ചതിനെ സിപിഎം സ്വാഗതം ചെയ്തത് ഇന്ത്യയിലെ രണ്ടു കക്ഷികളുടെയും പുനരൈക്യത്തിന് അനുകൂലമാകുന്ന നിലപാടായി സിപിഐ നേതാക്കൾ വ്യാഖ്യാനിച്ചിരുന്നു. സിപിഐയുടെ 90–ാം വാർഷികത്തോട് അനുബന്ധിച്ച് എഴുതിയ ലേഖനത്തിൽ അന്നത്തെ ജനറൽ‍ സെക്രട്ടറി സുധാകർ റെഡ്ഡി പറ‍ഞ്ഞത് പിളർപ്പിന്റെ കാരണങ്ങൾ അപ്രസക്തമായെന്നും ഇനിയും പുനരൈക്യമുണ്ടായില്ലെങ്കിൽ രണ്ടു പാർട്ടികളോടും ചരിത്രം പൊറുക്കില്ലെന്നുമാണ്.

പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സിപിഎം പ്രതിനിധി സമ്മേളനം നടക്കുന്ന കണ്ണൂര്‍ ബര്‍ണശേരിയിലെ നായനാര്‍ അക്കാദമിക്കു മുന്നില്‍ എത്തിയ പ്രവര്‍ത്തകരുടെ തിരക്ക്. (ചിത്രം: ധനേഷ് അശോകന്‍ ∙ മനോരമ)
കണ്ണൂരിൽ നടന്ന സിപിഎം പാർട്ടി കോൺഗ്രസിൽനിന്ന്.

പക്ഷേ, ലയനം അടിയന്തര അജണ്ടയിലുള്ള വിഷയമല്ലെന്നും യോജിച്ചുള്ള പ്രവർത്തനമാണ് വേണ്ടതെന്നുമാണ് അന്ന് യച്ചൂരി പറഞ്ഞത്. അടവുയനങ്ങളിലുൾപ്പെടെ ഇരുപാർട്ടികളും തമ്മിൽ ഭിന്നത വലിയ തോതിൽ കുറയുകയും ഐക്യമേറുകയും ചെയ്തിട്ടുണ്ടെന്നും അന്ന് യച്ചൂരി പറഞ്ഞു.

ഇടത്, ജനാധിപത്യ കൂട്ടായ്മ വിശാലമാക്കാനുള്ള ശ്രമങ്ങളിൽ സിപിഐയെ വിശ്വാസത്തിലെടുത്തുള്ള നടപടികളാണ് ഇപ്പോൾ സിപിഎമ്മിന്റെ റിപ്പോർട്ടിൽ നിർദ്ദേശിച്ചിട്ടുള്ളത്. അതിന് ആറു മാസം സമയവും നിശ്ചയിച്ചിട്ടുണ്ട്. അതനുസരിച്ചാണെങ്കിൽ, ഒക്ടോബറിൽ യച്ചൂരി രാജയ്ക്കു നൽകാൻ ഉദ്ദേശിക്കുന്ന സ്വീകരണത്തിനു മുൻപ് സിപിഎമ്മിന്റെ ഭാഗത്തുനിന്ന് നടപടികളുണ്ടാകണം.

Content Highlights: CPI General Secretary D Raja, CPM General Secretary Sitaram Yechury, CPM, CPI, CPM Party Congress 2022 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com